Special Features

കർഷകരെ കൊലയ്ക്ക് കൊടുക്കരുത്


നുഷറ സി എച്ച്, ആലത്തൂർ


നമ്മുടെ സമൂഹത്തിൽ കർഷകർക്ക് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ സമൂഹത്തിന്റെ നട്ടെല്ലാണ് കർഷകർ നമ്മൾ കഴിക്കുന്ന എല്ലാ ഭക്ഷണവും നൽകുന്നത് അവരാണ് തൽഫലമായി രാജ്യത്തെ മുഴുവൻ ജനങ്ങളും കർഷകരെ ആശ്രയിക്കുന്നു.

അത് ഏറ്റവും ചെറുതായാലും വലുതായാലും അവർ കാരണം മാത്രമേ നമുക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയൂ. അതിനാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളുകൾ കർഷകരാണ് കർഷകർക്ക് ഇത്രയധികം പ്രാധാന്യം ഉണ്ടെങ്കിലും അവർക്ക് ശരിയായ ജീവിതമില്ല.

കർഷകർ നാടിന്റെ നട്ടെല്ലാണ് പറയുമെങ്കിൽ പോലും അവർ നേരിടുന്ന പ്രശ്നങ്ങൾ അനവധിയാണ്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ ‘രക്തപുഷ്പങ്ങൾ’ എന്ന കവിത സമാഹാരത്തിലെ ‘വാഴക്കുല ‘എന്ന കവിതയിൽ കുറിച്ചുവെച്ച ‘മലയ പുലയനാ – മാടത്തിൻ മുറ്റത്ത് മഴ വന്ന നാളൊരു- വാഴ നട്ടു’ എന്നു തുടങ്ങുന്ന ഈരടികൾ കേൾക്കാത്തവർ ആരുമുണ്ടാവില്ല കേരളത്തിലെ ജന്മികുടി വ്യവസ്ഥയ്ക്ക് എതിരെയുള്ള കവിയുടെ പ്രതിഷേധമാണ് ഈ കവിതയിൽ പ്രതിഫലിച്ചത്.

നട്ടുനനച്ചു വളർത്തിയ വാഴക്കുല നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന, കുടിയൊഴിക്കലിൽ താമസിക്കാനോ കൃഷി ചെയ്യാനോ വഴിയില്ലാതെ എല്ലാം നഷ്ടപ്പെടുന്ന അവസ്ഥ. ഇന്ന് കർഷകർ നേരിട്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നങ്ങളിലൊന്നായി കവിയുടെ വരികളിൽ വ്യക്തമാക്കുന്നുണ്ട്.

രാവിനെ പകലാക്കി എല്ലുമുറിയെ പണി ചെയ്തു കുടുംബത്തെയും നാടിനെയും പുലർത്തുമ്പോൾ അവർക്ക് വേണ്ടത്ര പരിഗണന സമൂഹത്തിൽ ലഭിക്കുന്നില്ല. ഇന്നത്തെ മലയോര കർഷകരുടെ അവസ്ഥ വളരെ ദുസഹമാണ്. നാടിന്റെ നട്ടെല്ലെന്ന് പറഞ്ഞു പാടി പുകഴ്ത്തുമ്പോഴും, കൃഷി ചെയ്തുണ്ടാക്കിയ ഉൽപ്പന്നങ്ങൾ  യഥാർത്ഥ കൂലി ചെലവ് പോലും നൽകാതെ അവരിൽ നിന്ന് പിടിച്ചു വാങ്ങുകയും പിന്നീട് അനധികൃത കുടിയേറ്റം കൈയേറ്റം എന്നൊക്കെ പറഞ്ഞ് അവൾ ആ മണ്ണിൽ നിന്നും ന്യായമായ നഷ്ടപരിഹാരം പോലും കൊടുക്കാതെ കുടിയൊഴിപ്പിക്കുകയും ആ മണ്ണ് പിടിച്ചെടുത്തു കോർപ്പറേറ്റ് കമ്പനികൾക്ക് ധാതുലവണങ്ങൾ ചെയ്യാനായി വിട്ടുകൊടുക്കുകയും ചെയ്യുന്നത് കേരളത്തിൽ നിന്നും ഉന്മൂലനം ചെയ്യപ്പെട്ട വ്യവസ്ഥയുടെ ഏറ്റവും പുതിയ പതിപ്പല്ലേ? സ്വാതന്ത്ര ഇന്ത്യയിൽ കേരള സംസ്ഥാന രൂപം കൊണ്ടു, ബ്രിട്ടീഷുകാരുടെ ഭരണത്തിന് പകരം ആസ്ഥാനത്തേക്ക് ഉദ്യോഗസ്ഥ ഭരണം വന്നു എന്നതൊഴിച്ചാൽ എന്ത് സ്വാതന്ത്ര്യമാണ് നമ്മുടെ നാട്ടിൽ. കർഷകൻ തന്റെ സ്വന്തം സ്ഥലത്ത് മണ്ണൊരുക്കി വിളകൾ നടുന്നു അതിൽ നിന്ന് കിട്ടുന്ന വരുമാനം സ്വപ്നം കണ്ടാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.

എന്നാൽ വിളവെടുപ്പ് ആകുമ്പോഴേക്കും വന്യമൃഗങ്ങൾ വന്ന്  അവയെ നശിപ്പിച്ചിട്ടുണ്ടാവും. കടം വാങ്ങിയും വിറ്റു പെറുക്കിയും ഏറെ പ്രതീക്ഷയോടെയാണവർ കൃഷിയിറക്കിയത്. എല്ലാം നശിച്ച് വലിയൊരു കടബാധ്യത ചുമന്ന് ആത്മഹത്യയിലേക്ക് വരെ വഴിയൊരുക്കുന്നു.

ഇവയ്ക്കു മുന്നോടിയായി വേണ്ടത്ര നടപടി അധികാരികൾ എടുക്കുന്നില്ല. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങാതെ സംരക്ഷണം ഒരുക്കാൻ  ആരുമധികം തയ്യാറാകുന്നില്ല. എല്ലാം നശിച്ച് ജീവനും ജീവിതവും ഇല്ലാതായി എല്ലാം ഒടുങ്ങുന്ന അവസ്ഥ വരെ അധികാരികൾ നോക്കുകുത്തികളായി മാറിനിൽക്കും.

ഇവയ്ക്ക് വേണ്ടത്ര നടപടികൾ സ്വീകരിച്ച് അവർക്ക് സഹായമൊരുക്കി കൊടുത്ത് കൂടെ നിന്നാൽ കർഷകർ ആത്മഹത്യയും. വന്യമൃഗങ്ങളുടെ ആക്രമണവും ഒരു പരിധിവരെ തടയാം. മലയോരമേഖലയിൽ ഏറ്റവും പിന്നോക്ക മേഖലയായ വനമേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി ഇപ്പോൾ വനം വകുപ്പ് നൽകുന്നതിനിരട്ടി നഷ്ടപരിഹാരം നൽകി, വനവും കൃഷി ഭൂമിയും വേർതിരിച്ച് ശക്തമായ വേലിക്കെട്ടുകൾ നിർമ്മിക്കുകയും, വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും സ്ഥിരമായി കിട്ടുന്നതിൽ ഉറപ്പുവരുത്തുകയും  അവരെ സംരക്ഷിക്കുകയും.

കർഷകർക്ക് വേണ്ടത്ര  റേഷനും നൽകി, രാത്രികാല വാച്ചർമാരെ നിയമിക്കുകയും ജീവന് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്താൽ വനവും പരിസ്ഥിതിയും കർഷ കുടുംബവും അഭിവൃദ്ധി പെടുന്നതാണ്. ഇതൊന്നും ചെയ്യാതെ വേണ്ടത്ര കർഷകർക്കാശ്യമായ വെള്ളവും നഷ്ടപരിഹാരവും എത്തിച്ചു കൊടുക്കാൻ കഴിയാതെ പോവുന്നതും വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് ജീവനും കൃഷിക്കും സുരക്ഷയ്ക്ക് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാതെ പോകുന്നത് വേദനയാണ്.

രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്ന സമര കാഹളങ്ങൾക്ക് ഇന്ത്യയിലെ ഓരോ കർഷകന്റെയും വിയർപ്പിന്റെ വില തിരിച്ചറിയാത്ത ഭരണകൂട ഭീകരതക്കെതിരെയും കുത്തക മുതലാളിമാരുടെ ദുഷ്ടലാക്കോടു കൂടിയുള്ള പ്രവർത്തനരീതികൾക്കെതിരെയും ആണ് ബാരിക്കേടുകൾക്കു മുമ്പിൽ രക്തസാക്ഷിത്വം വഹിക്കുന്നത്. ഓരോ ഇന്ത്യക്കാരനും വേണ്ടിയാണ് അവർ സമരം ചെയ്യുന്നത് എന്നുകൂടി നാം ഓർക്കുക.

സമരങ്ങളെ അനുകൂലിക്കുക. നാടിന്റെ നട്ടെല്ല് കർഷകരാണെന്ന് പറയുന്നതിനോടൊപ്പം ആ നട്ടെല്ലിന് കോട്ടം വരാതെ കാത്തു സംരക്ഷിക്കേണ്ടത് ആരാണ്? ഇപ്പോഴും ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുന്നു.

Highlights: Farmers should not be sent to die
           

error: