ചാമ്പ്യൻസ് ട്രോഫി ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ
ത്രസിപ്പിക്കുന്ന പോരാട്ടത്തിലൂടെ മൂന്നാം ചാമ്പ്യൻ ട്രോഫി കീരിടം നേടിയ ഇന്ത്യ ടീമിന് ഒരായിരം നിറഞ്ഞ അനുമോദനങ്ങൾ… ന്യൂസിലാൻഡിനെ തോൽപ്പിച്ച് 4 വിക്കറ്റിന് 140 കോടി ഭാരതീയരുടെ ഹൃദയമിടിപ്പ് വേഗതയും ശക്തിയും സൗന്ദര്യവുമുണ്ടായിരുന്നു. അത്രമേൽ ജനത ഈ വിജയം ആഗ്രഹിച്ചിരുന്നു, സ്വപ്നം കണ്ടിരുന്നു. അപരാജിതരായി ഇന്ത്യ കിരീടം ചൂടുമ്പോൾ അതിന് കണക്ക് വീട്ടലിന്റെ പ്രതികാരമധുരം കൂടിയുണ്ട്. 25 വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി ന്യൂസിലൻഡ് എത്തുമ്പോൾ ആരാധകർക്ക് ആകാംഷയേറെയായിരുന്നു.
വൈറ്റ്-ബാൾ ക്രിക്കറ്റിലെ മേജർ ടൂർണമെന്‍റിന്‍റെ ഫൈനലിൽ 2000നു ശേഷം ഇതാദ്യമായി ഇന്ത്യ കിവീസിനെ നേരിടുന്നു എന്നതിൽ തന്നെ ഞരമ്പുകളിൽ ചോര തിളച്ചു തുടങ്ങിയിരുന്നു. ഐ.സി.സി ടൂർണമെന്‍റുകളിൽ രണ്ട് തവണയാണ് ഇന്ത്യ – ന്യൂസിലൻഡ് കലാശ പോരാട്ടം നടന്നത്. രണ്ട് തവണയും ജയം കിവീസിനൊപ്പമായിരുന്നു. സെമി ഫൈനലിൽ ആസ്ട്രേലിയയെ തകർത്ത് എത്തുന്ന ടീം ഇന്ത്യ, ടൂർണമെന്‍റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. ന്യൂസിലൻഡാകട്ടെ, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യയോട് തോറ്റിരുന്നു. ഫൈനലിൽ കൂടി ജയം പിടിച്ച് 2000ലെ തോൽവിക്ക് കണക്കുതീർക്കുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു ഞായറാഴ്ച കലാശപ്പോരിന് ഹിറ്റ്മാനും സംഘവും ഇറങ്ങിയത്.
2000ൽ നെയ്റോബിയിൽ നടന്ന ഐ.സി.സി നോക്ക്ഔട്ട് ട്രോഫി ഫൈനലിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലിറങ്ങിയ ടീം ഇന്ത്യ നാല് വിക്കറ്റിനാണ് തോൽവിക്ക് വഴങ്ങിയത്. ഗാംഗുലി സെഞ്ച്വറിയും സചിൻ തെണ്ടുൽക്കർ അർധ സെഞ്ച്വറിയും നേടിയ മത്സരത്തിൽ ദ്രാവിഡും കാംബ്ലിയും യുവരാജും അടങ്ങിയ മധ്യനിര പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇന്ത്യയുയർത്തിയ 265 റൺസ് വിജയലക്ഷ്യം ക്രിസ് കെയ്നിന്‍റെ സെഞ്ച്വറി മികവിലാണ് സ്റ്റീഫൻ ഫ്ളെമിങ്ങിന്‍റെ നേതൃത്വത്തിലിറങ്ങിയ കിവീസ് മറികടന്നത്. അന്ന് കാത്ത് വെച്ച കണക്ക് 2025 മാർച്ച് ഒമ്പതിന് ദുബായ് മണ്ണിൽ ഇന്ത്യ പലിശയോടെ തീർത്ത് നൽകി. ഇന്ത്യ ഈ ചുവട് വെച്ചത് ചരിത്രത്തിലേക്ക് കൂടിയായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീടനേട്ടവും തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്കും സ്വന്തമായി. കിരീട നേട്ടത്തോടെ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ടീം ആയി ഇന്ത്യ മാറി. രണ്ട് ട്രോഫികൾ നേടിയ ഓസ്ട്രേലിയയുടെ റെക്കോർഡാണ് ഇന്ത്യ തകർത്തത്. നേരത്തേ 2002, 2013 വർഷങ്ങളിലാണ് ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ടത്. ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് എന്ന വാചകം പോലെ സീസണിൻ്റെ തുടക്കം മുതൽ അതിമനോഹരമായ കളി മികവ് കൊണ്ട് പൊരുതി ഒറ്റ മത്സരത്തിലും തോൽവിയുടെ കയ്പു നീര് രൂചിക്കാതെയാണ് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിക്ടറി സ്റ്റാൻഡിലെ തലയെടുപ്പിലേക്ക് ടീം ഇന്ത്യ നടന്നു കയറിയത്.
ടി 20 കിരീടത്തിനൊപ്പം ഇരട്ടി മധുരമാണ് ഈ സുവർണ്ണ നേട്ടവും. വർഷങ്ങൾക്കു ശേഷമാണ്, കൃത്യമായി പറഞ്ഞാൽ ഒരു വ്യാഴവട്ടത്തിനിപ്പുറമാണ് ഇന്ത്യ ആദ്യമായി ഐ.സി.സി ട്രോഫി ഉയർത്തുന്നത്. മത്സരത്തിൻ്റെ തുടക്കത്തിൽ ബാറ്റ് ചെയ്ത കീവികൾ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടത്തു, മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ 49 ഓവറിൽ ആറു വിക്കറ്റ് വഴങ്ങി 254 റൺസുമായി കളം പിടിച്ചു. കീവികൾക്ക് രണ്ടാം തവണയാണ് ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ നിന്ന് നിരാശയോടെ മടങ്ങേണ്ടി വരുന്നത്. 101 പന്തിൽ 63 റൺസ് കരസ്ഥമാക്കിയ ഡാറിൽ മിച്ചലാണ് ന്യൂസിലാൻഡിൻ്റെ ടോപ്പ് സ്കോർ. ഇന്ത്യൻ കരുത്ത് വെള്ളവും വളവും നൽകിയത് ക്യാപ്റ്റൻ രോഹിത് ശർമ്മ തന്നെയാണ്. 83 പന്തിൽ 3 സിക്സറും ഏഴ് ഫോറും ഉൾപ്പെടെ 76 റൺസ് നേടിയ രോഹിത് ശർമയാണ് ടോപ് സ്കോർ നേടിയത്. ശ്രേയസ് അയ്യർ 48 റൺസും നേടി. വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, രണ്ട് വിക്കറ്റുകളും മുഹമ്മദ് ഷമി, രവീ ജഡേജ ഒരേ വിക്കറ്റും നേടി. കഠിനാധ്വാനവും അർപ്പണബോധവും ആത്മവിശ്വാസവും ഉൾചേർന്ന ടീം സ്പിരിറ്റിനും നേട്ടത്തിന്റെ പൊൻകിരീടത്തിലേക്ക് നൂറു പൂക്കൾ സ്നേഹാദരങ്ങൾ…