പുലരട്ടെ സമാധാനം
യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. ആക്രമിച്ചാൽ തിരിച്ചാക്രമിക്കും എന്നുള്ളത് ഒരു പൊതു നിയമമാണ്. ഇന്ത്യ സ്വീകരിച്ചത് ആ നിലപാടാണ്. 26 ജീവനുകൾ നഷ്ടപ്പെട്ട ഒരു രാജ്യത്തിന്റെ സ്വാഭാവിക പ്രതികരണം മാത്രമാണിത്. പക്ഷേ, കാലങ്ങളായി ഇന്ത്യയെന്ന രാജ്യത്തോട് തുടരുന്ന വൈരാഗ്യവും പ്രതികാര ബുദ്ധിയും തലമുറകൾ തോറും തലമുറകളിലേക്ക് പകരുന്ന ഇന്ത്യാവിരുദ്ധ വികാരവും പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ തായ് വേരുകളെ തന്നെയാണ് ഭീകരവാദത്തിന്റെ വിഷവിത്തുകൾ ആക്കിയത്.
പിന്തുടർന്ന് വേട്ടയാടുന്ന അങ്ങേയറ്റം മൃഗീയവും പൈശാചികവുമായ ശൈലിയാണ് വർഷങ്ങളായി പാക്കിസ്ഥാൻ ഇന്ത്യയോട് പുലർത്തുന്നത്. നിരപരാധികളായ മനുഷ്യജീവനുകൾ ഈ നരവേട്ടയ്ക്ക് ഇരകളായിട്ടുണ്ട് എന്നുള്ളതാണ് ഏറെ സങ്കടകരം. അശാന്തിയുടെ റഡാറുകൾ കൊണ്ടും മിസൈലുകൾ കൊണ്ടും ഒരു രാജ്യവും ഇന്നാൾ വരെ ഒന്നും നേടിയതായ ചരിത്രമില്ല. അങ്ങനെ പിടിച്ചടക്കിയതൊന്നും അനാദിയായ കാലത്തോളം നീണ്ടു നിന്നിട്ടുമില്ല. എന്നിട്ടും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും ഐക്യത്തിന്റെയും പുതിയ കാലത്തിന്റെ ഭൂമികയിലേക്ക് ഭീകരവാദത്തെ പരത്താൻ ശ്രമിക്കുന്ന നിഗൂഢ മനസിനെ, ആ മനോഭാവത്തെ ലോകം ഒന്നടങ്കം എതിർക്കേണ്ടതും ചെറുത്തു തോൽപ്പിക്കേണ്ടതുമുണ്ട്.
സമാധാനത്തിന്റെയും സംയമനത്തിന്റെയും നിലപാടുമായാണ് ഇന്ത്യ എക്കാലവും ലോക മനസാക്ഷിക്ക് മുന്നിൽ ഇത്തരം സാഹചര്യങ്ങളെ നേരിട്ടിട്ടുള്ളത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് തന്നെ ഭീകരവാദികളെ ലക്ഷ്യമിട്ടായിരുന്നു. പാക്കിസ്ഥാനിലെ സാധാരണക്കാരായ ജനങ്ങളെയോ മറ്റ് പൊതു ഇടങ്ങളെയോ ഇന്ത്യൻ സൈന്യം ഒരു മുടിനാരു കൊണ്ടു പോലും അസ്വസ്ഥപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ല. എന്നിട്ടും മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് അടക്കമുള്ള വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കാവുന്ന ആരോപണങ്ങൾ വരെ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ചു. ലോക രാഷ്ട്രങ്ങൾക്കു മുന്നിൽ ഇന്ത്യയെ പരസ്യമായി അവഹേളിക്കാനും അപമാനിക്കാനും ശ്രമിച്ചു.
പാകിസ്ഥാൻ ലക്ഷ്യമിട്ടത് ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളെയാണ്. ശനിയാഴ്ച വൈകുന്നേരത്തോടു കൂടി പാകിസ്ഥാൻ ആവശ്യപ്പെട്ടത് പ്രകാരം അതിർത്തിയിൽ കർശനമായ ഉപാധികളോട് കൂടി ഇരു രാജ്യങ്ങളും സംയുക്തമായ വെടിനിർത്തൽ പ്രഖ്യാപിച്ചു. ഔദ്യോഗികമായ പ്രഖ്യാപനം പൂർത്തിയായി മണിക്കൂറുകൾക്കകം തന്നെ പാകിസ്ഥാൻ അത് ലംഘിക്കുന്ന കാഴ്ചകളാണ് ശ്രീനഗർ അതിർത്തിയിലും ലാൽ ചൗക്കിലുമടക്കം സാക്ഷ്യം വഹിച്ചത്. സമാധാനത്തിന്റെ വാക്കുകൾ പറഞ്ഞ് ഐക്യത്തോടുകൂടി മുന്നോട്ടുപോകാൻ ഇന്ത്യ തയ്യാറാകുമ്പോൾ മനപൂർവ്വം രാജ്യത്തെയും ജനങ്ങളെയും പ്രകോപിപ്പിക്കുകയാണ് പാകിസ്ഥാൻ.
ചില വ്യക്തികളുടെ, പ്രസ്ഥാനങ്ങളുടെ സ്ഥാപിതമായ താല്പര്യങ്ങളിൽ പാകിസ്ഥാനിലെ നിരപരാധികളായ ജനതയും രാജ്യത്തിന്റെ പോരാട്ട ഭൂമിയിൽ പ്രാർത്ഥനകളുമായി കഴിയുന്ന ഇന്ത്യ ജനതയും ഒട്ടും ആശ്വാസകരമല്ലാത്ത ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. കൊടിയുടെയോ ജാതിയുടെയോ മതത്തിന്റെയോ വർഗത്തിന്റെയോ തൊലിയുടെയോ നിറമില്ലാതെ സർവ്വരെയും മനുഷ്യരായി കാണുന്ന സംസ്കാരമാണ് രാജ്യത്തിൻ്റെ. അതുകൊണ്ട് സമാധാനത്തിന്റെ ശാന്തിയുടെ ദിനങ്ങൾ ആവട്ടെ ഇനി വരുന്നത്.
ഭീകരവാദികളെ ഒരിക്കലും വെറുതെ വിടില്ല ഈ രാജ്യം. അവരെ സംരക്ഷിക്കുന്നവരെയും വളർത്തുന്നവരെയും ശക്തമായ ഭാഷയിൽ തന്നെ പ്രതിരോധിക്കുകയും ശിക്ഷിക്കുകയും ചെയ്യും. പക്ഷേ, ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും ദിനങ്ങൾക്ക് അറുതി വേണം. സമാധാനം കാംഷിക്കുന്ന ജനങ്ങളാണ് അപ്പുറവും ഇപ്പുറവും. സാധാരണ ജീവിതത്തിലേക്ക് അവർക്ക് മടങ്ങിവരാനുള്ള അവസരം ഉണ്ടാവണം. തിങ്കളാഴ്ച നടക്കുന്ന ഇരു രാജ്യങ്ങളുടെയും ഡി.ജി.എം മാരുടെ യോഗത്തിലൂടെ എല്ലാത്തിലും അറുതിയാവട്ടെ… സമാധാനം പുലരട്ടെ..