‘ഞാനാ പിശാചിനെ കൊന്നു’: മുൻ ഡിജിപിയുടെ വധം, ഭാര്യയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബെംഗളൂരു(Bengaluru): കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ പല്ലവിയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയായി വീട്ടിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. സംഭവദിനം രാവിലെയും തർക്കം തുടങ്ങിയെന്നും പിന്നീട് കാര്യങ്ങൾ വഷളായെന്നും പല്ലവി അന്വേഷണ സംഘത്തോട് പറഞ്ഞു.
തർക്കത്തിനിടയിൽ ഓം പ്രകാശ് തോക്ക് ചൂണ്ടി തന്നെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് സ്വയരക്ഷക്കായാണ് കത്തി എടുത്തു കുത്തിയത്. കൊലപാതക സമയത്ത് മകൾ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ബെംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലുള്ള താമസവീട്ടിൽ 68 വയസ്സുകാരനായ ഓം പ്രകാശ് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി കുത്തേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഭാര്യ പല്ലവിയെയും മകൾ കൃതിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവരും ചേർന്നാണ് കൊല നടത്തിയത് എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഓം പ്രകാശ് തന്റെ സ്വത്ത് മകനും സഹോദരിക്കും എഴുതിവച്ചിരുന്നതായും ഇതിനെ ചുറ്റിപ്പറ്റി വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ചോരപൊലിയുന്ന നിലയിൽ രണ്ട് കത്തികളും ഒരു ഗ്ലാസ് കുപ്പിയുമാണ് പൊലീസ് കണ്ടെടുത്തത്. കുപ്പി കൊണ്ട് തലയ്ക്ക് അടിക്കുകയും, കത്തി കൊണ്ട് കുത്തുകയും ചെയ്തതായാണ് പ്രാഥമിക നിഗമനം.
പല്ലവി സംഭവശേഷം സുഹൃത്തായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ വിളിച്ച് “ഞാനാ പിശാചിനെ കൊന്നു” എന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു.
1981 ഐപിഎസ് ബാച്ചുകാരനായ ഓം പ്രകാശ് 2015 മുതൽ 2017 വരെ കര്‍ണാടക സംസ്ഥാന പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഫയർ ഫോഴ്സ് മേധാവിയടക്കം വിവിധ ഉന്നതസ്ഥാനങ്ങളിൽ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിഹാർ സ്വദേശിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് വ്യക്തമാക്കി.
പരിശോധനകളും വിശദമായ തെളിവെടുപ്പും പുരോഗമിക്കുകയാണ്.
Highlights: Former DGP’s murder: Shocking revelation in wife’s statement