KeralaHighlights

നടന്റെ പേരും സിനിമയുടെ പേരും പുറത്ത് വരരുതെന്ന് പറഞ്ഞിരുന്നു: പരാതി ലീക്കായെന്ന് വിൻ സി


കൊച്ചി(Kochi): നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെയുള്ള പരാതിയില്‍ പ്രതികരണവുമായി നടി വിന്‍ സി അലോഷ്യസ്. നടന്റെ പേരോ സിനിമയുടെ പേരോ വെളിപ്പെടുത്താതെയായിരുന്നു വിന്‍ സിയുടെ പ്രതികരണം. നടന്റെ പേരും സിനിമയുടെ പേരും ഒരു കാരണവശാലും പുറത്ത് വരരുതെന്ന് പരാതിയില്‍ വ്യക്തമായി പറഞ്ഞിരുന്നുവെന്നും പരാതി ലീക്കായതാണെന്നും വിന്‍ സി പറഞ്ഞു.

തനിക്കുണ്ടായ അനുഭവങ്ങള്‍ പരാമര്‍ശിച്ചു കൊണ്ട് സിനിമാ സെറ്റില്‍ ലഹരി ഉപയോഗം, അച്ചടക്കമില്ലായ്മ തുടങ്ങിയ പ്രവണതകള്‍ മാറ്റിനിര്‍ത്തപ്പെടണമെന്നാണ് പരാതിയില്‍ ഉന്നയിച്ചതെന്ന് വിന്‍ സി പറഞ്ഞു. ‘നടനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. അയാളാണ് എന്നോട് മോശമായി പെരുമാറിയത്. അതിനെതിരെ ഒരു നടപടി എടുക്കുമ്പോള്‍ ഞാനില്ലാത്ത സിനിമാ സെറ്റിലടക്കം എല്ലാ സിനിമാ സെറ്റിലും ബാധകമാകുന്ന തരത്തിലുള്ള തീരുമാനത്തിലെത്തണം എന്നുള്ളതാണ് ആഗ്രഹം’, വിന്‍ സി പറഞ്ഞു.

സിനിമാ സെറ്റില്‍ വെച്ച് തന്നെ നടനോട് ലഹരി ഉപയോഗിക്കരുതെന്നും മാന്യമായി പെരുമാറണമെന്നും വായിലെ നാവ് സൂക്ഷിക്കണമെന്നും താനും സംവിധായകനും പറഞ്ഞിട്ടുണ്ടെന്നും വിന്‍ സി വെളിപ്പെടുത്തി. തനിക്ക് മാത്രമല്ല, നടനില്‍ നിന്ന് മറ്റുള്ളവര്‍ക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വിന്‍ സി പറഞ്ഞു.

‘ലഹരി ഉപയോഗിച്ച് കഴിഞ്ഞാല്‍ നിലത്ത് പോലും നില്‍ക്കാന്‍ പറ്റാത്ത രീതിയിലുള്ള പെരുമാറ്റവും രീതിയുമായിരിക്കും. ഓരോ സ്ത്രീകളോടും മോശമായിട്ടുള്ള കമന്റുകളാണ് അദ്ദേഹം പറയുന്നത്. എന്റെ അറിവില്‍ എന്നോടും ഒരു നടിയോടും ഇങ്ങനെ പെരുമാറി. ആ കുട്ടി സിനിമയില്‍ പുതിയതാണ്. ഭയങ്കര ബുദ്ധിമുട്ട് കുട്ടി നേരിട്ടു. ബുദ്ധിമുട്ട് മനസില്‍ അടക്കി ആ കുട്ടി ഇരുന്നു. എന്തെങ്കിലും പരാതിപ്പെട്ടാല്‍ സിനിമയെ ബാധിക്കില്ലേയെന്ന ഭയം കുട്ടിക്കുണ്ട്. എന്നാല്‍ ഇപ്പോള്‍ തുറന്നു പറയാന്‍ ധൈര്യമുണ്ടെന്ന് പറയുന്നുണ്ട്. എന്റെ പരാതിയില്‍ ആ നടിയുടെ അനുഭവവും പരാമര്‍ശിച്ചിട്ടുണ്ട്’, വിന്‍ സി പറഞ്ഞു.

​Highlights: The actor’s name and the name of the movie were told not to be revealed. Wincy said the complaint was leaked

error: