National

ഇന്ത്യൻ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കല്‍ നടപടി; അമേരിക്കൻ ഭരണകൂടവുമായി ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി(New Delhi): ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കല്‍ നടപടിക്ക് പരിഹാരം കാണാന്‍ നടപടികളുമായി ഇന്ത്യ. വന്‍തോതില്‍ വിസ റദ്ദാക്കുന്നത് കനത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിഷയം അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സിന്‍റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് നീക്കം. ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായകമാകുന്ന സന്ദര്‍ശനമായാണ് വാന്‍സിന്‍റെ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ 2025 ഫെബ്രുവരി പതിമൂന്നിലെ സംയുക്ത പ്രസ്‌താവനയിലെ കാര്യങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും വാന്‍സിന്‍റെ സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്യും.

ഇരുരാജ്യങ്ങള്‍ക്കും താൽപര്യമുള്ള ആഗോള പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയാകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ മാസം 21 മുതല്‍ 24വരെയാണ് വാന്‍സിന്‍റെ ഇന്ത്യാ സന്ദര്‍ശനം. ഭാര്യ ഉഷാ വാന്‍സും മക്കളും അമേരിക്കന്‍ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടാകും. വിസ റദ്ദാക്കല്‍ നടപടികള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. നടപടി അനീതിയാണെന്നും വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിക്കുമെന്നമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സുതാര്യമായ നടപടിക്രമങ്ങളില്ലാതെയാണ് വിസ റദ്ദാക്കിയിരിക്കുന്നതെന്ന ആരോപണവുമുണ്ട്. ഇതും വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുമെന്ന് വിദേശകാര്യ വിദഗ്ദ്ധന്‍ പ്രൊഫ. ദേബാശിഷ് ചക്രബര്‍ത്തി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ നയതന്ത്ര പ്രതിഷേധം ഉണ്ടാകണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഈ വിസ വിവാദങ്ങള്‍ പ്രധാനമന്ത്രിയുടെ അമേരിക്കയുമായുള്ള നയതന്ത്ര ഇടപാടുകളെ മുള്‍മുനയില്‍ ആക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് ട്രംപുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിട്ടും എന്ത് കൊണ്ടാണ് ഈ വിഷയത്തില്‍ ഉന്നത ഇടപെടല്‍ ഉണ്ടാകാത്തതെന്നും ചക്രബര്‍ത്തി ചോദിച്ചു. ഇന്തോ-അമേരിക്ക ബന്ധം ശരിയാണെങ്കില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വന്‍തോതില്‍ വിസ റദ്ദാക്കുന്ന നടപടി ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നാണ് അമേരിക്കന്‍ കുടിയേറ്റ അഭിഭാഷക അസോസിയേഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. യാതൊരു പ്രതിഷേധ ചരിത്രവും ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ അടക്കം വിസകള്‍ റദ്ദാക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 300ലേറെ വിദ്യാര്‍ഥികളുടെ വിസ റദ്ദാക്കിയതായി വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോയും സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യാക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്നതാണ് അഭിഭാഷക സംഘടനയുടെ റിപ്പോര്‍ട്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. അമേരിക്ക റദ്ദാക്കിയ 327 വിസകളില്‍ പകുതിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടേതാണെന്നാണ് അഭിഭാഷക അസോസിയേഷന്‍റെ റിപ്പോര്‍ട്ട്.

Highlights: Visa cancellations of Indian students: Central government engages with U.S. authorities

error: