വിമർശിക്കാം, അധിക്ഷേപിക്കുന്നത് പക്വതയില്ലായ്മയാണ്
മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെ കഴിഞ്ഞ ദിവസം സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു, സ്വഭാവികമായി മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്നും അദ്ദേഹം ഒഴിയും. ആ സാഹചര്യത്തിൽ ചുമതലകളിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങുന്ന വ്യക്തിയെ സഹപ്രവർത്തകയെന്ന നിലയിൽ അഭിനന്ദിച്ചും പ്രവർത്തനകാലത്തെ അടയാളപ്പെടുത്തിയും വിഴിഞ്ഞം തുറമുഖ എം.ഡി. ദിവ്യ എസ്. അയ്യർ ഐ.എ.എസ് ഇൻ്റസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതാണ് സംസ്ഥാനത്ത് വിഷു കഴിഞ്ഞിട്ടും പലരും പൊട്ടിക്കാൻ ശ്രമിക്കുന്ന വലിയ പടക്കം. ഇതിൽ എന്ത് വിവാദമാണ് ഉള്ളത്! ദിവ്യയുടെ ഭാഗത്ത് നിന്ന് വന്ന് വാക്കുകളിൽ കക്ഷി രാഷ്ട്രീയപരമായ ഒരു പരാമർശവുമില്ലെന്നിരിക്കെ സ്ത്രീ എന്ന പരിഗണന പോലും നൽകാതെ മനുഷ്യത്വരഹിതമായി അവരെ സൈബർ ബുള്ളിംഗ് നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. രാഷ്ട്രീയ വിമർശനത്തെ മനസിലാക്കാം. അവർ രാഷ്ട്രീയക്കാരന്റെ ഭാര്യയാണ്. അവർ സർക്കാർ സേവകയാണ്. അതിലുപരി അവർ വ്യക്തിയാണ്. വ്യക്തിപരമായ നിലപാടുകളും അഭിപ്രായങ്ങളും മുമ്പും പലതവണ തുറന്നു തന്നെ പറഞ്ഞിട്ടുണ്ട്. പൊതുചടങ്ങിൽ കുട്ടിയുമായെത്തിയത് അഭിനന്ദിക്കുകയും വിമർശനവുമുണ്ടായി. മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചും അഭിപ്രായപ്പെട്ടതും വിമർശനത്തിനിടയാക്കി. മന്ത്രി കെ.രാധാകൃഷ്ണൻ പാർലമെന്റിലേക്ക് മൽസരിക്കാനായി ചുമതലയൊഴിഞ്ഞപ്പോൾ സ്നേഹത്തോടെ അശ്ളേഷിച്ചത് ഇതുവരെ കാണാതിരുന്ന കാഴ്ചയും അനുഭവവുമായപ്പോൾ അതും വിവാദമായി. ഒടുവിലത്തേതാണ് കെ.കെ.രാഗേഷിനെ പ്രശംസിച്ച സംഭവം. അവർ പ്രകടിപ്പിച്ചതിലെ രാഷ്ട്രീയ വിമർശനത്തെയാണെങ്കിൽ ആ നിലയിൽ കാണാം. അതിന് അധിക്ഷേപിക്കുന്നത് പക്വതയില്ലായ്മയാണ്. എ.കെ.ജി സെന്ററിൽ നിന്നല്ല ശമ്പളം കൊടുക്കുന്നതെന്ന യൂത്ത് കോൺഗ്രസ് നേതാവിന്റെ വാക്കിനെയും ഒരളവ് വരെ രാഷ്ട്രീയമായി തന്നെ കാണാം. പക്ഷേ, കെ.മുരളീധരനെന്ന മുതിർന്ന നേതാവിൽ നിന്നുമുണ്ടായ പ്രതികരണം മോശമാണ്. രാഷ്ട്രീയ പക്വതയില്ലായ്മയാണ്. ഒരു സ്ത്രീയെ അധിക്ഷേപിക്കുന്നതാണ്. രാഷ്ട്രീയ വിമർശനത്തിന് കഴിയാത്തതിന് അധിക്ഷേപിക്കുന്നത് രാഷ്ട്രീയ മാന്യതക്ക് ചേർന്നതല്ല. കെ.മുരളീധരൻ മുമ്പും ഇത്തരം അധിക്ഷേപം നടത്തിയിട്ടുണ്ട്. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് നേരെയായിരുന്നു അത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ കാണിക്കുന്ന രാഷ്ട്രീയ അൽപ്പത്തരമാണത്. ദിവ്യ നടത്തിയ പ്രതികരണം പഴകിയതും ദ്രവിച്ചതുമായ കാലഹരണപ്പെട്ട ആശയങ്ങളുടെ മനോനിലയിൽ ജീവിക്കുന്നവർക്ക് മാത്രമാണ് ഇത് എന്തോ മഹാപാരാധമായി തോന്നുന്നത്. കക്ഷി രാഷ്ട്രീയത്തിനപ്പുറത്ത് വ്യക്തികൾ തമ്മിലുള്ള പരസ്പര ബന്ധവും സൗഹൃദവും സ്നേഹവും ചരിത്രത്തിൻ്റെ ഇടറോഡുകളിലൂടെ ഒന്ന് യാത്ര ചെയ്താൽ കാണാം. ജനാധിപത്യത്തിൻ്റെ ആദ്യ നാളുകളിൽ ആദ്യ ലോക്സഭയിലേക്ക് 16 അംഗങ്ങൾ മാത്രം തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനം അനുവദിക്കുകയും നേതാവ് എ.കെ. ഗോപാലൻ്റെ വാക്കുകൾക്ക് സദാ ശ്രദ്ധ നൽകുകയും നിർദ്ദേശങ്ങളേയും അഭിപ്രായങ്ങളേയും ഗൗരവത്തോടെ കാണുകയും പരിഗണിക്കുകയും ചെയ്ത നെഹ്റു. കൊടുമ്പിരി കൊണ്ട രാഷ്ട്രീയ കാലാവസ്ഥയിലും ഹൃദയം തുറന്നുള്ള സ്നേഹത്തിൻ്റെ ചരട് കൈയിൽ ചേർത്ത് പിടിച്ച നടന്ന ലീഡർ കെ. കരുണാകരനും ഇ.കെ. നായനാരും ഏറ്റവും മനോഹര കാഴ്ചകളായ ജീവൻ തുടിക്കുന്ന ഓർമ്മകളായി മുന്നിൽ ഇപ്പോഴും സദാ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഇവർ സ്നേഹിച്ചതും സൗഹൃദം പങ്കുവെച്ചതും പാദസേവയായിരുന്നില്ല. അതെ പാരമ്പര്യത്തിൻ്റെ ജനിതകം പേറുന്നവർ അൽപ്പമെങ്കിലും വിത്ത് ഗുണം കാണിക്കണം. അല്ലെങ്കിൽ വേരറ്റ് പോകും. കാലം കടപുഴക്കിയെറിയും. കേരളത്തിനിത് പുതിയ സംഭവമല്ല, സമൂഹമാധ്യമങ്ങളുടെ അപരവൽക്കരണത്തിൽ ഇടിഞ്ഞില്ലാതായ ജീവിക്കുന്ന നിരവധി രക്തസാക്ഷികളുണ്ട് നമുക്ക് ചുറ്റും. വ്യക്തിപരമായ ജീവിത നിമിഷങ്ങളിൽ പോലും ഒറ്റപ്പെട്ടവർ, ക്രൂശിക്കപ്പെട്ടവർ, സ്വന്തമായ നിലപാടിൻ്റെയും അഭിപ്രായത്തിൻ്റെയും പേരിൽ കല്ലേറു കൊള്ളേണ്ടി വന്നവർ. അതിലെ ചില സംഭവങ്ങൾ മാത്രമാണിത്. മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്തതിൻ്റെ പേരിൽ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പദവി റിയാസിന് കിട്ടിയതിൽ സംഘടനപരമായ എല്ലാ പ്രവർത്തനകളെയും മാറ്റിനിർത്തി ഇപ്പോഴും അധിക്ഷേപിക്കുന്നവർ. റിയാസും വീണയും തമ്മിലുള്ള വിവാഹ ചിത്രം പങ്കുവെച്ച് സാമുഹ്യമാധ്യമത്തിൽ ഇരുവർക്കും ആശംസകൾ നേർന്നതിന് സൈബർ അറ്റാക്ക് നേരിടേണ്ടി വന്ന വി.ടി ബൽറാം. അഭിപ്രായങ്ങൾ പറയുന്നതിൻ്റെ പേരിൽ വേട്ടയാടപ്പെടുന്ന നോവലിസ്റ്റ് കെ.ആർ. മീര, നടി പാർവ്വതി തിരുവോത്ത്, എഴുത്തുകാരി ദീപാ നിശാന്ത്. വിവാഹം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വ്യക്തി അധിക്ഷേപം നേരിടേണ്ടി വന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എം.എൽ.എയയും രാഷ്ട്രീയ പോർവിളികളുടെ ഭാഗമായി ആക്ഷേപങ്ങൾ ഏൽക്കേണ്ടി വന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ്റെ മകൾ, സോളാർ കേസ് കാലത്ത് അന്ന് സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, ഒന്നാം പിണറായി സർക്കാരിന്റെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല, രണ്ടാം സർക്കാരിൽ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ പിണറായി വിജയൻ ആശംസ നൽകിയതിൽ ടാർഗറ്റ് ചെയ്യപ്പെട്ട വി.ഡി സതീശൻ. സംസ്ഥാന സർക്കാരിന്റെ വ്യവസായങ്ങളോടുള്ള സമീപനത്തെ പ്രകീർത്തിച്ചതിന് ആക്രമണ ശരങ്ങളേറ്റുവാങ്ങിയ ശശി തരൂർ. തുടങ്ങി രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക- സിനിമ രംഗത്ത് നിന്നും സാധാരണക്കാരായ നിരവധി മനുഷ്യരും ഈ നരവേട്ടയുടെ ഇരകളാണ്. ഇതോടൊപ്പം ചേർത്ത് പ്രത്യേകം വായിക്കേണ്ട സംഭവമാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലം പാലക്കാട്ടെ ഒരു ബി.ജെ.പി നേതാവിൻ്റെ മകളുടെ കല്യാണത്തിന് കണ്ടുമുട്ടിയ എതിർ സ്ഥാനാർത്ഥി ഡോ. പി. സരിന് ഷേയ്ക്ക് ഹാൻ്റ് നൽകാൻ പോലും തയ്യാറാക്കാതിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എം.പിയും അവിടെ നിന്ന് ഓടിപ്പോയത്. അന്നത്തെ പത്രങ്ങളിൽ മറ്റൊരു ചിത്രവും അടിച്ചു വന്നിരുന്ന കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും ഒരു ചടങ്ങിൽ പരസ്പരം കൈകൾ ചേർത്ത് സൗഹൃദം പുതുക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാന വിരോധിയായി സുധാകരൻ പ്രഖ്യാപിച്ചിട്ടുള്ളത് പിണറായിയെയാണ്. പക്ഷേ, ഒരാൾ മുന്നിൽ വന്ന് കൈ നീട്ടുമ്പോൾ തിരിച്ച് അഭിവാദ്യം ചെയ്യാനുള്ള മാന്യതയും സംസ്കാരവും ജന്മസിദ്ധമാണ്. അല്ലാതെ ഓടിയൊളിക്കുകയല്ലാ വേണ്ടത്. ഞങ്ങളാണ് പുതിയ കാല രാഷ്ട്രീയത്തിൻ്റെ ഐക്കൺസ് കൂലിപ്പട്ടാളത്തിൻ്റെ ഉണ്ടയില്ല വെടിയിൽ അഭിരമിക്കുന്നവർക്ക് അത് അവകാശപ്പെടാനിവില്ലെന്നറിയാം. അതുകൊണ്ട് യാതൊരു അത്ഭുതവുമില്ല. ദിവ്യ എസ് അയ്യർ കോൺഗ്രസ് നേതാവിൻ്റെ ഭാര്യയും മരുമക്കളുമായതു കൊണ്ട് അവർക്ക് വ്യക്തിത്വം ഇല്ലാതാക്കുന്നില്ലല്ലോ. ദിവ്യ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്; ഞാൻ വെറുതെ ഒരു ഭാര്യ മാത്രമല്ല… സ്വന്തം നിലപാടുകളും ഉണ്ട് എന്ന്…. ഈ ലോകത്ത് എല്ലാവർക്കും അവരവരുടേതായ സ്പേസ് ഉണ്ട്. അത് അവർക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇത്തരം യഥാർത്ഥങ്ങളെ അംഗീകരിക്കലിനെയാണ് തുല്യതയെന്നും തുല്യ നീതിയെന്നും കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളാണ് ജനാധിപത്യത്തിൻ്റെ കാതൽ. അവിടെ വ്യക്തിപരമായ വൈര്യങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല.ഉദ്യോഗസ്ഥരെ ചേർത്ത് പിടിക്കുന്ന ഭരണാധികാരികൾക്കൊപ്പം അവരും ഉറച്ചു നിൽക്കും. പിണറായി വിജയൻ മാത്രമല്ല ചരിത്രത്തിൽ ഇത്തരം ആശ്രിതാ വാൽസല്യങ്ങൾക്ക് അടിമപ്പെട്ട മറ്റൊരു മുഖ്യമന്ത്രിയും ഉണ്ട്. കെ. കരുണാകരൻ. ഭരണം മാറുമ്പോൾ അവരും ശൈലി മാറ്റും. ചാര കേസ് നടക്കുമ്പോൾ ഗുരുവായൂരിൽ ദർശനത്തിനെത്തിയ അന്നത്തെ ഐ.ജി രമൺ ശ്രീവാസ്തവയെയും മകനെയും ഡി.വൈ.എഫ്.ഐക്കാർ കല്ലെറിഞ്ഞിരുന്നു, മകനെ ചേർത്ത് പിടിച്ച് ഗുരുവായൂർ അമ്പലത്തിനു മുന്നിൽ നിൽക്കുന്ന ശ്രീവാസ്തവയുടെ ഫോട്ടോ പിറ്റേന്നത്തെ പത്രങ്ങളിൽ ആദ്യ പേജിൽ തന്നെ പ്രസിദ്ധീകരിച്ചു. പിന്നിട് കാലാന്തരത്തിൽ പിണറായി ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ ആ വ്യക്തിയെയാണ് പൊലീസ് ഉപദേഷ്ടാവായി നിയമിച്ചത്. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും നാലല്ല എന്ന് പറഞ്ഞത് ലീഡർ കെ. കരുണാകരനാണ്. രാഷ്ട്രീയത്തിൽ എതിരാളികളെയുള്ളൂ ശത്രുക്കളില്ല. എതിരാളി നാളെ സുഹൃത്തായും മാറും. ദിവ്യ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കട്ടെ…മാറിയാ കാലത്ത് ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുത്. സർവീസ് ചട്ടക്കൂട്ടിൽ നിന്ന് കൊണ്ടുള്ള തുറന്ന് പറച്ചിലുകൾ സമുഹത്തെ ശുദ്ധീകരിക്കട്ടെ.. കൊടിയുടെ നിറത്തെക്കാളും പിൻ തുടരുന്ന ആശയത്തെക്കാളും എത്രയും മഹത്തരമാണ് മഹിതമാണ് മനുഷ്യ ബന്ധങ്ങൾ. നിരന്തരം എതിർപ്പുകളോ യോജിപ്പുകളോ ഒന്നും ഒരിക്കലുമില്ല… ഇതിനുള്ള മറുപടി ദിവ്യ തന്നെ തന്റെ വാക്കുകളിലൂടെ പറഞ്ഞിട്ടുണ്ട്. എന്ത് വിചിത്രമായ ലോകമെന്ന്?. അത് തന്നെയാണ് ഓർമപ്പെടുത്താനുള്ളത്. വിമർശിക്കാം, അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പക്വതയില്ലായ്മയാണ്.