KeralaHighlights

മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു; വഖഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ല

കൊച്ചി(Kochi): വഖഫ് നിയമം മുസ്ലിങ്ങള്‍ക്കെതിരല്ലെന്നും നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാരെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജിജു കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്ളിങ്ങൾക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തുകാർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കും.

മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് അഭ്യർഥനയുണ്ട്. അടിയന്തരമായി ജില്ലാ കളക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുന പരിശോധിക്കാൻ നിർദ്ദേശിക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റിന്‍റെയും വോട്ടുബാങ്കായി മുസ്ലിം സമുദായം മാറരുതെന്നും കിരണ്‍ റിജിജു പറഞ്ഞു.

കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ നിയമ വഴിയിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ട്രിബ്യൂണലിന്‍റെ അധികാരങ്ങളിലും ഘടനയിലും നിയമ ഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ ട്രിബ്യൂണൽ ഉത്തരവെതിരായാലും മുനമ്പത്തെ ജനങ്ങൾക്ക് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാനാവും. മുനമ്പത്തെ പ്രശ്നങ്ങള്‍ കോടതി വഴിയെ പരിഹരിക്കപ്പെടുകയുള്ളുവെന്ന് സാങ്കേതികമായി പറയാനാകുമെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജുജു പറഞ്ഞു.മുനമ്പത്തെ ജനങ്ങളുടെ ഭരണഘടന അവകാശം നിഷേധിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തിനാണ് യുഡിഎഫിന്‍റെ ഭാഗമായ മുസ്ളിം ലീഗ് ഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ പോകുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.

Highlights: Munambam incident will not be repeated anywhere else in the country, says Union Minister Kiren Rijiju; Waqf law is not against Muslims.

error: