Editorial

ചെന്നൈയിലെ പ്രതിപക്ഷ സംഗമം ബി.ജെ.പിക്ക് താക്കീതോ?

സ്വാതന്ത്ര്യാനന്തര ഭാരതം ഇന്നോളം ദർശിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ചരിത്രത്തിൽ അതിനിര്‍ണായകമായിരുന്നു 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ്. മൂന്നാമതും അധികാരത്തിൽ എത്തുമെന്നുള്ള പ്രഖ്യാപനത്തിന് പുറമേ 400 സീറ്റ് കൂടി നേടുമെന്നുള്ള നരേന്ദ്രമോദിയുടെയും കൂട്ടരുടെയും അമിതമായ ആത്മവിശ്വാസവും മറ്റു പ്രകടനങ്ങളും രാഷ്ട്രീയപാർട്ടികളിലാകെ ആകാംഷയും പ്രതിപക്ഷ ചേരിക്ക് ആശങ്കയുമുണ്ടാക്കിയിരുന്നു. ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാർ, അത്തരമൊരു ഭരണത്തുടർച്ചയിലേക്കും 400 സീറ്റ് എന്ന ഭീമമായ ഭൂരിപക്ഷത്തിലേക്കും എത്തിച്ചേർന്നാൽ ഇന്ത്യയുടെ രാഷ്ട്രീയ മണ്ഡലത്തിലും സാമൂഹിക രംഗത്തും ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെയായിരുന്നു പ്രതിപക്ഷ ചേരി ആശങ്കയായി ഉയർത്തിയത്. ഇത്തരമൊരു സവിശേഷമായ സാഹചര്യത്തിലാണ് പ്രതിപക്ഷ ഐക്യമുന്നണിയായ ഇന്ത്യ മുന്നണി രൂപീകൃതമാകുന്നത്. ആശയരൂപീകരണ ഘട്ടത്തിൽ തന്നെ നേതൃത്വം ആര്, എന്നിങ്ങനെ തുടങ്ങി ഭിന്നത ഇന്ത്യ മുന്നണിയിലുണ്ട്. എങ്കിലും ബി.ജെ.പിയെന്ന കക്ഷിയെ നേരിടാനുള്ള ശേഷി തങ്ങൾക്കില്ലെന്ന തിരിച്ചറിവാണ് ഭിന്നതയിലും ഒന്നിച്ച് നിൽക്കാൻ ഇന്ത്യ മുന്നണിക്കായത്. 400 സീറ്റിന്റെ അഹന്ത തെരഞ്ഞെടുപ്പ് രംഗങ്ങളിൽ പ്രകടിപ്പിച്ച നരേന്ദ്രമോദിയെയും ബി.ജെ.പിയെയും ശ്വാസം മുട്ടിക്കുന്ന തിരഞ്ഞെടുപ്പ് പ്രകടനം ലോകസഭാ മണ്ഡലങ്ങളിൽ ഇന്ത്യ മുന്നണി കാഴ്ച വെക്കുകയും ചെയ്തു. തൽഫലമായി കഷ്ടിച്ച് മാത്രമാണ് രാജ്യത്തിന്റെ ഭരണം നരേന്ദ്രമോദി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിന് വീണ്ടും ലഭ്യമായത്. അതിനായി ശത്രുപക്ഷത്ത് നിലനിർത്തിയിരുന്ന നിതീഷ് കുമാർ യാദവിന്റെയും, ചന്ദ്രബാബു നായിഡുവിന്റെയും കാൽക്കൽ സാഷ്ടാഗം പ്രണമിക്കേണ്ടിവന്നു ബി.ജെ.പിക്ക്. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം സാങ്കേതികമായ പ്രശ്നങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്ന പ്രതിപക്ഷ ഐക്യത്തിന്റെ രണ്ടാം പുനർജന്മമായി ലോകസഭാ മണ്ഡല പുനർവിഭജനവുമായി ബന്ധപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിളിച്ചുചേർത്ത സമ്മേളനം. ബി.ജെ.പിക്ക് രാഷ്ട്രീയപരമായി വേരോട്ടമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം അനുകൂലമാകുന്ന മണ്ഡല പുനർനിർണയം ഇനിയൊരു 25 വർഷത്തേക്ക് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ശക്തിയുക്തം ഇന്ത്യൻ പ്രതിപക്ഷത്തിന്റെ പരിച്ഛേദം ചെന്നൈയിൽ അതിശക്തമായ നിലപാട് എടുത്താണ് പിരിഞ്ഞത്. ലോകസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ കാൽ പെരുമാറ്റം പോലും സീറ്റുകളുടെ കാര്യത്തിൽ ഉണ്ടാക്കാൻ കഴിയാതിരുന്ന ബി.ജെ.പിക്കുള്ള ശക്തമായ മുന്നറിയിപ്പാണ് ചെന്നൈയിലെ പ്രതിപക്ഷ നേതാക്കളുടെ മഹാസംഗമം. അതിന് തമിഴ്നാടിന്റെ മുഖ്യമന്ത്രി തന്നെ ആതിഥേയത്വം വഹിക്കുമ്പോൾ രാഷ്ട്രീയപരമായി ഇന്നാൾ വരെ പ്രതിപക്ഷത്തുനിന്ന് അല്ലെങ്കിൽ തമിഴ്നാട്ടിൽ നിന്ന് ബി.ജെ.പിക്കും ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ തീരുമാനങ്ങൾ കേട്ട് തിരിച്ചടികൾക്കുമുള്ള ആഘാതം വർധിപ്പിക്കുന്നുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭയപ്പെടുത്താൻ പലതവണ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ ഒരേസമയം ഒരേ വേദിയിൽ ഒരേയിടത്തിലിരുന്ന് കേന്ദ്രത്തിനെതിരെ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ശബ്ദം ഉയർത്തുന്നത്, അതത്ര നിസാരമല്ല. ഇനിയുള്ള നാളുകളിൽ തീരുമാനിക്കപ്പെടുന്ന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കി വിജയിപ്പിച്ച് മുന്നേറാമെന്നുള്ള മോഹം അസ്ഥാനത്താണ് എന്ന് ചെന്നൈ സമ്മേളനം അടിവരയിടുന്നുണ്ട്. ദേശീയ വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ തുടങ്ങിവച്ച പോരാട്ടം ദേശീയ ജനാധിപത്യ സഖ്യത്തെയും ബി.ജെ.പിയെയും തെല്ലൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നതെന്നത് കണ്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഒന്നാകെ പ്രതിപക്ഷ ഐക്യ നിരക്ക് ബദലാണോ ഇതെന്ന് ചോദിച്ചാൽ തെറ്റ് പറയാനാവില്ല. തെക്കൻ ജനതയുടെ രാഷ്ട്രീയ നിലപാടുകൾ ഇന്ത്യൻ ജനാധിപത്യ മണ്ഡലത്തെ പിടിച്ചു കുലുക്കിയ ഇന്നലകൾ മുന്നിലുണ്ട്. പക്ഷേ, ഐക്യം പരമപ്രധാനമാണ് പ്രതിപക്ഷത്തിന് മുന്നേറ്റങ്ങൾക്ക്. ആദ്യം ഒന്നാവുകയും പിന്നീട് അതേ വേഗത്തിൽ തന്നെ തല്ലിപ്പിരിയുകയും ചെയ്യുന്ന മാനസികാവസ്ഥയുമായി ഇത്തരം ഒരു പോരാട്ടത്തിന് ഇറങ്ങിയാൽ കനത്ത തിരിച്ചടിയായിരിക്കും ഫലമെന്നും ഓർക്കുന്നത് നല്ലതാണ്.

error: