Editorial

രഞ്ജിയിലെ റണ്ണറപ്പിന് തങ്കത്തിളക്കം ടീം കേരളക്ക് അഭിനന്ദനങ്ങൾ

പാട്യാല രാജാവായിരുന്ന ഭൂപേന്ദ്ര സിംഗ് 1934ൽ അന്തരിച്ച ഗുജറാത്ത് നവ നഗരിയിലെ ജാം സാഹിബ് രഞ്ജിത്ത് സിൻഹയുടെ സ്മരണാർത്ഥം സമർപ്പിച്ചതാണ് മൂന്നാം തവണയും വിദർഭ ഏറ്റുവാങ്ങിയ രഞ്ജി ട്രോഫി. 2024-25  രഞ്ജി ട്രോഫി സീസൺ ഫൈനൽ അത്യാവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ മത്സരത്തിന്റെ നിമിഷങ്ങളെ കണ്ടുകൊണ്ടിരുന്നത്. പാണ്ടിമേളത്തിൻ്റെയും പഞ്ചവാദ്യത്തിൻ്റെയും കാലം കെട്ടി കയറും പോലെ,  ഒരു മഴ പെയ്ത്  തോരും പോലെ അത്രമേൽ  കോരിത്തരിപ്പിക്കുകയായിരുന്നു വിദർഭ-കേരളം ഫൈനൽ പോരാട്ടം. രഞ്ജി ട്രോഫിയിൽ മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 37 റൺസിൻ്റെ മേൽകൈ നേടിയതാണ് കിരീടം അണിയാൻ വിദർഭയ്ക്ക് വഴിയൊരുക്കിയത്. വിജയലക്ഷ്യത്തിലേക്ക് എത്താൻ കേരളത്തിന് 35 ഓവറിൽ 405 റൺസ് നിലനിൽക്കെയാണ് കേരളം സമനില വഴങ്ങിയത്. സീസണിൻ്റെ തുടക്കം മുതൽ ഫൈനൽ വരെ ഇരു ടീമുകളും വീറുറ്റ മത്സരമാണ് ഫീൽഡിൽ കാഴ്ച്ചവെച്ചത്. ഫൈനലിനു മുമ്പ് രണ്ട് മത്സരങ്ങളിൽ വിദർഭ സമനില വഴങ്ങിയെങ്കിലും കേരളം നല്ല പ്രകടനമാണ് എല്ലാ ഘട്ടങ്ങളിലും കാഴ്ചവെച്ചത്. 2018, 2019 വർഷങ്ങളിലേത് ഉൾപ്പെടെ  വിദർഭയുടെ മൂന്നാം കീരിടമാണിത്. ആദ്യ ഇന്നിങ്സിൽ വിദർഭയുടെ പത്താം വിക്കറ്റ് നീണ്ടുപോയതാണ് കേരളത്തിൻ്റെ കീരിടം ഇല്ലാതാക്കിയത്. രണ്ടാം ഇന്നിങ്സ് ആരംഭത്തിൽ തന്നെ  വിദർഭയുടെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി കേരള ബൗളർമാർ കാണികൾക്ക് പ്രതീക്ഷ നൽകി. ഒരു റണ്ണെടുത്ത പാർഥ് റെഖാഡെയെ ജലജ് സക്സേനയും അഞ്ച് റൺസെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ട വിദർഭയ്ക്ക് രണ്ടാം ഇന്നിങ്സിലും രക്ഷകരായത് ഡാനിഷ് മലേവാർ-കരുൺ നായർ കൂട്ടുകെട്ടാണ്.
182 റൺസാണ് മൂന്നാം വിക്കറ്റിൽ രണ്ടാളും കരസ്ഥമാക്കിയത്. 73 റൺസെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുൺ നായർ സെഞ്ചുറി തിരിച്ച 135 റൺസാണ് താരം നേടിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ഡാനിഷാണ് കളിയിലെ താരമായി മാറിയത്. വിക്ടറി സ്റ്റാൻഡിൽ നിങ്ങളെ പ്രതീക്ഷിച്ചിരുന്ന, അതിനായി പ്രാർത്ഥിച്ചിരുന്ന, കാത്തിരുന്ന, മൂന്നരക്കോടിയിൽ ചിലരെങ്കിലും ചിലപ്പോൾ പരിഹസിക്കാം, വലിയ വിലയിരുത്തലുകൾ നടത്തിയെന്ന് വരാം, പരിഹാസങ്ങളും കരഘോഷങ്ങളും ഉണ്ടാകാം. ഒന്നുമില്ലായ്മയിൽ നിന്ന് ഇത്രത്തോളം എത്തിച്ച നിങ്ങളാണ് യഥാർത്ഥ വിജയികൾ.
തോറ്റോടിയവരെന്നല്ല പടപൊരുതിയവരെന്ന് വരുംകാല ചരിത്രം നിങ്ങളെ അടയാളപ്പെടുത്തും. പുതിയ തലമുറ വായിച്ചിരിക്കേണ്ട, പഠിക്കേണ്ട ടീം സ്പിരിറ്റും പോരാട്ടവീര്യവും ഒട്ടും ചോർന്നുപോകാതെ കാത്തിരിക്കുന്ന പിച്ചിലേക്കും ഫീൽഡിലേക്കും മടങ്ങുക വിജയത്തിന്റെ ഔന്നിത്യങ്ങൾ രാജകീയമായി  റെഡ് കാർപെറ്റ് വിരിച്ച് ടീം കേരളയെ വരവേൽക്കാൻ കാത്തുനിൽക്കുന്നുണ്ട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സ്വർണ്ണത്തേക്കാൾ തിളക്കമുള്ള വെള്ളി നക്ഷത്രങ്ങൾക്ക്.

error: