KeralaHighlights

ലഹരിക്കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി

കൊച്ചി(Kochi): ലഹരിക്കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. മൂന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഷൈന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത്. മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ഷൈനെതിരായ കേസ്. ലഹരി ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്.

ബി.എൻ.എസ് 288 (തെളിവ് നശിപ്പിക്കൽ), എന്‍.ഡി.പി.എസ് 27 (B), എ.ഡി.പി.എസ് 29 എന്നീ വകുപ്പുകളാണ് ഷൈനെതിരെ ചുമത്തിയത്. വരും ദിവസങ്ങളില്‍ ഷൈന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് വിവരം.
ലഹരി വിതരണക്കാരുമായി ഷൈന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൈന്റെ ലഹരി ഉപയോഗം സ്ഥിരീകരിക്കാന്‍ നടന്റെ നഖവും മുടിയും അടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാകും. പരിശോധന ഫലം ഷൈനെതിരായ കേസിനെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.

ഷൈനെതിരായ കേസില്‍ ഒരാളെ കൂടി പ്രതി ചേര്‍ത്തിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മുര്‍ഷിന്‍ എന്നയാളുമായി ഷൈന്‍ കല്ലൂരിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കഴിഞ്ഞ ദിവസം കല്ലൂരിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ പൊലീസിനെ കണ്ട് ഇറങ്ങി ഓടിയിരുന്നു. ഇതിനുപിന്നാലെ വീട്ടില്‍ നേരിട്ടെത്തി സ്റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് ഷൈന് നോട്ടീസ് നല്‍കി. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഷൈന്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് കുടുംബത്തിന് നോട്ടീസ് കൈമാറുകയായിരുന്നു.

മറ്റൊരാളെ തേടിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലൂരിലെ ഹോട്ടലിലെത്തിയത്. പിന്നാലെ ഹോട്ടല്‍ രജിസ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ തങ്ങൾ തേടിയെത്തിയ വ്യക്തിയും ഷൈനും ഒരേ മുറിയില്‍ ഉണ്ടെന്ന് മനസിലാക്കുകയായിരുന്നു. തുടർന്നാണ് ഷൈന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ചോദ്യം ചെയ്യലില്‍ ഗുണ്ടകളാണെന്ന് കരുതിയാണ് ഹോട്ടലില്‍ നിന്ന് ഓടിയതെന്നാണ് ഷൈന്‍ മൊഴി നല്‍കിയത്. നേരത്തെ സിനിമ സെറ്റിലെ ലഹരി ഉപയോഗത്തില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയിരുന്നു. ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് തനിക്കും തന്റെ സഹപ്രവര്‍ത്തകയ്ക്കും മോശമായ അനുഭവം ഉണ്ടായെന്നായിരുന്നു വിന്‍സി പറഞ്ഞത്.

തങ്ങളോട് രണ്ട് പേരോടും നടന്‍ മോശമായ രീതിയിലും പറഞ്ഞാല്‍ മനസിലാകാത്ത രീതിയിലും പെരുമാറിയെന്നും വിന്‍സി പറഞ്ഞിരുന്നു. ഫിലിം ചേംബറിനും സിനിമയുടെ ഇന്റേര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റിക്കുമാണ് വിന്‍സി പരാതി നല്‍കിയത്. നടന്റെ വായില്‍ നിന്നും വെള്ളപ്പൊടി വീഴുന്നത് കണ്ടിരുന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കല്ലൂര്‍ ഹോട്ടലിലെ സംഭവങ്ങളുണ്ടാകുന്നത്. വിന്‍സിയുടെ പരാതിയില്‍ ഉന്നയിക്കുന്ന വിഷയങ്ങളും പൊലീസ് ഷൈനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ വിന്‍സി പരാതി നല്‍കാത്ത പക്ഷം കൂടുതല്‍ നടപടികളെടുക്കാന്‍ പൊലീസിന് കഴിയില്ല. പൊലീസില്‍ പരാതി നല്‍കില്ലെന്നാണ് വിന്‍സിയുടെയും കുടുംബത്തിന്റെയും തീരുമാനം.

Highlights: Shine Tom chacko released on station bai

error: