മജിസ്ട്രേറ്റ് കോടതി ഉത്തരവ് തള്ളി; രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടകേസിൽ ശശി തരൂരിന് നോട്ടീസ്
ന്യൂഡൽഹി(New Delhi): ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ട കേസിൽ ശശി തരൂരിന് നോട്ടീസ്. ഡൽഹി ഹൈകോടതിയാണ് നോട്ടീസയച്ചിരിക്കുന്നത്. വിഷയം പരിഗണനക്കെടുക്കുകയാണെന്നും ജസ്റ്റിസ് രവീന്ദ്രർ ദുദേജ പറഞ്ഞു. തുടർന്ന് ശശി തരൂരിന് നോട്ടീസയക്കുകയായിരുന്നു.
ചന്ദ്രശേഖറിന്റെ ക്രിമിനൽ മാനനഷ്ടകേസ് തള്ളിയുള്ള മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ദേശീയ ചാനലിൽ നടന്ന ചർച്ചയിൽ ശശി തരൂർ തന്നെ അപമാനിക്കുന്ന രീതിയിലുള്ള പ്രസ്താവന നടത്തിയെന്നാണ് രാജീവ് ചന്ദ്ര ശേഖറിന്റെ ആരോപണം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനിടെ ശശി തരൂരിന്റെ എതിരാളിയായ രാജീവ് ചന്ദ്രശേഖർ പണം നൽകിയെന്ന ആരോപണം ടി.വി ചർച്ചയിൽ തരൂർ ഉയർത്തിയെന്നും ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്ന പ്രസ്താവനയാണെന്നുമാണ് ചന്ദ്രശേഖർ പരാതിയിൽ ആരോപിച്ചിരുന്നത്.
കേസിലെ തെളിവുകൾ ഒന്നും പരിഗണിക്കാതെ വിചാരണ കോടതി ഹരജി തള്ളുകയായിരുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ അഭിഭാഷകൻ ഹൈകോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് ഡൽഹി ഹൈകോടതി ശശി തരൂറിന് നോട്ടീസയച്ചത്.
നേരത്തെ ഫെബ്രുവരി നാലിന് മജിസ്ട്രേറ്റ് കോടതി കേസ് പരിഗണിച്ചപ്പോൾ തരൂരിനെ വിളിച്ചുവരുത്താൻ മജിസ്ട്രേറ്റ് പരാസ് ദലാൽ വിസമ്മതിച്ചിരുന്നു. മാനനഷ്ടകേസിനുള്ള ആരോപണങ്ങളൊന്നും ഹരജിയിലില്ലെന്നും മജിസ്ട്രേറ്റ് നിരീക്ഷിച്ചിരുന്നു. തുടർന്നാണ് രാജീവ് ചന്ദ്രശേഖർ ഹൈകോടതിയെ സമീപിച്ചത്. സെപ്റ്റംബർ 18നാണ് കേസ് വീണ്ടും പരിഗണിക്കുക.
Highlights: Magistrate court rejects order; notice issued to Shashi Tharoor in defamation case filed by Rajeev Chandrasekhar