KeralaHighlights

തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; കാസർകോട്ടെ പലചരക്ക് കടയുടമ രമിത മരിച്ചു

കാസർകോട്(Kasaragod): കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചാണ് മരണം. റിമാൻ്റിൽ കഴിയുന്ന പ്രതി രാമാമൃതത്തിനെതിരെ ഇനി കൊലക്കുറ്റം ചുമത്തും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാമാമൃതം, തിന്നർ ഒഴിച്ച് രമിതയുടെ ശരീരത്തിൽ തീ കൊളുത്തിയത്. രമിതയുടെ കടയ്ക്ക് സമീപം പ്രവർത്തിക്കുന്ന ഫർണീച്ചർ കട നടത്തിപ്പുകാരനാണ് രാമാമൃതം. പതിവായി മദ്യപിച്ച് കടയിൽ വന്ന് രാമാമൃകം പ്രശ്നമുണ്ടാക്കുന്നത് രമിത കടയുടമയോട് പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് രാമാമൃതത്തോട് കടയുടമ കെട്ടിടം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലെ വിരോധമാണ് രമിതയെ ആക്രമിക്കാൻ കാരണം എന്നാണ് വിവരം. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രമിതയെ ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ സ്ഥിതി അതീവ ഗുരുതരമായതിനാൽ പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാമാമൃതത്തെ സംഭവം നടന്ന അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Highlights: Kasaragod grocery store owner Ramitha dies after being set on fire by pouring thinner

error: