മാനനഷ്ടക്കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി
ന്യൂഡൽഹി(New Delhi): ഡൽഹി ലെഫ്റ്റനന്റ് ഗവർണർ (എൽ.ജി) വിനയ് കുമാർ സക്‌സേന നൽകിയ മാനനഷ്ടക്കേസിൽ സാമൂഹിക പ്രവർത്തക മേധ പട്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി സെഷൻസ് കോടതി. നിയമപരമായ ഇളവ് ദുരുപയോഗം ചെയ്തു, കോടതി നിർദേശങ്ങൾ അവഗണിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
ഏപ്രിൽ 23ന് കോടതിയിൽ ഹാജരാകാൻ മേധാ പട്കറിനോട് ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവർ ഹാജരായില്ല എന്നാണ് റിപ്പോർട്ട്.
കോടതിയിലെ മേധാ പട്കറുടെ അസാന്നിധ്യത്തെ സെഷൻസ് കോടതി കർശനമായി വിമർശിക്കുകയും കോടതി ഉത്തരവ് അവഗണിച്ചുവെന്ന് ചൂണ്ടിക്കാട്ടി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.
മെയ് മൂന്നിന് പട്കറിനോട് കോടതിയിൽ ഹാജരാകാൻ അഡീഷണൽ സെഷൻസ് ജഡ്ജി വിശാൽ സിങ് ഉത്തരവിട്ടു. ജാമ്യമില്ലാ വാറണ്ടിനെക്കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുന്നതിനും തുടർ നടപടികൾക്കും കോടതി അതേ തീയതി തന്നെ നിശ്ചയിച്ചു.
ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേന ഫയൽ ചെയ്ത 23 വർഷം പഴക്കമുള്ള മാനനഷ്ടക്കേസിൽ 2024 ജൂലൈയിൽ മേധാ പട്കർ കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി മൂന്ന് മാസം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ അവരുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത്, നഷ്ടപരിഹാര തുകയും പ്രൊബേഷൻ ബോണ്ടും സമർപ്പിച്ചാൽ മതിയെന്ന് പറഞ്ഞുകൊണ്ട് കോടതി അവർക്ക് പ്രൊബേഷൻ അനുവദിച്ചിരുന്നു.
Highlight: Court issues non-bailable warrant against Medha Patkar in VK Saxena defamation case