International

വെറുതെയായില്ല ട്രംപിന്റെ സന്ദർശനം, 20,000 കോടി ഡോളറിന്റെ കരാറുകൾ ഒപ്പിട്ട് അമേരിക്കയും യുഎഇയും

അബുദാബി(Abudhabi): അമേരിക്കയും യുഎഇയും തമ്മിൽ ഒപ്പുവെച്ചത് 20,000 കോടി ഡോളറിന്റെ കരാറുകൾ. മിഡിൽഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎഇയിൽ എത്തിയപ്പോഴാണ് ഇരു രാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചത്. ഇതു കൂടാതെ പത്തു വർഷത്തിനിടെ അമേരിക്കയിൽ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തുമെന്നും പ്രഖ്യാപിച്ചു.

വ്യോമയാനം, പ്രകൃതിവാതക ഉൽപ്പാദനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലാണ് ഇരു രാജ്യങ്ങളും പ്രധാനമായും കരാറുകൾ ഒപ്പുവെച്ചത്. ബോയിംഗ്, ജിഇ എയ്‌റോസ്‌പേസ്, ഇത്തിഹാദ് എയർവേയ്‌സ് എന്നിവ തമ്മിൽ 1450 കോടി ഡോളറിന്റെ ധാരണാപത്രത്തിലും ഒപ്പുവെച്ചു. അബുദാബിയിൽ പുതിയ അഞ്ച് ജിഗാവാട്ട് ശേഷിയുള്ള യുഎഇ-യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമ്പസ് തുറക്കാനും ഇരു രാജ്യങ്ങൾക്കുമിടയിൽ ധാരണയായി. അമേരിക്കയും യുഎഇയും തമ്മിലുള്ള  സാങ്കേതിക സഹകരണം കൂടുതൽ ശക്തമാക്കുന്നതായിരിക്കും ഈ പദ്ധതി. ഇതിന്റെ ആദ്യ ഘട്ടം ട്രംപും ശൈഖ് മുഹമ്മദും ചേർന്ന് നിർവഹിച്ചു. പ്രകൃതിവാതക മേഖലയിൽ അമേരിക്കൻ കമ്പനികളായ എക്സോൺ മൊബിൽ, ഓക്സിഡന്റൽ പെട്രോളിയം, ഇഒജി റിസോഴ്സസ് എന്നിവയുമായി അഡ്നോക് 6000 കോടി ഡോളറിന്റെ കരാറിലെത്തുകയും ചെയ്തു.

വ്യാഴാഴ്ച പ്രാദേശിക സമയം മൂന്നു മണിയോടെയാണ് ട്രംപ് യുഎഇയിലെത്തിയത്. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തി ട്രംപിനെ സ്വീകരിച്ചു. യുഎഇയുടെ ഫൈറ്റർ ജെറ്റുകൾ രാജ്യത്തിന്റെ അതിർത്തിയിലെത്തി അമേരിക്കൻ പ്രസിഡന്റിന്റെ എയർഫോഴ്സ് വൺ വിമാനത്തിന് അകമ്പടി നൽകുകയും ചെയ്തിരുന്നു. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. 2008ൽ ജോർജ്ജ് ഡബ്ല്യു ബുഷ് ആണ് ഇതിന് മുമ്പ് യുഎഇ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്.

Highlights: Trump’s visit was not in vain, US and UAE sign agreements worth $200 billion

error: