ബംഗാളിലെ വഖഫ് പ്രതിഷേധം: മമതയുടെ നഷ്ടപരിഹാരം വേണ്ട
കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവര്‍ത്തകരുടെ കുടുംബം
കൊല്‍ക്കത്ത(Kolkata): സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം സ്വീകരിക്കില്ലെന്ന് വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദില്‍ കൊല്ലപ്പെട്ട സി.പി.ഐ.എം പ്രവത്തകരുടെ കുടുംബം.
നഷ്ടപരിഹാരമല്ല സുരക്ഷയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുഖ്യമന്ത്രി മമത ബാനര്‍ജിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കുടുംബം നഷ്ടപരിഹാരം വേണ്ടെന്ന് അറിയിച്ചത്.
മുര്‍ഷിദാബാദില്‍ നടന്ന വഖഫ് പ്രതിഷേധത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകരായ ഹരഗോബിന്ദ ദാസ് (70), മകന്‍ ചന്ദന്‍ദാസ് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് ശാന്തിയും സമാധാനവും സൗഹാര്‍ദവും ഉറപ്പ് നല്‍കാനും സംരക്ഷിക്കാനും മമത സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആവശ്യപ്പെട്ടു. മുര്‍ഷിദാബാദിലെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഗ്രാമത്തില്‍ സ്ഥിരമായ ഒരു അതിര്‍ത്തി സുരക്ഷാ സേനയും (ബി.എസ്.എഫ്) പൊലീസ് ക്യാമ്പും സ്ഥാപിക്കണമെന്നും കുടുബം പറഞ്ഞു.
പൊലീസ് കൃത്യമായ സമയത്ത് സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കില്‍ തനിക്ക് അവരെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ചന്ദന്‍ ദാസിന്റെ പങ്കാളി പിങ്കി ദാസ് പറഞ്ഞു. മുഖ്യമന്ത്രിക്ക് തന്റെ പങ്കാളിയെയും അദ്ദേഹത്തിന്റെ അച്ഛനെയും തിരിച്ച് നല്‍കാന്‍ സാധിക്കുമോയെന്ന് ചോദിച്ച പിങ്കി, കൊലയാളികള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം എല്ലാ സഹായവും ഉറപ്പ് നല്‍കിയിരുന്നു. മക്കളുടെ വിദ്യാഭ്യാസം പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും അവരുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളുണ്ടാകുമെന്നും സലിം അറിയിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാരം നിരസിക്കാനുള്ള കുടുംബങ്ങളുടെ തീരുമാനത്തെ നിയമസഭാ പ്രതിപക്ഷ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ സുവേന്ദു അധികാരി പിന്തുണച്ചു. മമത ബാനര്‍ജിയുടെ ദാനധര്‍മം കുടുംബം നിരസിച്ചത് ശരിയായ തീരുമാനമാണെന്നും കുടുംബത്തെ പിന്തുണക്കുന്നതിനായി ജനകീയ ഫണ്ട് വിതരണം ആരംഭിച്ചുവെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഏപ്രില്‍ 13ന് വഖഫ് പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട ഇജാജ് അഹമ്മദ് ഷെയ്ഖിന്റെ കുടുംബവും ഇതുവരെ നഷ്ടപരിഹാരം സ്വീകരിക്കുന്നതില്‍ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
ഇതിനിടെ സംസ്ഥാനത്ത് വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങള്‍ ബംഗാളില്‍ ഐക്യവും സമാധാനവും നിലനിര്‍ത്തണമെന്നും മമത അഭ്യര്‍ത്ഥിച്ചു.
നേരത്തെ വഖഫ് ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാമെന്നും എന്നാല്‍ കലാപത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മമത അറിയിച്ചിരുന്നു.
Highlights: Murshidabad Violence, Families Of CPIM Victims Refuse Compensation