Editorial

നാടിൻ്റെ പെരുമ നമ്മുടെ നന്മ

രാജ്യത്തിൻ്റെ തെക്കേയറ്റത്ത് ഇന്ത്യയുടെ അഭിമാനമായി വിഴിഞ്ഞം തുറമുഖം വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്യുമ്പോൾ ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തിൻ്റെ സ്ഥാനം തങ്കലിപികളാൽ രേഖപ്പെടുത്തപ്പെടും പക്ഷേ, ഈ സന്തോഷ നിമിഷത്തിൻ്റെ ശോഭ കൊടുത്തുന്ന തരത്തിലുള്ള വിവാദങ്ങൾ നാടിൻ്റെ സ്വപ്നം എന്ന പൊതു വികാരത്തിന് നേർ എതിരാണ്.
കാലകാലങ്ങളായി സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്ന മുഖ്യമന്ത്രിമാരുടെയും ആ മന്ത്രിസഭകളുടെയും അശ്രാന്ത പരിശ്രമങ്ങൾ വിഴിഞ്ഞം ഉൾപ്പെടെയുള്ള അഭിമാന സ്തംഭങ്ങളായ വികസന പദ്ധതികളുടെ ജനനത്തിലും വളർച്ചയിലും ഉണ്ടെന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ എല്ലാവർക്കും തത്തുല്യമായ അവകാശാധികാരങ്ങളാണ് ഉള്ളത്. പക്ഷേ, അവിടെ കക്ഷി രാഷ്ട്രീയമായ ചേരിതിരിവുകൾ കൊണ്ടുവരുന്നത് ഒട്ടും നല്ലതിനല്ല.
ചരിത്രപരമായ രാജ ഭരണകാലത്ത് തന്നെ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ ഉണ്ടായിട്ടുണ്ടെന്നുള്ളതാണ് രേഖകൾ പറയുന്നത്. മത്സ്യമേഖലയും ജൈവികമായ മറ്റ് സമ്പത്ത് വ്യവസ്ഥയുടെ പറുദീസായിരുന്ന വിഴഞ്ഞത്ത് രണ്ട് നൂറ്റാണ്ട് മുമ്പ് ബിസി മുതൽ ചരക്ക് കൈമാറ്റവുമായി ബന്ധപ്പെട്ട് കപ്പലുകൾ വന്നണഞ്ഞിട്ടുണ്ടായിരുന്നു. ആ കാലത്തെ രാജാവായിരുന്ന ധർമ്മരാജ കാർത്തിക തിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്ത് തിരുവിതാംകൂർ ദിവാനായിരുന്ന രാജ കേശവദാസാണ് വിഴിഞ്ഞത്ത് തുറമുഖം എന്ന ആശയം ആദ്യമായി പങ്കുവെച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ തിരുവിതാകൂറിൻ്റെ ദിവാനായിരുന്ന സർ സി. പി രാമസ്വാമി അയ്യർ 1940 കളുടെ മധ്യത്തിൽ വിഴിഞ്ഞത്ത് ആധുനിക തുറമുഖം നിർമ്മിക്കണമെന്ന് തീരുമാനിക്കുകയും അന്നത്തെ ഒരു സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിൽ പരിണത പ്രജ്ഞരായ എൻജീനിയമാർ അടങ്ങുന്ന സംഘത്തിൻ്റെ നേതൃത്വത്തിൽ സർവേ നടത്തുകയുണ്ടായി.
ആഴക്കടലിൽ ചെറു ബേട്ടുകളിലും യാനങ്ങളിലും വെള്ളയാണി കായലുമായി സംയോജിപ്പിച്ച് തുറമുഖം എന്ന ആശയത്തിൻ്റെ ചർച്ചകൾ പഠനങ്ങളും നടത്തപ്പെടുകയും രേഖകളാക്കപ്പെടുകയും നടന്നുവെങ്കിൽ പിന്നീട് പദ്ധതി സാങ്കേതിക കാരണങ്ങളാൽ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നിട് ഇ.കെ. നായനാർ കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരിക്കെയാണ് തുറമുഖത്തിൻ്റെ നടപടികൾ വീണ്ടും തുടങ്ങുന്നതെന്ന് പറയാം.
ജനാധിപത്യത്തിൻ്റെ നാൾവഴികളിൽ അധികാര കേന്ദ്രങ്ങൾ മാറി മറഞ്ഞതിനൊപ്പം തന്നെ പദ്ധതിയുടെ പ്രവർത്തന ചർച്ചകൾ നീളുകയും ഉറക്കുകയും ചെയ്തിട്ടുണ്ട്. ഒടുവിൽ അദാനി കമ്പനിയുമായി കരാർ ഒപ്പിട്ടത് ഉമ്മൻചാണ്ടിയും പദ്ധതി നടപ്പിൽ ആകുന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെയുമാണ്. കരുത്തരും ധീഷണശാലികളുമായ ഭരണാധികാരികളാലും നയിക്കപ്പെടാൻ കഴിഞ്ഞ സംസ്ഥാനമാണ് കേരളം. ഭാവനാ സമ്പന്നമായ ജനാധിപത്യ വാദികളുടെ കയ്യൊപ്പുകൾ കേരളത്തിൻ്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ കാണാനാവും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോലെ ക്രെഡിറ്റ് നാടിനാണ്.
കേരളം എന്ന നമ്മുടെ നാട് കൈവരിക്കുന്ന ഏത് നേട്ടവും കോട്ടവും അത് നമുക്ക് ഒന്നാകെ അവകാശപ്പെട്ടതാണ്.. കേരളത്തെ ഒറ്റപ്പെടുത്താനും അസ്ഥിരപ്പെടുത്താനും ഗൂഢശ്രമങ്ങളാണ് സമീപ കാലത്ത് നടക്കുന്നത്. അർഹമായ സാമ്പത്തിക അനുകൂല്യങ്ങളും സഹായങ്ങളും വെട്ടിക്കുറച്ചു ഇല്ലാതാക്കിയും ഒരു മഴയിൽ എല്ലാം നഷ്ടപ്പെട്ട മുണ്ടകൈ- ചുരൽ മല നിവാസികളോട് മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിക്കുന്നതും കൂടാതെ ഏറ്റവും ഒടുവിലായി വിഴിഞ്ഞം തുറമുഖത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പരിസരത്തിൽ പ്രധാനമന്ത്രിയുടെ ചിത്രം മാത്രം വച്ച് ഇംഗ്ലീഷ് മാധ്യമങ്ങളിൽ വാർത്താ അച്ചടിക്കുകയും അതിൽ മുഖ്യമന്ത്രിയെയോ കേരള സർക്കാരിനെയോ പരാമർശിക്കുകയോ ചെയ്തിട്ടില്ല. ഇവിടെയാണ് പ്രതിഷേധവും പ്രതികരണവും ഉണ്ടാകേണ്ടത്, നിലപാടുകൾ ചർച്ച ചെയ്യപ്പെടേണ്ടത്.
800 മീറ്റർ ബർത്തയും മൂന്ന് യാഡ് ടെർമിനിലുകളും മൂന്ന് കീലോ മീറ്റർ പുലിമുട്ടുമടക്കം പതിറ്റാണ്ടുകളായി നാം ഊണിലും ഉറക്കത്തിലും സുഖത്തിലും സുഷുപ്തിയിലും കണ്ട സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പ്രധാനമന്ത്രി കമ്മീഷൻ ചെയ്യുന്ന വേളയിൽ എം.എസ്.സി കൂറ്റൻ മദർ ഷിപ്പ് തീരത്ത് ഉണ്ടാകും. ചരക്ക് നീക്കത്തിന് നാന്ദി കുറിക്കപ്പെടും. സർവവിധ ഗുണങ്ങൾ കൊണ്ട് സമ്പന്നവും സമൃദ്ധവുമായ കേരള മണ്ണിനെ കൈകൾ കൊണ്ട് വണങ്ങി ഹൃദയം കൊണ്ട് ആലിംഗനം ചെയ്യാം

error: