ഗുരുവായൂരിലെ വിഷുദിന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക്; പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയിലേക്ക്
തൃശൂർ(Thrissur): ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധം. പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ വിശദീകരണം. ജസ്ന സലീം നടപ്പന്തലിൽ റീൽസ് ചിത്രീകരിച്ചതിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
തൊഴിലെടുക്കാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന് ഹൈക്കോടതി വിധിയെ മുൻനിർത്തി തടയിട്ട ദേവസ്വം അധികൃതരുടെ നടപടയിലാണ് ശക്തമായ പ്രതിഷേധം. ശബരിമലയിൽ അടക്കം വാർത്താ ശേഖരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കി നൽകുമ്പോഴാണ് ഗുരുവായൂരിൽ നീതീകരിക്കാനാകാത്ത നീക്കം ഉണ്ടായത്.
ഹൈക്കോടതി നിർദ്ദേശത്തിന് വ്യക്തത ആവശ്യപ്പെട്ടും വാർത്താ മാധ്യമങ്ങൾക്ക് ചിത്രീകരണത്തിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും.
Highlights: Media banned from filming Vishu day scenes in Guruvayur; Journalists’ union approaches High Court.