National

സിബിഐ-ഇഡി ഉദ്യോഗസ്ഥരടക്കം ആറംഗ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്; മെഹുൽ ചോക്സിയുടെ ജാമ്യാപേക്ഷയെ എതിർക്കും

ന്യൂഡൽഹി (New Delhi): മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള നടപടികൾക്ക് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കും. സിബിഐയിലെയും ഇഡിയിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. മുതിർന്ന അഭിഭാഷകരുമായി അന്വേഷണ ഏജൻസികൾ ചർച്ച നടത്തി. ഹരീഷ് സാൽവെ അടക്കമുള്ള അഭിഭാഷകരുടെ ഉപദേശം തേടിയെന്ന് സൂചന. ബെൽജിയവുമായി വിദേശകാര്യ മന്ത്രാലയം ചർച്ച തുടങ്ങി. ഇന്ത്യയിൽ മനുഷ്യാവകാശ ലംഘനമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടുമെന്ന് ചോക്സിയുടെ അഭിഭാഷകൻ പറയുന്നു. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ കോടതിയെ ബോധ്യപ്പെടുത്തും എന്നും ചോക്സിയുടെ അഭിഭാഷകൻ പ്രതികരിച്ചിട്ടുണ്ട്.

ബൽജിയത്തിൽ മെഹുൽ ചോക്സിയുടെ ജാമ്യപേക്ഷയെ എതിർക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായി അഭിഭാഷകരെ നിയോഗിക്കും. ചികിത്സയുടെ കാര്യം ചൂണ്ടിക്കാട്ടി മാത്രം ജാമ്യത്തിനു ശ്രമിക്കുന്നതിനെ ഇന്ത്യ എതിർക്കും. ഗുരുതര കുറ്റകൃത്യം ചെയ്ത ശേഷം അസുഖത്തിന്റെ പേരിൽ വിചാരണ തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാവില്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടും. അർബുദ രോഗത്തിന് ചികിത്സയിലെന്ന് ബൽജിയൻ കോടതിയെ അറിയിക്കുമെന്ന് ചോക്സിയുടെ അഭിഭാഷകർ വ്യക്തമാക്കിയിരുന്നു. ചോക്സിയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടില്ലെന്നും തുടക്കം മുതൽ വീഡിയോ കോൺഫറൻസിംഗിലൂടെ അന്വേഷണത്തോട് ചോക്സി സഹകരിക്കാം എന്ന് അറിയിച്ചിരുന്നതാണെന്നും അഭിഭാഷകർ പറയുന്നു. ഇന്ത്യയുടെ അഭ്യർത്ഥന അനുസരിച്ചാണ് ചോക്സിയെ അറസ്റ്റു ചെയ്തതെന്ന് ഇന്നലെ ബൽജിയം വ്യക്തമാക്കിയിരുന്നു.

Highlights: Six-member Indian team including CBI-ED officials to Belgium; Will oppose Mehul Choksi’s bail plea

error: