Editorial

പുതിയ നായകന് അഭിവാദ്യങ്ങൾ

നാല് നാൾ ഉള്ളു തുറന്ന ചർച്ചകളും ആത്മവിമർശനങ്ങളും നാളേയിലേക്ക് മുന്നേറാനുള്ള പ്രവർത്തന മാർഗരേഖകളും വിലയിരുത്തി സി.പി.എം 24ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടിയിറങ്ങി. രാജ്യത്തെ സി.പി.എമ്മിനെ ഇനി കേരളം നയിക്കും. ഏകകണ്ഠമായി മുതിർന്ന നേതാവ് കൂടിയായ എം.എ. ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. രാജ്യവും പാർട്ടിയും കടുത്ത പ്രതിസന്ധി നേരിടുന്ന കാലത്ത് ചരിത്ര നിയോഗം കൂടിയാണ് എം.എ ബേബിക്ക് ജനറൽ സെക്രട്ടറി പദവിയിൽ നിർവഹിക്കാനുള്ളത്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഇതിഹാസ വിശേഷണമുള്ള ഇ.എം.എസ് ശങ്കരൻ നമ്പൂതിരിപ്പാടിന് ശേഷം ജനറൽ സെക്രട്ടറി ആകുന്ന രണ്ടാമത്തെ മലയാളിയെന്ന ചരിത്രം കൂടിയാണ് എം.എ ബേബിയുടെ പദവിയോടെ കേരളത്തിനുമെത്തിയത്. പാർട്ടി ദേശീയതലത്തിൽ സംസ്ഥാനതലത്തിലും താഴ്ചയുടെയും ഉയർച്ചയുടെയും സർവ്വതലങ്ങളിലൂടെയും യാത്രചെയ്യുന്ന വർത്തമാനകാല രാഷ്ട്രീയ കാലാവസ്ഥയിൽ എം.എ ബേബി എന്ന രാഷ്ട്രീയ നേതാവിന് കൈവരുന്നത് ചരിത്ര നിയോഗമാണ്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്ര വിഴുപ്പുകളെ വക മാറ്റി പുതിയ കാലത്തിന്റെ രാഷ്ട്രീയ ഭൂമികയിൽ നവ ഫാസിസത്തോട് ഏറ്റുമുട്ടാൻ ശാരീരികമായും മാനസികമായും താഴെത്തട്ട് മുതൽ പാർട്ടി സജ്ജമായിരിക്കുന്ന കെട്ടത്തിലാണ് എം.എ ബേബി നേതൃനായകനാകുന്നത്. കേരളത്തിൽ മാത്രം ഒതുങ്ങിപ്പോയ സംസ്ഥാന ഭരണത്തിലും വിരലിലെണ്ണാവുന്ന പാർലമെന്റ് സീറ്റുകളിലും പാർട്ടി വല്ലാതെ ബുദ്ധിമുട്ടുന്ന രാഷ്ട്രീയ പരിതസ്ഥിതിയെ മറികടക്കാൻ ബേബിയിലെ പ്രത്യയശാസ്ത്രത്തിന് അപ്പുറത്തുള്ള തുറന്ന സമീപനങ്ങളും കാഴ്ചപ്പാടുകളും പഠനങ്ങളും ഗുണം ചെയ്യും എന്നുള്ള പ്രത്യാശ പൊതുസമൂഹത്തിന് ആകെയുണ്ട്. ഇ.എം.എസിന്റെ പ്രായോഗികതയും സൈദ്ധ്യാന്തികതയുംജനാധിപത്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും സീതാറാം യെച്ചൂരിയുടെ പ്രായോഗികതയും സൗഹൃദ രാഷ്ട്രീയവും എം.എ ബേബി എന്ന പുതിയ ജനറൽ സെക്രട്ടറിക്ക് മുന്നിൽ അനുഭവത്തിന്റെ പാഠപുസ്തകങ്ങളായി മുന്നിലുണ്ട് അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ പ്രവർത്തനമാരംഭിക്കാം. സംഘപരിവാറിന്റെ ജാതി അധിഷ്ഠിത മതാധിഷ്ഠിത കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടുകളെ തുറന്ന എതിർത്തുകൊണ്ടുള്ള പോരാട്ടങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിന് പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ബാനറിൽ നിന്ന് ഉയരേണ്ടതും പുലരേണ്ടതും. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് ജനനം കൊണ്ട ഇന്ത്യ മുന്നണിയടക്കമുള്ള പ്രതിപക്ഷ മുന്നേറ്റങ്ങളിൽ പുതിയ ജനറൽ സെക്രട്ടറിയുടെ നിലപാടുകളെയും ഇടപെടലുകളെയും ആകാംക്ഷ അപൂർവ്വം കാത്തിരിക്കുകയാണ്.
പാർട്ടിക്ക് വേരോട്ടമുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങളിൽ താഴെക്കിടയിൽ പാർട്ടി സംവിധാനത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെ അടക്കം പരസ്യമായ വിലയിരുത്തലിനും വിധേയമാക്കിയാണ് പാർട്ടി കോൺഗ്രസിന്റെ പതാക മധുരയിൽ താഴുന്നത്. നല്ലതുതന്നെ ആത്മ വിമർശനം നഷ്ടപ്പെട്ടു തുടങ്ങിയതാണ് രാജ്യത്തെ പല പാരമ്പര്യവാദികൾ ആയിട്ടുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളും പെട്ടിക്കൂട്ടിലേക്ക് ചുരുങ്ങാൻ കാരണമായത്. വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും ഒപ്പം തന്നെ ചരിത്രപരമായ ചില ദൗത്യങ്ങൾ കൂടി മധുരയിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നിർവഹിച്ചിട്ടുണ്ട്. അധിനിവേശത്തിന്റെ ഇരകളായി മാറിയ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിക്കാൻ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് കാണിച്ച മാനവിക സമീപനത്തെ ഹൃദയം തുറന്ന് അഭിവാദ്യം ചെയ്യേണ്ടിയിരിക്കുന്നു. കിരാതവും ഹീനവും പൈശാചികവുമായ ഇന്ത്യൻ മതസ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും കടയ്ക്കൽ കത്തി വയ്ക്കുന്ന വഖഫ് ഭേദഗതി ബില്ല് പാസാക്കി മണിക്കൂറുകൾ തികയുന്നതിന് മുമ്പ് തന്നെ വിയോജന പ്രമേയം അവതരിപ്പിക്കാൻ അത് ഐക്യകണ്ഠേന പാസാക്കാൻ സി.പി.എം എടുത്ത ധീരമായ സമീപനം രാഷ്ട്രീയ ചരിത്രത്താളുകളിൽ എക്കാലവും ജ്വലിച്ചു നിൽക്കും. തെരഞ്ഞെടുപ്പ് കാലത്ത് രൂപം കൊണ്ട സഖ്യം അക്കാലത്ത് തന്നെ കലുഷിതമാണ്, തെരഞ്ഞെടുപ്പിന് പിന്നാലെയും തർക്കങ്ങൾ ഏറെ. പുതിയകാലത്ത് മതേതര ചേരിയെ നിലനിറുത്താനടക്കമുള്ള ശ്രമകരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയെന്ന ഉത്തരവാദിത്തമടക്കം പുതിയ ജനറൽ സെക്രട്ടറിക്ക് മുന്നിലുണ്ട്.  പുതിയ മാറ്റങ്ങളുടെയും തിരുത്തലുകളുടെയും ഉന്മേഷത്തിൽ സ്ഥാനമേൽക്കുന്ന ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിനും പുതിയ നായകനും അഭിവാദ്യങ്ങൾ.

error: