ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല, വിന് സി പറഞ്ഞത് സ്റ്റാറ്റസിട്ട് ഷൈൻ ടോം
കൊച്ചി (Kochi): സിനിമ സെറ്റില്‍ വച്ച് തന്നോട് മോശമായി പെരുമാറിയ നടന് ഷൈന്‍ ടോം ചാക്കോ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി വിന് സി. അലോഷ്യസ്.
സിനിമ സെറ്റിലെ മോശം അനുഭവത്തെക്കുറിച്ച് ഫിലിം ചേംബറിനും ഐ.സി.സിക്കും നടി പരാതി നല്‍കിയിട്ടുണ്ട്. പിന്നാലെ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുന്നത് ഒരു ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസാണ്. ‘ലഹരി ഉപയോഗിച്ച പ്രധാന നടനില്‍ നിന്നും മോശം അനുഭവമുണ്ടായി. അയാള്‍ വെള്ള പൊടി തുപ്പി. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല. നിലപാട് വ്യക്തമാക്കി വിന് സി. അലേഷ്യസ്’ എന്ന് നടി പറഞ്ഞ കാര്യങ്ങള്‍ക്കൊപ്പം വിൻ സിയുടെ ചിത്രം കൂടി ചേര്‍ത്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഷൈന്‍ ടോം ചാക്കോ ഇന്നലെ സ്റ്റാറ്റസ് ഇട്ടിരുന്നു.
ആ നടന് ഷൈന്‍ ടോം ചാക്കോയാണെന്ന് വിന് സി വെളിപ്പെടുത്തിയിട്ടും നടന് സ്റ്റാറ്റസ് പിന്‍വലിച്ചിട്ടില്ല. ഇതോടെ ഈ സ്റ്റാറ്റസിന്റെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയാണ്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ച് ലഹരി ഉപയോഗിച്ച് എത്തിയ നടന് മോശമായി പെരുമാറിയെന്ന് വിന് സി ആരോപിച്ചിരുന്നു. സംഭവത്തില്‍ എക്സൈസ് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നാണ് വിവരം. പരാതിയില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടും പറഞ്ഞു. മോണിറ്ററിങ് കമ്മിറ്റി അടിയന്തരയോഗം ചേര്‍ന്ന് നടപടി തീരുമാനിക്കും. ലൊക്കേഷനുകളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Highlights: Vincy says won’t act with drug users, shine tom Share status