മന്ത്രീ… മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞത് ജീവിതമാണ്
ഓരോ ഫയലും ഓരോ ജീവിതമാണ്. 2016-ൽ കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദത്തിൽ അവരോധിതനാകുന്ന വേളയിൽ പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവ് ഭരണാധികാരി പൊതുസമൂഹത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച് ആഹ്വാനം ചെയ്ത, പിന്നീട് നാടുമുഴുവൻ ഏറ്റെടുത്ത ഇന്നോളം നാടിന്റെ ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള മനുഷ്യപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ചൈതന്യാത്മകവും ധീരവുമായ മുദ്രാവാക്യവും നിലപാടുമായിരുന്നു. എന്നാൽ, വാക്കും പ്രവർത്തിയും രണ്ടും രണ്ടാണെന്ന് തോന്നുന്ന തരത്തിൽ പ്രകടമായ പ്രത്യക്ഷമായ ഗുരുതരമായ വീഴ്ചകൾ ഭരണ നേതൃത്വങ്ങളുടെ ഭാഗത്തുനിന്നുണ്ടാക്കുന്ന ഞെട്ടലിലാണ് കേരളം.
പ്രതീക്ഷകളും വിശ്വാസങ്ങളും ആശങ്കയും ഒരു തുണ്ട് കടലാസിൽ എഴുതി അധികാര വർഗ്ഗത്തിന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ ഓരോ മനുഷ്യനും പുലർത്തുന്നത് ജീവനോളം തുല്യമായ പ്രത്യാശയാണ്. ആവശ്യം അല്ലെങ്കിൽ പ്രശ്നം അനുഭാവപൂർവ്വം കേൾക്കാനുള്ള സന്മനസ്സ് തന്നെ കസേരകളിൽ ഇരിക്കുന്ന മന്ത്രിമാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടായാൽ പകുതി ആശ്വാസത്തോടുകൂടിയാണ് എല്ലാവരും മടങ്ങാറുള്ളത്. അത്രമേൽ സങ്കീർണവും വൈകാരികവുമാണ് ആവലാതികളും ആവശ്യങ്ങളുമായി സർക്കാർ ഓഫീസുകളിൽ കേറിയിറങ്ങുന്നവരുടെ മനസ്സ്. അതുകൊണ്ടുതന്നെയാണ് പിണറായി വിജയൻ പറഞ്ഞ വാചകം കേരളം കാതുകൾ കൊണ്ടല്ല കേട്ടത്, മനസ്സുകൊണ്ട് അല്ല സ്വീകരിച്ചത് ഹൃദയത്തിലേക്ക് ചേർത്തുപിടിക്കുകയായിരുന്നു. അത്തരം ജനപക്ഷ സമീപനങ്ങളും പ്രവർത്തനങ്ങളും കൊണ്ട് അപരന്റെ സങ്കടങ്ങൾക്ക് അറുതി വരുത്തിയതിലാണ് രണ്ടാമതും കേരള മക്കളെ നയിക്കാനുള്ള തുടർ അവസരം അവർ പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വീണ്ടും നൽകിയതും.
രാഷ്ട്രീയപരമായ ആരോപണ പ്രത്യാരോപണങ്ങൾ രണ്ടാം സർക്കാരിന് നേരെ പലതരത്തിൽ, പലവിധത്തിൽ ഉണ്ടെങ്കിലും അത്യന്തം ഗൗരവതരമായ വീഴ്ചയും മാപ്പർഹിക്കാത്ത തെറ്റുമാണ് സംസ്ഥാന മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഞെട്ടലിലാണ് തിങ്കളാഴ്ച നാടുണർന്നത്.
ശനിയാഴ്ച തൃശൂർ ജില്ലയിൽ നടന്ന അദാലത്തിൽ ശാരീരിക പരിമിതിയുള്ളയാളുടെ സ്ഥലം മാറ്റത്തിനായി നൽകിയ അപേക്ഷ, റോഡരികിലെ ചപ്പുചവറുകൾക്കിടയിൽ നിന്ന് കണ്ടെത്തുമ്പോൾ എന്ത് സന്ദേശമാണ് പകരുന്നത്. സിനിമകളിൽ ഇത്തരം സീനുകൾ നിരവധിയുണ്ടായിട്ടുണ്ട്. നിവേദനം വാങ്ങി കാറിൽ പറ്റിയ പക്ഷികാഷ്ഠം തുടച്ചു കളയുകയും, കുടിവെള്ളത്തിനായി നൽകിയ നിവേദനം ചിരിയോടെ വാങ്ങി പുറം തിരിഞ്ഞ് നിർദാക്ഷിണ്യം ചവറ്റുകുട്ടയിലേക്കും എറിയുന്നത് കണ്ട് പ്രേക്ഷകർ ചിരിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും അങ്ങനെയൊന്നുമല്ലെന്നും സിനിമകൾ ഉണ്ടാക്കുന്നതാണെന്നുമുള്ള ന്യായീകരണ പ്രചരണമായിരുന്നു ഒരു കാലം മുഴുവൻ. എന്നാൽ അത് വെറും സിനിമയിലെ സീൻ മാത്രമല്ലെന്നും യാഥാർഥ്യം തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു തൃശൂരിൽ മന്ത്രി ആർ. ബിന്ദുവിന് നൽകിയ നിവേദനം മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയ സംഭവം. നിവേദനം നൽകിയവർക്കുണ്ടാക്കുന്ന ഹൃദയവേദന മാത്രമല്ല, എത്രയൊക്കെ തിക്താനുഭവമുണ്ടായാലും, മന്ത്രിമാരിലും സർക്കാരിലും രാഷ്ട്രീയ നേതൃത്വങ്ങളിലും ഇപ്പോഴും പ്രതീക്ഷ വെക്കുന്ന ജനങ്ങളുടെ കരണത്താണ് അടിച്ചത്. ഇനിയെന്തു വിശ്വാസത്തിന്റെ പുറത്താണ് ജനങ്ങൾ മുന്നോട്ടുപോകേണ്ടത്. ആരിലാണ് പ്രതീക്ഷ വയ്ക്കേണ്ടത്… “മന്ത്രി എന്ന നിലയിൽ എൻ്റെ പരിഗണനയിൽ കൊണ്ടുവരുന്നതും അറിവിൽ കൊണ്ടുവരുന്നതുമായ ഏതെങ്കിലും വിഷയം അങ്ങനെയുള്ള മന്ത്രി എന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങളുടെ മുൻപ്രകാരമുള്ള നിർവഹണത്തിൽ ആവശ്യമാകുന്നതൊഴികെ ഞാൻ ഏതെങ്കിലും ആൾക്കോ ആളുകൾക്കോ നേരിട്ടോ അല്ലാതെയോ അറിയിച്ചു കൊടുക്കുകയോ വെളിപ്പെടുത്തി കൊടുക്കുകയോ ചെയ്യുകയില്ലെന്ന് ഭരണഘടനയെയും ജനങ്ങളെയും സാക്ഷി നിർത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്.
ജനങ്ങളുടെ കോടതിയിൽ മന്ത്രിയും സർക്കാരും ഇതിന് മറുപടി പറയണം. ജനത്തെ തെരുവിൽ മാലിന്യമാക്കുന്നവരെ നാടിനും നാട്ടുകാർക്കും ജനാധിപത്യത്തിനും വേണ്ട. അധികാരം അഹങ്കാരവും അലങ്കാരവുമാകാതെ സേവനമാക്കാനുള്ള വിശാല മനസ്സ് ജനനായകർക്കുണ്ടാവണം.