“യുദ്ധവിമാന നഷ്ടം എത്ര?” – വിദേശകാര്യ മന്ത്രിയുടെ മൗനം അപലപനീയമെന്ന് രാഹുൽ
ന്യൂഡൽഹി(New Delhi): ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ടുണ്ടായ യുദ്ധവിമാന നഷ്ടങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ചോദ്യം ഉന്നയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. പാക് പ്രത്യാക്രമണം നേരത്തേ അറിയാമായിരുന്നുവെങ്കിൽ ഇന്ത്യയുടെ പാഠം എന്തായിരുന്നു എന്ന ചോദ്യമാണ് രാഹുലിന്‍റെ ആവർത്തനം. “ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങൾ നഷ്ടമായി? എന്തിനാണ് വിദേശകാര്യ മന്ത്രിയുടെ മൗനം?” – ഇതായിരുന്നു രാഹുലിന്റെ തുറന്ന ചോദ്യങ്ങൾ. സംഭവത്തിൽ വീഴ്ചയല്ല, മറിച്ച് മനഃപൂർവമായ കുറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ രംഗത്തെത്തി. ഭീകരാക്രമണം നടക്കുമെന്ന സൂചനയോടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മൂന്നു ദിവസം മുമ്പ് തന്നെ പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നുവെന്ന് ഖര്‍ഗെ പറഞ്ഞു. ഈ വിവരത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രധാനമന്ത്രിയുടെ കശ്മീരിലെ പര്യടനം മാറ്റിയത്. എന്നാൽ ഈ വിവരം പൊതുജനത്തിൽ നിന്ന് മറച്ചുവച്ചുകൊണ്ട് നിരപരാധികളായ പൗരന്മാരെ ഭീകരാക്രമണത്തിനിരയാക്കുകയായിരുന്നുവെന്നും ഖര്‍ഗെ ആരോപിച്ചു.
രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും രംഗത്തെത്തിയ പശ്ചാത്തലത്തില്‍ സുരക്ഷ, സുതാര്യത, ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ വീണ്ടും ദേശീയ ചർച്ചയായിരിക്കുകയാണ്.
Highlights: “How many fighter jets were lost?” – Rahul says External Affairs Minister’s silence is condemnable