Editorial

എന്തിനാണ് ഈ നാടകം കളി

കേരള മനസാക്ഷിയെ ഞെട്ടിച്ച അതിദാരുണമായ സംഭവമാണ് അര്‍ധരാത്രിയില്‍ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള കാര്‍ യാത്രക്കിടയില്‍ മലയാളത്തിലെ പ്രമുഖ യുവനടിക്ക് നേരെയുണ്ടായ ആക്രമണം. വലിയ ഗുഢാലോചനയുടെ ഭാഗമായി നടന്‍ ദിലീപ് രഹസ്യമായി നേതൃത്വം നല്‍കിയ ക്വട്ടേഷനാണ് അന്ന് രാത്രി അരങ്ങേറിയതെന്ന ആക്ഷേപത്തിലാണ് ഇപ്പോള്‍ കോടതി വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനൊരുങ്ങുന്നത്. 2017 ഫെബ്രുവരി പതിനേഴിനാണ് അങ്കമാലിക്ക് അടുത്ത് വച്ച് നടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്.
തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പ്രതികള്‍ നടിയെ തട്ടിക്കൊണ്ടു പോയി. ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച് ലൈംഗികാതിക്രമം നടത്തി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. നടിക്ക് നേരത്തേ പരിചയമുണ്ടായിരുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി ഇത് ക്വട്ടേഷനാണെന്നാണ് നടിയോട് തന്നെ പറഞ്ഞത്. ഈ സംഭവം തന്നെ ആക്രമണത്തിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. കേസില്‍ ദിവസങ്ങള്‍ക്കകം തന്നെ പ്രതി പള്‍സര്‍ സുനിയെ പൊലീസ് നാടകീയമായി പിടികൂടി.
എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോള്‍ കോടതി മുറിക്കുള്ളില്‍ നിന്നും ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിമുറിക്കുള്ളില്‍ നിന്നും പ്രതിയെ പിടികൂടിയത് വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരുടെ ക്വട്ടേഷനാണെന്ന് സുനി ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. നടിയുമായി ശത്രുതയിലായിരുന്ന നടന്‍ ദിലീപിന് നേരെ അന്നുതന്നെ സംശയമുയര്‍ന്നിരുന്നു. പിന്നീട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപുമായി ബന്ധപ്പെടാന്‍ ശ്രമിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി.
ഇതേ തുടര്‍ന്നാണ് നടന്‍ ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി നീണ്ട പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തതിനൊടുവില്‍ 2017 ജൂലൈ 10ന് അറസ്റ്റ് ചെയ്തത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അന്ന് ദിലീപിന് ജാമ്യം ലഭിച്ചത്. പിന്നീട് കേസില്‍ അസാധാരണമായ നിരവധി സംഭവങ്ങളും ഉണ്ടായി.
അവിടെ നിന്ന് തുടങ്ങിയ കഥയും തിരക്കഥയും സംഭാഷണങ്ങളും സീന്‍ ബൈ സീന്‍ എന്ന നിലയില്‍ വര്‍ഷങ്ങളായ കേരളീയ പൊതുജനതയെയാകമാനം വീഡികളാക്കി അരങ്ങേറുന്നത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഈയിടെ സ്വകാര്യ ചാനല്‍ പ്രതി പള്‍സര്‍ സുനിയുമായി നടത്തിയ സംഭാഷണത്തിന്റെ ഒളി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വളരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് അതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പള്‍സര്‍ സുനിയുടെ സംഭാഷണങ്ങളിലെ വില്ലനായ നടന്‍ തിങ്കളാഴ്ച്ച കേസില്‍ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്, സി.ബി.ഐ അന്വേഷണയാവശ്യം ഹര്‍ജിയായി ഹൈക്കോടതിയില്‍ ഉന്നയിച്ചത്. നിലവില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കുന്നുവെന്ന സര്‍ക്കാര്‍ വിശദീകരണത്തില്‍ ഹര്‍ജി കോടതി തള്ളി. വിചാരണ തടസപ്പെടുത്താനുള്ള ശ്രമമെന്ന നിരീക്ഷണവുമുണ്ടായി.
ഹീനവും ക്രൂരവുമായ സംഭവം വര്‍ഷങ്ങള്‍ പിന്നിട്ടും സത്യത്തിന്റെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുന്നു. അതിന് ആരാണ് ഉത്തരവാദി. കുറ്റം തെളിയിക്കപ്പെട്ടരുതെന്നും സമൂഹം സത്യം തിരിച്ചറിയരുതെന്നും ആര്‍ക്കൊയോ നിര്‍ബന്ധമുള്ളതു പോലെ. വെള്ളിത്തിരിയിലെ താരസിംഹാസനങ്ങള്‍ക്കെതിരെ ചാട്ടുളിപ്പോലെ പുറത്ത് വന്ന ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഇന്നും നമുക്ക് മുന്നിലുണ്ട്. സാഹോദര്യങ്ങളായ സഹപ്രവര്‍ത്തകര്‍ക്കു നേരെ പകല്‍ മാന്യമാര്‍ കാണിച്ചു കൂട്ടിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലൂടെ ലോകം മറിഞ്ഞത് ഒരിക്കലും വിസ്മരിക്കാനാവില്ല.
ലോകത്തിലെ തന്നെ ഏറ്റവും ജനകീയവും ജനപ്രിയവുമായ വ്യവസായമാണ് സിനിമ. അതില്‍ കൂടിച്ചേര്‍ന്നിരിക്കുന്ന മാലിന്യങ്ങളെ അടിച്ചു കൂടി കളഞ്ഞില്ലെങ്കില്‍ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെയും ലക്ഷക്കണക്കിന് പ്രേക്ഷകരുടെയും മനസ്സില്‍ മായാത്ത കറയായി അത് കല്ലിച്ച് കിടക്കും. അത് ഒട്ടും നല്ലതിനല്ല. ജനങ്ങളെ നേരില്‍ നയിക്കാനുള്ള ടൂളുകളാണ് ഇത്തരം വിനോദാപാധികള്‍ അത് സമ്പൂര്‍ണമായി ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. സിനിമ സിനിമയായി തന്നെ ദീര്‍ഘകാലം നിലനില്‍ക്കണം. എല്ലാ മനുഷ്യജീവിതത്തെയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ ചിന്തിപ്പിക്കാനും കഴിയുന്ന മറ്റ് ഏത് മാര്‍ഗമുണ്ട്.
അതുകൊണ്ട് അനാവശ്യമായ നാടകങ്ങള്‍ ഒഴിവാക്കി. കൃത്യമായ അന്വേഷണങ്ങള്‍ നടത്തി സത്യം തെളിയിക്കുക. ഇനിയും ഇത്തരം കപടനാടകങ്ങള്‍ക്ക് അവസരം നല്‍കാതിരിക്കുക. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. അതേ സമയം, നിരപരാധിയെങ്കില്‍ ആരോപണം വെറും കെട്ടിച്ചമച്ചതും വ്യാജവുമാണെങ്കില്‍ അതിന് പിന്നിലുള്ളവര്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം.

error: