മാർപാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ; അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ
വത്തിക്കാൻ സിറ്റി(Vatican city ): ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതികശരീരം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് എത്തിച്ചു. മാർപാപ്പ താമസിച്ചിരുന്ന സാന്താ മാര്‍ത്തയില്‍നിന്ന് വിലാപയാത്രയായാണ് മൃതദേഹം പൊതുദർശനത്തിനായി ബസിലിക്കയിലേക്ക് എത്തിച്ചത്.
കര്‍ദിനാള്‍മാര്‍ അടക്കം നിരവധി പേരുടെ അകമ്പടിയോടെയാണ് വിലാപയാത്ര കടന്നുവന്നത്. മാർപാപ്പയുടെ ആഗ്രഹം അനുസരിച്ച് ഏറ്റവും ലളിതമായാണ് ചടങ്ങുകൾ. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിട്ടുള്ളത്.
മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്കാര ചടങ്ങുകൾ ആരംഭിക്കുക.
ക്രിസ്തു ശിഷ്യനായ വി. പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്.
എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്.
Highlights: Pope’s body in St. Peter’s Basilica; Thousands gather to pay their last respects