ജിസ്മോളുടെയും മക്കളുടെയും സംസ്കാരം ഇന്ന്
കോട്ടയം(Kottayam): മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ജിസ്മോൾ, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. ജിസ്മോളുടെ സ്വന്തം നാടായ പാലായിൽ ആണ് മൂവരുടെയും സംസ്കാരം നടക്കുക. പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ വൈകിട്ട് മൂന്നരയോട് കൂടിയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 9 മണിയോട് കൂടി ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ ഭർത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂർദ് മാതാ പള്ളി ഹാളിൽ പൊതുദർശനത്തിന് വെയ്ക്കും. എന്നാൽ ജിമ്മിയുടെ വീട്ടിൽ ജിസ്മോളുടെയും മക്കളുടെയും മൃതദേഹങ്ങൾ കൊണ്ടുപോകില്ല.
ഭർതൃവീട്ടിൽ നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജിസ്മോളും മക്കളും ജീവനൊടുക്കിയതെന്നാണ് ജിസ്മോളുടെ കുടുംബം ആരോപിക്കുന്നത്. ജിസ്മോളുടെയും പെൺമക്കളുടെയും മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്കാരം നടത്തേണ്ടെന്ന് ജിസ്മോളുടെ കുടുംബം തീരുമാനിച്ചിരുന്നു. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിന്‍റെ ഇടവകയിൽ തന്നെ സംസ്കാരം നടത്തണമെന്നാണ്. തുടർന്ന് സഭാ തലത്തിൽ രണ്ട് ദിവസം നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ജിസ്മോളുടെ സ്വന്തം നാട്ടിൽ തന്നെ സംസ്കാരം നടത്താൻ തീരുമാനമായത്.
അതേ സമയം ജിസ്മോളുടെ മരണത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ജിസ്മോളുടെ കുടുംബം പൊലീസിൽ മൊഴി നൽകിയിരുന്നു. ജിസ്മോൾ നിറത്തിന്റെയും പണത്തിന്റെയും പേരിൽ ഭർതൃവീട്ടിൽ ക്രൂരമായ പീഡനം നേരിട്ടിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സഹോദരൻ ജിറ്റുതോമസ് ഏറ്റുമാനൂർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ജിമ്മി പലപ്പോഴും പണത്തിന്റെ പേരിൽ ജിസ്മോളെ ക്രൂരമായി പീഡിപ്പിച്ചു എന്നും വീട്ടുകാർ പൊലീസിനോട് പറഞ്ഞു.
Highlights : jismol’s funeral will be held in his hometown church.