സമയപരിധി അവസാനിച്ചു; ബന്ധുക്കളോട് കണ്ണീരോടെ വിടപറഞ്ഞ് പാക് പൗരന്മാർ ഇന്ത്യ വിടുന്നു
ന്യൂഡൽഹി (New Delhi):പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാക് പൗരന്മാർ രാജ്യം വിടണമെന്ന ഇന്ത്യയുടെ ഉത്തരവിന് പിന്നാലെ കണ്ണീരോടെ ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരന്മാർ. സാർക്ക് വിസയിൽ ഇന്ത്യ സന്ദർശിക്കുന്ന പാകിസ്ഥാൻ പൗരന്മാർക്കുള്ള എക്സിറ്റ് സമയപരിധി ഏപ്രിൽ 26 ന് അവസാനിച്ചിരുന്നു. അതേസമയം മെഡിക്കൽ വിസയിലുള്ളവർ ഒഴികെ ബാക്കിയുള്ളവർക്ക് തിരിച്ച് പോകാനുള്ള സമയപരിധി ഏപ്രിൽ 27 ഞായറാഴ്ച അവസാനിച്ചു. പാകിസ്ഥാൻ പൗരന്മാർക്ക് നൽകുന്ന മെഡിക്കൽ വിസകൾക്ക് ഏപ്രിൽ 29 വരെ സാധുതയുണ്ട്.
സമയപരിധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർക്കെതിരെ പുതുതായി നടപ്പിലാക്കിയ 2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതോടെ മൂന്ന് ദിവസത്തിനുള്ളിൽ 537 പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കെത്തിയെന്ന് അട്ടാരി അതിര്‍ത്തിയിലെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ അരുണ്‍ പാല്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. ഇന്നലെ മാത്രം 237 പാകിസ്ഥാനികളാണ് അതിര്‍ത്തി വിട്ടതെന്നും 116 പേര്‍ ഇന്ത്യയിലെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Highlights: Deadline passes; Pakistani citizens leave India after tearful farewell to relatives