രഞ്ജിത്ത് കുമ്പിടിയെ തേടി വനംവകുപ്പ്;പുലിപ്പല്ല് കൈമാറിയത് ചെന്നൈയിൽ വെച്ച്
കൊച്ചി(Kochi): റാപ്പര്‍ വേടന് (ഹിരണ്‍ ദാസ് മുരളി) പുലിപ്പല്ല് കൈമാറിയ ആരാധകൻ പ്രവാസി രഞ്ജിത്ത് കുമ്പിടിയെ ചോദ്യം ചെയ്യാൻ വനംവകുപ്പ്. രഞ്ജിത്ത് കുമ്പിടിയ്ക്കായി വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. മലേഷ്യൻ പ്രവാസിയാണ് രഞ്ജിത്ത് കുമ്പിടി. വേടന് ചെന്നൈയിൽ വെച്ചാണ് ഇയാള്‍ പുലിപ്പല്ല് കൈമാറിയത്. അതേസമയം, രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നാണ് കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് കോടനാട് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനിടെ വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. എഡിസിഎഫ് അഭയ് യാദവിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് വേടനെ കോടനാട് മലയാറ്റൂര്‍ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് െകാണ്ടുപോയി. ഇവിടെ വെച്ചായിരിക്കും തുടര്‍ന്നുള്ള ചോദ്യം ചെയ്യൽ. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കും.
റാപ്പര്‍ വേടനുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.പുലിപ്പല്ല് ആരാധകൻ നൽകിയതാണോയെന്നത് കോടതിയിൽ തെളിയിക്കണം. ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത് കോടതിയാണെന്നും ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
Highlights: Forest Department searching for Ranjith Kumbiti; Tiger tooth handed over in Chennai