Editorial

ഇനിയും പൂരംകലക്കിയെ ഒളിപ്പിക്കുന്നതെന്തിന്

ആരവങ്ങൾക്കും ആവേശങ്ങൾക്കും കേളികൊട്ട് തുടങ്ങി. ഒരു വിളിപ്പാടകലെ പുതുവർഷത്തെ തൃശൂർ പൂരം കാത്തുനിൽക്കുന്നു. നാടും നഗരവും ജനങ്ങളും പൂരത്തെ വരവേൽക്കാൻ തയ്യാറായി. മണ്ണിലും വിണ്ണിലും ദൃശ്യനാഥ വിരുന്നൊരുക്കുന്ന മഹാ പൂരത്തിന്റെ അലയൊലികൾക്കൊപ്പം കെട്ടടങ്ങാതെ നിൽക്കുകയാണ് പോയ പൂരത്തിന്റെ വിവാദ കാറ്റ്.

ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരം തടസപ്പെടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ ക്രമസമാധാന തകർച്ചയുടെ പ്രതീകമായി മാറിയിട്ട് ഒരാണ്ട് പൂർത്തിയാകുമ്പോഴും ഇന്നും ആ പ്രശ്നത്തിൽ നിന്ന് ഉയർന്ന യഥാർത്ഥമായ ഉത്തരം കണ്ടെത്താൻ സംസ്ഥാനത്തെ നീതി നിർവഹണ സംവിധാനത്തിന് ഭരണകൂടത്തിന് സാധിച്ചില്ല എന്നുള്ളത് അങ്ങേയറ്റം ദുരൂഹമാണ്.
ലോകസഭാ തിരഞ്ഞെടുപ്പിന്റെ മൂർദ്ധന്യത്തിൽ പാണ്ടിയുടെയും പഞ്ചാരിയുടെയും പഞ്ചവാദ്യത്തിന്റെയും താളവും കാലവും മുറുകുന്നതിനൊപ്പം തൃശൂർ പൂരം എന്ന കേരളത്തിലെ സാംസ്കാരിക ഉത്സവത്തെ ഹൈജാക്ക് ചെയ്ത് നേട്ടം കൊയ്യാൻ ശ്രമിച്ചതാരാണ് എന്ന കേരള ജനതയുടെ മനസ്സാക്ഷിയിൽ നിന്നുയർന്ന തികച്ചും സത്യസന്ധവും ന്യായയുക്തവുമായ ഉത്തരം നൽകാൻ എന്തുകൊണ്ട് സംസ്ഥാന ആഭ്യന്തരവകുപ്പിനും പൊലീസ് സേനയ്ക്കും കഴിയുന്നില്ല..! വമ്പൻ സ്രാവുകളും നീലത്തിമിംഗലങ്ങളും നത്തോലികളും അടക്കം കേസിന്റെ ദൈനംദിന കലാപരിപാടികൾക്ക് അരങ്ങിലെത്തിയത് ഡസൻ കണക്കിന് ആളുകളാണ്.

ഇവരിൽനിന്ന് ഈ ഒരു വർഷക്കാലയളവിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ കഴിയാതിരുന്നത് പൊലീസിന്റെ കാര്യക്ഷമതയുടെ കുറവോ അതോ മറ്റെന്തെങ്കിലും താൽപര്യമോ സംരക്ഷിക്കാനുള്ള ജാഗ്രതയോ..? തികച്ചും അപ്രതീക്ഷിതമായാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് തൃശൂർ പൂരത്തിന്റെ അർദ്ധരാത്രിയിലെ ചടങ്ങുകൾ അലങ്കോലപ്പെട്ടതായുള്ള വാർത്തകളും വിവരങ്ങളും കേട്ടാണ് അന്ന് നേരം ഇരുട്ടി പുലരുമ്പോൾ മലയാളികളെ ഉണർത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ കൂടി സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ ഭരണത്തലവനായ അന്ന് കാസർകോട് ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻതന്നെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ത്രീ ലെയർ അന്വേഷണമാണ് ആഭ്യന്തരവകുപ്പ് രൂപകൽപ്പന ചെയ്തത്. സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും കരുത്തനായ എ.ഡി.ജി.പി എംആർ അജിത് കുമാറിനായിരുന്നു അന്വേഷണ ചുമതല. രണ്ടര ദിവസം നീളുന്ന തൃശൂർ പൂരത്തിന്റെ ഒരുക്കത്തേക്കാൾ ഗൗരവത്തോടെയും ജാഗ്രതയോടെയും സൂക്ഷ്മതയോടെയും ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെയുള്ള പൂരം നടത്തിപ്പുകാരെ അന്വേഷണസംഘം തിരിച്ചും മറിച്ചും വളച്ചും ഒടിച്ചുമൊക്കെ ചോദ്യം ചെയ്തു.

മാധ്യമപ്രവർത്തകരെയും ആനപ്പാപ്പാൻമാരെയും അടക്കം അന്വേഷണത്തിന്റെ ഭാഗമാക്കി. ഒടുവിൽ സംസ്ഥാനത്തിന്റെ റവന്യൂ വകുപ്പ് മന്ത്രിയും തൃശൂർ ജില്ലക്കാരനും പൂരം നടത്തിപ്പിന്റെ ഔദ്യോഗിക ചുമതലയുണ്ടായിരുന്ന കെ രാജനിലേക്ക് മൊഴിയെടുപ്പ് എത്തിച്ചേർന്നിരിക്കുകയാണ്. ഇത്തരം പ്രഹസനങ്ങൾ അല്ലാതെ കൃത്യമായ റിപ്പോർട്ട് കേസ് അന്വേഷണത്തെ സംബന്ധിച്ച് എന്ന് പുറത്തുവരും. മെയ് മാസം ആറാം തീയതിയാണ് ഇത്തവണത്തെ തൃശൂർ പൂരം. പ്രാഥമികമായ ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടക്കുന്നു. ഒരുക്കങ്ങൾക്കിടയിലും പൂര പ്രേമികളുടെയും ജനസഹസ്രങ്ങളുടെയും ആശങ്കകൾ തീരുന്നില്ല. കഴിഞ്ഞതവണത്തേതു പോലെ ആകുമോ ഇത്തവണത്തെയും പൂരം എന്നുള്ള ഒരു ഭയം സാധാരണക്കാരായ എല്ലാ പൂരാസ്വാദകരിലും ഉണ്ട്. പൂരം സുഗമമായി നടത്താൻ സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുമെന്ന് ചൊവ്വാഴ്ചയും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു, നല്ലതുതന്നെ ആശ്വാസകരവും. പക്ഷേ, പൂരത്തിന്റെ അന്വേഷണം തുടങ്ങിയ കാലയളവിൽ അന്വേഷണ ഉദ്യോഗസ്ഥനായ എ.ഡി.ജി.പി എംആർ അജിത് കുമാറിനെതിരെ മുന്നണിയും സി.പി.എം സ്വതന്ത്രനും ആയിരുന്ന പി.വി അൻവർ ഉന്നയിച്ച പ്രധാനപ്പെട്ട ഒരു ആരോപണം തൃശൂർ പൂരം തകർക്കുന്നതിൽ എഡിജിപി എം.ആർ അജിത് കുമാറിന്റെ കറുത്ത കൈകൾക്ക് പങ്കുണ്ടെന്നാണ്. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെതിരെ തന്നെ രാജ്യത്തെ തന്നെ പ്രധാന സാംസ്കാരികാഘോഷമായി കാണിക്കുന്ന തൃശൂർ പൂരം കലക്കിയെന്ന ആരോപണത്തെ സംബന്ധിച്ച് ഇതു വരെയും വ്യക്തമായി ഒരു ഉത്തരം നൽകാൻ സംസ്ഥാനഭ്യന്തര വകുപ്പ് തയ്യാറാകാത്തത് എന്തുകൊണ്ട്..?

ആരോപണങ്ങളിലെല്ലാം ക്ളീൻചിറ്റ് നൽകി സംസ്ഥാന പൊലീസ് മേധാവിയായി നിയോഗിക്കാനുള്ള കാര്യപരിപാടികൾ അണിയറയിൽ തകൃതിയായി നടക്കുന്ന വാർത്തകൾ കൂടി പുറത്തു വരുമ്പോൾ തൃശൂർ പൂരം അന്വേഷണം വഴിമുട്ടുന്നതിന്റെ അല്ലെങ്കിൽ നീണ്ടുപോകുന്നതിന്റെ കാരണം കണ്ടെത്താൻ കവടി നിരത്തേണ്ടതുണ്ടോ..? എന്തുതന്നെയായാലും എല്ലാത്തരത്തിലുള്ള വേർതിരിവുകൾക്കും അതീതമായി സർവ്വ ജനങ്ങളും ഒരേ മനസ്സോടെ ഒരു വികാരത്തോടെ പുഴ പോലെ ഒഴുകിയെത്തി ആ സന്തോഷത്തോടെയും സമാധാനത്തോടെയും സാഹോദര്യത്തോടെയും ആഘോഷിക്കുന്ന ആഘോഷിച്ചിരുന്ന തൃശൂർ പൂരത്തിന്റെ ചരിത്രപരമായ പ്രൗഢിയെയും പാരമ്പര്യത്തെയും സാങ്കേതികമായ അച്ചടക്കത്തെയും സുരക്ഷാ ബോധത്തെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ബലി കഴിപ്പിക്കാൻ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചത് ആരാണെങ്കിലും അവർ ഉപ്പ് തിന്നിട്ടുണ്ടെങ്കിൽ വെള്ളം കുടിച്ചിരിക്കണം…

error: