Editorial

പുത്തൻ ടീം ഉയിർപ്പേകുമോ കോൺഗ്രസിന് ?

കോൺഗ്രസ് ദേശീയ നേതൃത്വം ഏറെ പ്രതീക്ഷ പുലർത്തുന്ന കേരളത്തിൽ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വെല്ലുവിളികൾക്കും ഫുൾ സ്റ്റോപ്പിട്ട് പുതിയ കെ.പി.സി.സി പ്രസിഡണ്ടായി സണ്ണി ജോസഫ് എം.എൽ.എയെയും യു.ഡി.എഫ് കൺവീനറായി അടൂർ പ്രകാശ് എം.പി യെയും വർക്കിംഗ് പ്രസിഡണ്ടുമാരായി പി.സി വിഷ്ണുനാഥ് എം.എൽ.എയെയും എ.പി.അനിൽകുമാർ എം.എൽ.എയെയും ഷാഫി പറമ്പിൽ എം.പിയെയും നാമനിർദ്ദേശം ചെയ്തിരിക്കുകയാണ്.
നിലവിൽ കെ.പി.സി.സി. പ്രസിഡണ്ടായ കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവാക്കി. നാല് വർഷം കോൺഗ്രസിൻ്റെ നേതൃത്വമായാണ് സുധാകരനും ടീം കെ.പി.സി.സിയിൽ നിന്ന് പടിയിറങ്ങുന്നത്. ചരിത്രത്തിലാദ്യമായി രണ്ടാം തവണയും പ്രതിപക്ഷത്തിരിക്കേണ്ടി വന്ന അത്യന്തം ദുർഘടവും അപ്രതീക്ഷിതവുമായ രാഷ്ട്രീയ സാഹചര്യത്തിലാണ് പാർട്ടിയെ തിരിച്ചു കൊണ്ടുവരാനാണ് സുധാകരനെ കെ.പി.സി.സി പ്രസിഡണ്ടായും വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായും അവരോധിക്കുന്നത്.
വലിയ ആവേശത്തോടെയും പ്രതീക്ഷയോടെയുമാണ് രാഷ്ട്രീയ കേരളം ഇരുവരുടെയും കടന്നു വരവിനെ നോക്കിക്കണ്ടതും സ്വീകരിച്ചതും. സുധാകരനും സതീശനും മുന്നിൽ ഏറ്റവും വലിയ ദൗത്യമായി ആദ്യം വന്നത് സംഘടന സംവിധാനത്തെ ഉടച്ചു വർക്കലായിരുന്നു. ഗ്രൂപ്പും ഉപഗ്രൂപ്പും കൊണ്ട് കലങ്ങി മറിഞ്ഞ് കോൺഗ്രസ് രാഷ്ട്രീയത്തെ നേരയാക്കുന്നതിൽപ്പരം പണി വേറെന്തുണ്ട്. പതിനാല് ഡി.സി.സി പ്രസിഡണ്ടുമാരെയും കെ.പി.സി.സി ഭാരവാഹികളുടെ ജാബോ കമ്മിറ്റിയും ഗ്രൂപ്പ് നേതാക്കളുടെ അപസ്വരങ്ങൾക്കു നടുവിൽ ഒരുവിധത്തിൽ പുനസംഘടിപ്പിച്ചു. അതിനു ശേഷം കരുത്ത് തെളിയിക്കാൻ മുന്നിൽ വന്ന ആദ്യ ഗോധ തൃക്കാക്കര ഉപതിരഞ്ഞെടുപ്പായിരുന്നു
നൂറ് സീറ്റ് തികയാനുള്ള എൽ.ഡി.എഫ് വീറോടെയുള്ള പ്രചാരണത്തെ നിഷ്പ്രഭമാക്കി പി.ടി തോമസ് നേടിയെതിനെക്കാൾ ഇരട്ടി ഭൂരിപക്ഷത്തിൽ ഉമാ തോമസിനെ വിജയിപ്പിച്ച് സതീശ-സുധാകരസഖ്യം വിജയ കൊടി നാട്ടി. കോൺഗ്രസിൻ്റെ ക്രൈസിസ് മാനേജറായ ഉമ്മൻചാണ്ടിയുടെ മരണാനന്തരം പുതുപള്ളിയിലും മകൻ ചാണ്ടി ഉമ്മനെ നിറുത്തി ഉമ്മൻചാണ്ടി നേടിയതിനെക്കാൾ വലിയ വോട്ട് നേടി വിജയം കണ്ടു. ലോക്സഭ തിരഞ്ഞെടുപ്പിൽ 2019ൽ നേടിയ 19 സീറ്റിൽ നിന്ന് കഠിനമായ പോരാട്ടം നടത്തി യു.ഡി എഫ് രാഷ്ട്രീയ മേൽ കൈ നേടി. തുടർന്ന് ഒഴിവു വന്ന ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ പാലക്കാട് നല്ല ഭൂരിപക്ഷത്തിൽ നിലനിർത്തിയെങ്കിലും ചേലക്കര മികച്ച പ്രവർത്തനം നടത്താൻ മാത്രമെ സാധിച്ചുള്ളൂ. ഇതിനിടയിൽ പരസ്യമായും രഹസ്യമായുമുള്ള സതീശൻ, സുധാകരൻ പോര് പുതുപ്പള്ളി ഫല പ്രഖ്യാപനം ദിനത്തിൽ വാർത്താ സമ്മേളനത്തിൽ വെളിച്ചവും കണ്ടു. കൂടാതെ കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും നയിച്ച സമരാഗ്നി ജാഥയിലെ പത്ര സമ്മേളനത്തിൽ എത്താൻ വൈകിയ സതീശനെ പരസ്യമായി സുധാകരൻ പുലഭ്യം വിളിച്ചു.
സ്ഥാനത്തും ആസ്ഥാനത്തും സുധാകരൻ്റെ വാക്ക് പ്രയോഗങ്ങൾ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി തുടങ്ങി. സാന്ദർഭിക വശാൽ കെ.എസിൻ്റെ അനാരോഗ്യം ഒരു വിഷയമായി മാറി. കോൺഗ്രസിൽ ആദ്യം രണ്ട് ഗ്രൂപ്പായിരുന്നുവെങ്കിൽ ഇന്ന് അഞ്ച് ഗ്രൂപ്പാണെന്ന് കെ.പി.സി.സി അധ്യക്ഷന്മരായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ പരസ്യമായി വിളിച്ചു പറഞ്ഞു. ആശയപരമായ അടിത്തറയിൽ കേരളത്തിലെ കോൺഗ്രസ് വ്യക്തി കേന്ദ്രീകൃതമാകുന്നു എന്ന് പൊതു സമൂഹം തന്നെ ചർച്ച ചെയ്തു.
എ.ഐ.സി.സി ദേശീയ തലത്തിൽ സമ്പൂർണ്ണമായ പുന:സംഘടന ദേശീയ സമ്മേളനത്തിൽ പ്രഖ്യാപിച്ചതോടെ സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമായി സമുദായിക സന്തുലിതാവസ്ഥ കണക്കിലെടുത്ത് ക്രിസ്ത്യൻ ആയിരിക്കും പ്രസിഡണ്ട് എന്നതിലേക്ക് വരെ ചർച്ച നീണ്ടു. മാധ്യമങ്ങൾക്കു മുന്നിൽ താൻ ഒരിക്കലും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്നും ജീവനുള്ള കാലത്തോളം താൻ കോൺഗ്രസിനെ നയിക്കുമെന്നും സുധാകരൻ ആണയിട്ടു. തനിക്ക് ആരോഗ്യ പ്രശ്നമില്ല ദിവസവും നാല് യോഗങ്ങളിൽ പ്രസംഗിക്കുന്നു, നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള സംഘടന പ്രവർത്തനങ്ങളെ കൃത്യമായി വിലയിരുത്തുന്നു നടത്തുന്നു. അതുകൊണ്ട് താൻ എന്തിന് മാറണം എന്നതൊക്കെ ഉയർത്തി,
വാക്പ്രയോഗത്തിൽ ഒരു ഘട്ടത്തിൽ ദേശീയ നേതൃത്വത്തെ വെല്ലുവിളിക്കുക കൂടി ചെയ്തു. പുതിയ പ്രസിഡണ്ടായി സണ്ണി ജോസഫ് വന്നപ്പോൾ മൊത്തത്തിൽ മലക്കം മറിച്ചിൽ ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല… മാറ്റിയാൽ ബി.ജെ.പി.യിലേക്കും എം.പി സ്ഥാനവും രാജിവെച്ചു പോകുമെന്ന് പറഞ്ഞ, പ്രസിഡണ്ട് ആകുന്നതിനു മുന്നെ തനിക്ക് തോന്നിയാൽ ബി.ജെപിയിൽ പോകും അതിന് ആരുടെയും സമ്മതം വേണ്ടെന്ന് പറഞ്ഞ സുധാകരനെയും കേരളം മറന്നിട്ടില്ല.
വർഷം മുഴുവൻ പുനസംഘടന നടക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് വിമർശിച്ചത് പാർട്ടിയുടെ സീറ്റിംഗ് എം.എൽഎയാണ്. പത്ത് വർഷമായി സംസ്ഥാനത്ത് കാക്കാത്തൊള്ളായിരം ഡി.സി.സി ഭാരവാഹികളെ നിയമിച്ചിട്ട് ഇതുവരെ അവരെ കർമ്മ നീരതരാക്കാൻ കഴിഞ്ഞിട്ടില്ല. കഴിവിനും ജനപിന്തുണയ്ക്കും ഗ്രൂപ്പ് താൽപ്പര്യത്തിനു മുന്നിലും മുട്ട് മടക്കി അനാർഹരായവരെ പണം കീഴിയുടെ വലിപ്പവും നോക്കി സ്ഥാനങ്ങളിലും സ്ഥാനാർത്ഥിത്വങ്ങളിലും വാഴ്ത്തിയിരുത്തുന്നത് ഇനിയും അവസാനിച്ചില്ലെങ്കിൽ പ്രതിപക്ഷത്ത് ഇനിയും തുടരും.
വെല്ലുവിളികളേറെയാണ് സണ്ണി ജോസഫ് അടൂർ പ്രകാശ് ടീമിന് മുന്നിൽ. ഓരോ കടമ്പകളും ഏറെ ശ്രമകരമായതാണ്. നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുക്കാതെ ഗ്രൂപ്പ് താൽപര്യമാണ് നയിക്കുന്നതെങ്കിൽ 2026ലും അത്ഭുതമൊന്നും സംഭവിക്കാനില്ല. ഇതിലുപരി ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ കോൺഗ്രസ് എവിടെയെന്ന ചോദ്യമുണ്ട്. നാടിൻ്റെയും പ്രദേശികമായതായ പരിപാടികളിൽ കോൺഗസിനെ കാണാതായിട്ട് വർഷങ്ങളായി. തല മാത്രം മാറിയാൽ പോരെ വാലും മാറണം..280 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റുകളും 1500 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളും 2500 ത്തിലധികം വരുന്ന വാർഡ് പ്രസിഡണ്ടുമാരും മഹാ ഭൂരിപക്ഷം വരുന്ന അണികളുമടങ്ങുന്നതാണ് കോൺഗ്രസ്. പുതിയ ടീം ആദ്യം ചെയ്യേണ്ടത് ഇവരുമായി നിരന്തരമായ ആശയവിനിമയം നടത്തുകയാണ്.
ശീതികരിച്ച് മുറിയിലും കാറിലും നടത്തുന്ന രാഷ്ട്രീയമല്ല ആവശ്യം. അല്ലെങ്കിൽ നാറാണുത്തു ഭ്രാന്തൻ ദൈവത്തെ വിളിച്ചു വരുത്തിയത് പോലെയാകും ദൈവം ചോദിച്ചു ന്താ വിളിച്ചത് ഭ്രാന്തൻ ഒന്നുമില്ലാ വെറുതെ. അത് കേട്ട് പോകാൻ നിന്ന ദൈവത്തിനോട് അല്ലാ വന്ന സ്ഥിതിക്ക് എന്തെങ്കിലും വരം തന്നിട്ട് പോയാൽ മതി. ദൈവം വരം കൊടുത്തു ഭ്രാന്തൻ്റെ വലത്തെ കാലിലെ മന്ത് ഇടത്തെ കാലിലേക്ക് ആവട്ടെ… ശുഭം..

error: