HighlightsKerala

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; കൊല്ലത്തെ ഹാർബറുകളിൽ മത്സ്യവിപണനം നടത്താൻ അനുമതി

കൊല്ലം(Kollam): മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികൾക്ക് കൊല്ലത്ത് മത്സ്യ വിപണനം നടത്താൻ അനുമതി. കൊല്ലം കലക്‌ടർ ദേവീദാസ് മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് കൊല്ലത്തെ അഞ്ച് ചെറു ഹാർബറുകളിൽ വിപണനം നടത്താനുള്ള തീരുമാനത്തിന് അംഗീകാരമായത്.

തങ്കശേരി, വാടി, ജോനകപ്പുറം, പോർട്ട് കൊല്ലം, മൂതാക്കര ഹാർബറുകളിലാണ് മുതലപ്പൊഴിയിൽ നിന്നെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ഇറക്കി കച്ചവടം ചെയ്യാൻ ധാരണയായത്. മുതലപ്പൊഴിയിൽ പൂർണമായും മണ്ണ് അടിഞ്ഞ സാഹചര്യത്തിലാണ് സർക്കാർ ബദൽ മാർഗം ഒരുക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് കൊല്ലം തീരത്തെ മത്സ്യത്തൊഴിലാളി സംഘടനകൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുമായി കലക്‌ടർ ചർച്ച നടത്തി.

മുതലപ്പൊഴിയിൽ നിന്നെത്തുന്ന യാനങ്ങൾക്ക് കളർ കോഡ് ഉറപ്പാക്കണമെന്നും, ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം തീരത്ത് പാടില്ലെന്നുമുള്ള ആവശ്യങ്ങൾ മത്സ്യത്തൊഴിലാളി സംഘടനകൾ മുന്നോട്ടുവച്ചു. ഇത്‌ അംഗീകരിച്ചതോടെ മറ്റ് കാര്യമായ എതിർപ്പുകളൊന്നും ഉയർന്നില്ല. ഇതോടെ തുടർ നടപടികൾ സ്വീകരിക്കാനുള്ള നീക്കം ആരംഭിച്ചു.

മുതലപ്പൊഴിയിൽ നിന്നും കൂടുതൽ വള്ളങ്ങളെ ഉൾക്കൊള്ളിക്കുവാനാണ് അഞ്ച് ഹാർബറുകളെ സജ്ജമാക്കിയത്. നിലവിൽ കൈക്കൊണ്ട തീരുമാനങ്ങൾ വകുപ്പ് സെക്രട്ടറിയെ അറിയിക്കും. എത്രയും പെട്ടെന്ന് തന്നെ തീരുമാനം നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Highlights: MUTHALAPPOZHI ALLOWED MARKET FISH

error: