EditorialKerala

പൊതുപ്രവർത്തകരാണോ വേണം വിശുദ്ധിവാക്കിലും പ്രവർത്തിയിലും

പൊതുപ്രവർത്തകർ, പ്രത്യേകിച്ച് രാഷ്ട്രീയ രംഗത്ത് നിൽക്കുന്നവർ ഉത്തരവാദിത്തവും വാക്കിലും പ്രവർത്തിയിലും വിശുദ്ധി കാത്തുസൂക്ഷിക്കണം. ഹൈക്കോടതിക്ക് മുന്നിൽ മാധ്യമങ്ങൾക്ക് മുന്നിൽ തൊഴു കൈകളോടെ മാപ്പ് രേഖപ്പെടുത്തിയ ബി.ജെ.പി നേതാവ് ഗോപാലകൃഷ്ണൻ അടുത്ത ദിവസം രാവിലെ സമൂഹമാധ്യമത്തിലും പിന്നാലെ മാധ്യമങ്ങളോടും താൻ മാപ്പ് പറഞ്ഞില്ലെന്നും ഖേദം പ്രകടിപ്പിച്ചത് ഔദാര്യമായിരുന്നുവെന്നുമൊക്കെ പറയുക. ഈ വാദങ്ങളെ പൊളിച്ച് അടുത്ത നിമിഷങ്ങളിൽ തന്നെ കോടതിയുടെ മീഡിയേഷനിലെ ധാരണ ഉത്തരവിൽ വ്യക്തതയോടെ പുറത്ത് വരുമ്പോൾ പറഞ്ഞതെല്ലാം കള്ളമാവുക. എത്ര ലജ്ജാകരമാണ്. വ്യക്തി എന്നതും ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിൽക്കുന്നയാൾ എന്ന നിലയിലും ആ പച്ചക്കള്ളമുണ്ടാക്കുന്ന അവിശ്വാസം ചെറുതല്ല. ജനങ്ങളുടെ ശബ്ദമായി അവർക്കൊപ്പം അവർ അവരുടെ നായകനായി, നായകരായി ഉയർത്തി കാണിക്കുന്നവർ പൊതുരംഗത്തും പൊതുവേദികളിലും ആവേശത്തിന്റെ പുറത്ത് നടത്തുന്ന വാചകക്കസറത്തുകൾ അല്ല പൊതുപ്രവർത്തകരിൽ നിന്ന് സമൂഹം ആഗ്രഹിക്കുന്നതും ഉണ്ടാവേണ്ടതും. തെറ്റിനെ തെറ്റായി കാണാനും ശരിയെ ശരിയായി പറയാനുമുള്ള ആത്മധൈര്യവും പഠനവും ആശയ സംവാദങ്ങളും നിറഞ്ഞ ഉത്തരവാദിത്വമാണ്.

വ്യക്തിപരവും കക്ഷിരാഷ്ട്രീയപരവുമായ താല്പര്യങ്ങളുടെ പേരിൽ എതിർപക്ഷത്ത് നിന്ന് സംസാരിക്കുന്നവരെ വ്യക്തിഹത്യ നടത്തുന്നത് പൊതുപ്രവർത്തനത്തിന്റെ ശരിയായ മൂല്യങ്ങൾക്ക് ഒട്ടുമേ യോജിച്ചതല്ല. ചാനൽ ചർച്ചകളുടെയും സോഷ്യൽ മീഡിയയുടെയും അതിപ്രസരം എന്തും എവിടെയും എപ്പോഴും ലൈസൻസ്, സെൻസറിങ്ങോ ഇല്ലാതെ വിളിച്ചുപറയാനും എഴുതിയിടാനും കഴിയുന്ന അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ പ്രതികരിക്കാൻ കഴിയുന്ന അപകടകരമായ സ്ഥിതിവിശേഷം പ്രവണത എല്ലാവരിലും വിശിഷ്യാ രാഷ്ട്രീയ സേവന രംഗത്തും സാമൂഹ്യ സേവന രംഗത്തും വ്യാപൃതരും സജീവതരുമായിട്ടുള്ള വ്യക്തികളിൽ ഉണ്ടാക്കിയിട്ടുണ്ട്. കാലാതീതമായ ദോഷങ്ങൾക്കും പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ഇത്തരം എടുത്തുചാട്ടങ്ങൾ വഴിയൊരുക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത.

അപകടകരവും കാലങ്ങളോളം നീണ്ടുനിൽക്കുന്ന ദുരന്തപൂർണ്ണമായ സാഹചര്യത്തെ പോലും ഇത്തരം വാവിട്ട വാക്കുകൾ സൃഷ്ടിക്കുന്നുണ്ട്. ഒരു ചാനൽ ചർച്ചയിൽ ബി.ജെ.പി നേതാവ് ബി ഗോപാലകൃഷ്ണൻ 2006ലെ വി.എസ് മന്ത്രിസഭയിൽ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന പി.കെ ശ്രീമതി ടീച്ചറുടെ മകനെ സംബന്ധിച്ച് നടത്തിയ പരാമർശമാണ് പൊതു പ്രവർത്തകരിൽ ഉണ്ടായിരിക്കേണ്ട ജാഗ്രതയുടെയും സംസാരത്തിലെ വ്യക്തതയേയും പരസ്യമായ ചർച്ചയ്ക്ക് വീണ്ടും വഴി തുറന്നത്. മെഡിക്കൽ സർവീസ് കോർപ്പറേഷൻ കമ്പനിയുടെ ഡയറക്ടറായ ടീച്ചറുടെ മകൻ സുധീർ നമ്പ്യാർ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് മരുന്ന് വിതരണം നടത്തുന്നു എന്നാണ് ആക്ഷേപമായി ഗോപാലകൃഷ്ണൻ ഉന്നയിച്ചത്. എന്നാൽ, അതിനെ സാധൂകരിക്കുന്ന തെളിവുകളോ മറ്റ് വിശദാംശങ്ങളോ ഒന്നും കയ്യിൽ ഉണ്ടായിട്ടില്ല എന്നാണ് ഗോപാലകൃഷ്ണൻ പരസ്യമായി മാധ്യമങ്ങളോട് തന്നെ പറഞ്ഞത്. ഒരു ചാനൽ ചർച്ചയിൽ ആവേശപൂർവ്വം എടുത്ത് ചാടി ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാവ് നിരുത്തരവാദപരമായി പ്രസ്താവന നടത്താവുന്നതാണോയെന്ന് സ്വയം ചിന്തിക്കണം. അതുണ്ടാക്കുന്ന ഭവിഷത്ത് എത്രമേൽ ആപൽക്കരമാണെന്ന് ഇക്കൂട്ടർ ഓർക്കണം.

കോടതിയിലെത്തി താൻ പരസ്യമായി മാപ്പ് പറയാമെന്ന് പറഞ്ഞ് കേസൊഴിവാക്കാമെന്ന് പക്വതയോടെ വനിതാ നേതാവ് കാണിച്ച മര്യാദ അഭിഭാഷകൻ കൂടിയായ ബി.ജെ.പി നേതാവിന് ഉണ്ടായില്ലെന്നത് ഈ നാട്ടിലെ നീതി നിയമസംവിധാനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്. രാഷ്ട്രീയക്കാർ ഓന്തിനെ പോലെ നിറം മാറുമെന്നും കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുമാണെന്നൊക്കെ ആക്ഷേപിക്കും. ഗോപാലകൃഷ്ണൻ ഒരു രാഷ്ട്രീയ പാർട്ടിയെയും പൊതുരംഗത്ത് ആകെ പ്രവർത്തിക്കുന്നവരെയുമാണ് ഈ വിധത്തിൽ അപമാനിച്ചത്.
ആരോപണങ്ങൾ സമൂഹത്തിന്റെ വിവിധ മേഖലകളിലും സ്വകാര്യമേഖലകളിലും ചെറുതും വലുതുമായി ഉണ്ടാവുക സ്വാഭാവികമാണ്, പക്ഷേ, തെളിവോടുകൂടി ആയിരിക്കണം അതെല്ലാം പറയേണ്ടതും വ്യക്തമാക്കേണ്ടതും ഉന്നയിക്കേണ്ടതും. ഗോപാലകൃഷ്ണനിൽ നിന്നും ഇത് മാത്രമല്ല, നേരത്തെ സോളാർ കേസ് ആളിക്കത്തുന്ന സമയത്തായിരുന്നു ബി.ജെ.പിയുടെ ജില്ലാ ആസ്ഥാനത്ത് മാധ്യമങ്ങളെ വിളിച്ചു കൂട്ടി വാർത്താസമ്മേളനത്തിൽ എംപിയും മുൻകേന്ദ്രമന്ത്രിയുമായ കെ.സി വേണുഗോപാലിനെതിരെ ആരോപണമുന്നയിച്ചത്. എന്ത് തെളിവാണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം നിഷേധിക്കട്ടെയെന്ന നിരുത്തരവാദപരമായ പ്രസ്താവന. അന്ന് വൈകീട്ട് തന്നെ താൻ നിയമനടപടി സ്വീകരിച്ചുവെന്ന് വേണുഗോപാൽ അറിയിച്ചതോടെ പിൻവാങ്ങി. വ്യക്തിപരമായ പ്രശ്നങ്ങൾക്കോ ഈഗോ തീർക്കാനോ ഉപയോഗിക്കുന്ന ഒരു ടൂൾ ആയി വ്യക്തിപരമായ ജീവിതത്തെ പോലും തുലാസിൽ ആക്കുന്ന നീർക്കുമിളയുടെ പോലും ആയുസ് ഇല്ലാത്ത ആരോപണങ്ങൾ ആർക്കെതിരെയും പറയരുത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാൻ എന്തും പറയുകയും എഴുതിയിടുകയും ചെയ്യുന്നത് മാന്യമായ പൊതുപ്രവർത്തകർക്ക് യോജിച്ചതല്ല. അവരെ പ്രോൽസാഹിപ്പിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.

error: