Sports

സൂപ്പര്‍ കപ്പില്‍ ഇന്‍റർ കാശിയോട് തോറ്റ് ബെംഗളൂരു എഫ്‍സി പുറത്തായി, വീണത് പെനൽറ്റി ഷൂട്ടൗട്ടില്‍

ഭുവനേശ്വറിൽ നടന്ന കലിംഗ സൂപ്പർ കപ്പിൽ നിന്നും ബെംഗളൂരു എഫ്‍സി പുറത്തായി. ഇന്‍റർ കാശിയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു.ഐഎസ്എൽ ഫൈനൽ മത്സരത്തില്‍ മോഹൻ ബഗാനോട് തോറ്റ ബെംഗളൂരുവിന് കനത്ത തിരിച്ചടിയായി സൂപ്പർ കപ്പിലെ തോല്‍വി. നിശ്ചിത സമയത്ത് സ്കോർ 1–1 ആയതിനെത്തുടർന്നു നടന്ന ഷൂട്ടൗട്ടിൽ 5–3ന് ഇന്‍റർ കാശി ജയിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ ഇന്‍റർ കാശി രണ്ട് അവസരങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും അതൊന്നും ഗോളാക്കാന്‍ കഴിഞ്ഞിരുന്നില്ല, മുൻ ബെംഗളൂരു എഫ്‌സി ഫോർവേഡ് എഡ്‌മണ്ട് ലാൽറിൻഡികയാണ് കാശിയെ നയിച്ചത്. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.

പിന്നാലെ കാശി ഗോൾകീപ്പർ ശുഭം ദാസിന്‍റെ പ്രതിരോധ പിഴവിനെ തുടർന്ന് 62-ാം മിനിറ്റിൽ റയാൻ വില്യംസ് ബെംഗളൂരുവിന് ആദ്യം ലീഡ് നൽകുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അവസാനം 88-ാം മിനിറ്റിൽ നിയർ പോസ്റ്റിൽ മതിജ ബാബോവിച്ച് ഒരു സമർത്ഥമായ ഫ്ലിക്കിലൂടെ സമനില ഗോൾ നേടിയതോടെ മത്സരം മാറുകയായിരുന്നു. ബെംഗളൂരുവിന്‍റെ അവസാന നിമിഷ കോർണറുകളും കാശിയുടെ സമയ മാനേജ്മെന്‍റ് തന്ത്രങ്ങളും ഉണ്ടായിരുന്നിട്ടും, നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല.

അതേസമയം മറ്റൊരു മത്സരത്തില്‍ മുംബൈ സിറ്റി 4–0ന് ചെന്നൈയിൻ എഫ്സിയെ തോൽപിച്ചു.ഇതോടെ ചെന്നൈയിനും ബെംഗളൂരു എഫ്‌സിയും സൂപ്പര്‍ കപ്പില്‍ നിന്ന് പുറത്തായി.

error: