Special Features

മഹാഭാരത കഥയിലെ ജാതി


കെ. ഭാനു


മഹാഭാരത കഥ മഹാ മനീഷികളായ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയും അതിൻറെ മഹത്വത്തെ പ്രതി ഊറ്റം കൊള്ളുകയും ചെയ്തിട്ടുണ്ട്. ഞാനതിനെ കാണുന്നത് ജാതിക്കെതിരായതും ജാതിവ്യവസ്ഥ സ്ഥാപിക്കുന്നതിനായും നടന്ന ബൃഹത്തായ പോരാട്ടമായാണ്. ഭഗവത് ഗീത ഉത്ഘോഷിക്കുന്നത് ജാതിധർമ്മത്തെയാണ്.

കുരുക്ഷേത്ര ഭൂമിയിലെ സ്വജനങ്ങളെകണ്ട് ദുഖാകുലനായ അർജ്ജുനൻ ഞാൻ സ്വന്തം ബന്ധുജനങ്ങളോടാണോ യുദ്ധം ചെയ്യേണ്ടത് എന്നാരായുകയും ക്ഷത്രിയനായ നിന്റെ ധർമ്മം യുദ്ധം ചെയ്യുക മാത്രമാണെന്ന് കൃഷ്ണൻ ഉത്തരം നല്കുന്നതും സുവിദിതമാണല്ലോ.

ജാതി സങ്കരം വന്ന് ജാതിധർമ്മങ്ങൾ ഇല്ലാതാകുന്നതിനെ പ്രതിയാണ് കൃഷ്ണൻ വ്യാകുലനാവുന്നത്. അല്ലയോ അർജ്ജുനാ ജാതിസങ്കരം എന്ന മഹാവിപത്തിനെതിരെ നിന്റെ ക്ഷത്രിയ ധർമ്മം പരിപാലിക്കാൻ ആയുധമെടുക്കൂ എന്നാണ് കൃഷ്ണൻ സ്ഥാപിക്കുന്നതും ആജ്ഞാപിക്കുന്നതും. ചാതുർ വർണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ എന്നാണ് ഗീതയിൽ കൃഷ്ണൻ ഇതിനെ സ്ഥാപിച്ചുകൊണ്ട് പറയുന്നത്.

ഗുണകർമ്മങ്ങളെ വിഭജിച്ചുകൊണ്ട് ചാതുർ വർണ്യം എന്നാൽ സൃഷ്ടിക്കപ്പെട്ടതാണെന്നും താൻ തന്നെയാണ് മനു എന്നും തുടർന്ന് വ്യക്തമാക്കുന്നു. എന്നാൽ പുറകോട്ട് പോയി മഹാഭാരത കഥയുടെ പ്രാരംഭപർവ്വം പരിശോധിച്ചാൽ ജാതി സങ്കരത്തിലൂടെയാണ് അർജ്ജുനൻ ഉൾപ്പെടുന്ന കുരുവംശം പരുവപ്പെടുന്നത് എന്നു കാണാം.

കുരുവംശത്തിന്റെ മുതുമുത്തശ്ശനായ ശന്തനു മഹാരാജാവ് മുക്കുവസ്ത്രീയായ സത്യവതിയെ വേൾക്കുന്നതിൽ നിന്നുമാണ് കഥയാരംഭിക്കുന്നതുതന്നെ. അതുകൂടാതെ മഹാഭാരതകഥയുടെ രചയിതാവും പാണ്ഡുവിന്റേയും ധൃതരാഷ്ട്രരുടേയും പിതാവുമായ വേദവ്യാസനും അതേ മുക്കുവ സ്ത്രീയുടെ മകനായിരുന്നു.

അങ്ങനെ ജാതിസങ്കരത്തിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു രാജവംശത്തിലെ കുമാരനാണ് ഗീതയിൽ ജാതി സങ്കരത്തിനെതിരെ ശരം തൊടുക്കാൻ നിയോഗിക്കപ്പെടുന്നത്. ജാതി ഏതെന്നുള്ള ചോദ്യവും ജാതി പരിപാലിക്കപ്പെടേണ്ടതുണ്ട് എന്ന ന്യായവും കഥയിൽ പലയിടത്തായി ഉയർന്നു വരുന്നുണ്ട്. കഥയെ പൂർണ്ണമായും നിയന്ത്രിക്കുകയും കഥാപാത്രങ്ങളുടെ വൈരങ്ങളെ ആളിക്കത്തിക്കുകയും ചെയ്യുന്ന ജാതി എന്ന വില്ലൻ ഏകലവ്യനിലും ഘടോത്ക്കചനിലും കർണ്ണനിലും ദ്രോണപുത്രനായ അശ്വത്ഥാമാവിലും ഒക്കെ പ്രവർത്തിക്കുന്നത് നമുക്ക് കാണാം.

വില്ലാളിവീരനായ കർണ്ണനോട് സ്വയംവര വേളയിൽ ഒരു സൂതപുത്രനെ ഞാൻ വിവാഹം കഴിക്കുകില്ലെന്ന് ദ്രൗപദി പ്രസ്താവിക്കുന്നതടക്കം ആയുധ പ്രദർശനവേളയിൽ അർജ്ജുനന് വെല്ലുവിളികളുയർത്തുമ്പോൾ കർണ്ണന്റെ ജാതി ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം അങ്ങനെ നിരവധിയാണ്. പലയുദ്ധങ്ങളിലും മുന്നിൽ നിന്നു യുദ്ധംചെയ്ത വീരനായ കൃഷ്ണൻ തന്നെ കുരുക്ഷേത്രത്തിലെത്തുമ്പോൾ തേരാളിയായി മാറുന്നതും ജാതിവ്യവസ്ഥക്ക് വശപ്പെടുന്നതിന്നു തെളിവായി വേണം കാണാൻ. ഇത്തരം വായനയിലൂടെ മഹാഭാരത കഥയിലൂടെ കടന്നു പോയതുകൊണ്ടാണ് മഹാനായ ചരിത്രകാരൻ ദാമോദർ ധർമ്മാനന്ദ കോസാമ്പി പറഞ്ഞത്: ഗോത്രകാല വ്യവസ്ഥയിൽ നിന്നും ജാതി വ്യവസ്ഥയിലേക്ക് സംക്രമിക്കുന്ന ഇന്ത്യൻ ചരിത്ര സവിശേഷതയെയാണ് മഹാഭാരത കഥ പ്രതിനിധാനം ചെയ്യുന്നത് എന്ന്.

തുടർന്ന് ഇന്ത്യൻ ഉപഭൂഖണ്ഡം ജാതി എന്ന ദുർഭൂതത്തിനു കീഴ്പ്പെടുകയും വളർച്ചയില്ലാത്ത വ്യവസ്ഥിതിയായി ഇരുണ്ടു പോവുകയും ചെയ്തു.

Highlights: special feature; The concept of caste in the Mahabharata

error: