108 ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ചു; സ്വമേധയാ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം (Thiruvananthapuram): വെള്ളറടയില്‍ ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസ്. ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആന്‍സി മരിക്കുകയായിരുന്നു.
പ്ലേറ്റ്ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ ആന്‍സിയെ മാറ്റാന്‍ ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്. എന്നാല്‍ കുരിശുമല സ്പെഷ്യല്‍ ഡ്യൂട്ടിക്ക് പോവാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നായിരുന്നു 108 അധികൃതര്‍ നല്കിയ മറുപടി.
അഞ്ച് കിലോമീറ്ററിനുള്ളില്‍ ആംബുലന്‍സുണ്ടായിട്ടും സൗകര്യം ലഭ്യമായില്ലെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. ഒന്നര മണിക്കൂറിന് ശേഷം ഓക്സിജനില്ലാത്ത സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ കൊണ്ടുപോകാന്‍ സാധിച്ചത്. എന്നാല്‍ യാത്രക്കിടെ നെയ്യാറ്റിന്‍കരയിലെത്തിയപ്പോള്‍ ആന്‍സി മരിക്കുകയായിരുന്നു.
Highlights: House wife dies after not getting 108 ambulance Police registers suomotu case