ഇനി ഡോള്‍ഫിനുകളുമായി സംസാരിച്ചിരിക്കാം! സഹായകരമായി ‘ഡോള്ഫിന്ജെമ്മ’
ഹൈദരാബാദ്(Hyderabad): ഡോൾഫിൻ ഭാഷ മനസിലാക്കാൻ പുതിയ എഐ ലാങ്ങ്വേജ് മോഡല്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിൾ ഡോൾഫിൻജെമ്മ എന്നാണ് മോഡലിന് പേരിട്ടിരിക്കുന്നത്. ജോർജിയ ടെക്കിലെ ഗവേഷകരുമായും വൈൽഡ് ഡോൾഫിൻ പ്രോജക്ടിന്റെ (WDP) ഫീൽഡ് ഗവേഷണവുമായും സഹകരിച്ചാണ് എഐ മോഡല്‍ വികസിപ്പിക്കുന്നത്.
ഡോൾഫിൻ വോക്കലൈസേഷനുകളുടെ ഘടന പഠിക്കാനും ഡോൾഫിന്റേത് പോലുള്ള ശബ്ദ ശ്രേണികൾ കൃതൃമമായി സൃഷ്ടിക്കാനും എഐ മോഡലിനാകും. ഇത് വികസനത്തിന്റെ പാതയിലാണെന്നും ഗൂഗിൾ അറിയിച്ചു. എഐയുടെ അതിരുകളെയും സമുദ്ര ലോകവുമായുള്ള നമ്മുടെ ബന്ധത്തെയും കൂടുതല്‍ വികസിപ്പിക്കുന്നതാണ് പുതിയ പ്രോജക്റ്റെന്ന് ഗൂഗിൾ പറഞ്ഞു.
ഡോൾഫിനുകളുടെ സ്വാഭാവികവും സങ്കീർണവുമായ ആശയവിനിമയം വിശകലനം ചെയ്യാൻ ഡോൾഫിൻജെമ്മ WDPയുടെ ഡാറ്റാസെറ്റാണ് ഉപയോഗിക്കുന്നത്. 1985 മുതൽ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ അണ്ടർവാട്ടർ ഡോൾഫിൻ ഗവേഷണ പദ്ധതി നടത്തിവരികയാണ് WDP. വ്യക്തിഗത ഡോൾഫിൻ ഐഡന്റിറ്റികൾ, അവയുടെ ജീവിത ചരിത്രം, പെരുമാറ്റ രീതികൾ, അണ്ടർവാട്ടർ വീഡിയോ ഓഡിയോ എന്നിവ അടങ്ങുന്ന അതുല്യമായ ഡാറ്റാസെറ്റാണ് WDPയുടെ കൈവശമുള്ളത്.
പതിറ്റാണ്ടുകളുടെ ഗവേഷണത്തില്‍ ഡോള്‍ഫിനുകളുടെ ശബ്ദ തരങ്ങളെ അവയുടെ പെരുമാറ്റ സന്ദർഭങ്ങളുമായി WDP ബന്ധപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, അമ്മമാർക്കും കുട്ടികൾക്കും ഒന്നിക്കാൻ ഉപയോഗിക്കുന്ന സിഗ്നേച്ചർ വിസിലുകൾ, ചില സന്ദര്‍ഭങ്ങളില്‍ പുറപ്പെടുവിക്കുന്ന ‘സ്ക്വാക്കുകൾ’, പ്രണയത്തിലോ സ്രാവുകളെ പിന്തുടരുമ്പോഴോ ഉണ്ടാകുന്ന ‘ബസ്സിങ്’ എന്നിങ്ങനെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഡോൾഫിൻജെമ്മ ഈ ശബ്ദങ്ങളെ ഡാറ്റയാക്കി മാറ്റാൻ സൗണ്ട്സ്ട്രീം എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് സങ്കീർണമായ പാറ്റേണുകൾക്കായി രൂപകൽപ്പന ചെയ്ത എഐ സിസ്റ്റം ഇത് പ്രോസസ് ചെയ്യും. WDP ഫീൽഡിൽ ഉപയോഗിക്കുന്ന പിക്സൽ ഫോണുകളിൽ നേരിട്ട് പ്രവർത്തിക്കാനും ഇതിന് കഴിയും.
2025 വേനൽക്കാലത്ത് നടത്താന്‍ ആസൂത്രണം ചെയ്യുന്ന ഗവേഷണം ആദ്യ ഘട്ടത്തിൽ, സ്പീക്കർ/മൈക്രോഫോൺ ഫങ്ഷനുകൾ സംയോജിപ്പിച്ച് ഫോണിന്റെ പ്രോസസിങ് ഉപയോഗിച്ച് ഡീപ് ലേണിങ് മോഡലുകളും ടെംപ്ലേറ്റ് മാച്ചിങ് അൽഗോരിതവും ഒരേസമയം പ്രവർത്തിപ്പിക്കാനായി ഗൂഗിൾ പിക്സൽ 9 ഉപയോഗിക്കാനാണ് പദ്ധതി.
Highlights: Now you can talk to dolphins! Helpfully, ‘DolphinJemma’