വാടരുത് കണിക്കൊന്നയുടെ തിളക്കം
ഓർമയുടെ ഓട്ടുരുളിയിൽ കാലം കണിയൊരുക്കി വീണ്ടും വിഷുവെത്തി. തിരക്കേറിയ വർത്തമാനകാലത്തും മലയാളിയുടെ നെഞ്ചകത്ത് ഗൃഹാതുരതയുടെ കൊന്നകള്‍ക്ക് വാട്ടമില്ല. വിഷു മലയാളിക്ക് ഗൃഹാതുരതയുടെയും നന്മകളുടെയും വസന്തോത്സവമാണ്. വിഷുപ്പാട്ട് പാടിയ കിളി നമ്മെ വിട്ട് പറന്നുപോയിട്ട് കാലങ്ങളേറെയായി. ഓര്‍ക്കാതെ പെയ്ത മഴയില്‍ കൊഴിഞ്ഞുപോയ കണിക്കൊന്നയാണ് ഇക്കാലത്തെയും വിഷു. പോയ കാലത്തിന്റെ മധുരസ്മൃതികളെ നെഞ്ചേറ്റി പുതിയ കാലത്തിന്റെ സമൃദ്ധിയിലേക്കാണ് നാം കണികണ്ടുണരുന്നത്. നാടിന്റെ സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും ബഹുസ്വരതയെയും ഊട്ടിയുറപ്പിക്കുന്നതിൽ ജനകീയ ഉത്സവങ്ങൾക്കൊപ്പം തന്നെ പാരമ്പര്യ തനിമയുള്ള ആഘോഷങ്ങൾക്കും സവിശേഷമായ പ്രാധാന്യമുണ്ട്. മനുഷ്യരുടെ ജീവിതയാത്രയിൽ പരസ്പരമുള്ള ഒത്തുചേരലുകളും പങ്കുവെയ്ക്കലുകളും അണമുറിയാത്ത കാത്ത് സൂക്ഷിക്കുന്നതിൻ്റെ ശക്തിയാണ് തലമുറകൾ മാറി മാറി വന്നിട്ടും മാറാതെ മങ്ങാതെ മറയാതെ നിലനിൽക്കുന്നത്. കാർഷികോത്സവം കൂടിയാണ് വിഷു. ഒരാണ്ടിൻ്റെ മുഴുവൻ പ്രതീക്ഷകളും കൊയ്തെടുക്കുമ്പോൾ ഓരോ കർഷകന്റെ മനസ്സും ഇലഞ്ഞിമരം പോലെ പൂത്തുലയും. ആദ്യകാലത്തെ കാർഷിക വൃത്തി എല്ലായിടങ്ങളിലും ഇല്ലായെന്നതാണ് വസ്തുത. കേരളത്തിന്റെ മനസില്‍ കൃഷിയുടെ നനവ് വറ്റിത്തുടങ്ങിയിട്ട് ഏറെയൊന്നുമായിട്ടില്ല. അതോടൊപ്പം കര്‍ഷകനെ വയലുകള്‍ ഉപേക്ഷിച്ചു പോകാന്‍ നിര്‍ബന്ധിക്കും വിധം ചൂടുപിടിക്കുകയാണ് സാമൂഹിക, രാഷ്ട്രീയ കാലാവസ്ഥകള്‍. പാടങ്ങള്‍ നിരത്തി മണിമാളികകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളുമാണ് ഉയരുന്നത്. ആഘോഷങ്ങള്‍ വാണിജ്യവത്കരിച്ചതോടൊപ്പം രാഷ്ട്രീയവത്കരിക്കാനും തുടങ്ങിയിട്ടുണ്ടെന്നതാണ് വർത്തമാനകാലത്തെ ഭീതിതമായ സാഹചര്യം. പക്ഷേ, മഹാമാരിയും വർഷം തെറ്റി ചെയ്യുന്ന മഴയും പ്രകൃതിക്ഷോഭങ്ങളും മണ്ണിലേക്ക് മടങ്ങാനും മണ്ണിനെ സംരക്ഷിക്കാനും ഓർമ്മപ്പെടുത്തുകയാണ്. ഈ വിഷുക്കാലത്തെ ഉണങ്ങാത്ത മുറിവാണ് മുണ്ടകൈയും- ചുരൽമലയും ജീവിക്കുന്ന രക്തസാക്ഷികളാണ് അവിടുത്തെ മനുഷ്യരും. നമ്മുടെയെല്ലാം സന്തോഷത്തിൻ്റെ നിമിഷങ്ങളിൽ അവരെ കൂടി ഓർക്കേണ്ടതുണ്ട്. വേതന വർധനക്കായി സെക്രട്ടേറിയറ്റ് പടിക്കൽ രണ്ട് മാസമെത്തിയ ആശാവർക്കർമാരും അഞ്ച് നാളിൽ റാങ്ക് പട്ടികയുടെ കാലാവുധി തീരുന്നതിൽ ആശങ്കയോടെ സർക്കാരിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന സി.പി.ഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികളുടെയും കണ്ണീരിന് പരിഹാരമാവാതെ വിഷു സംതൃപ്തമാവില്ല. പ്രതിസന്ധികളെ എക്കാലവും നേരിട്ടവരാണ് നാം. ഈ സമയവും കടന്നു പോകും. പരിസ്ഥതിക്ക് വിഘാതം സൃഷ്ടിക്കുന്ന വികസന പ്രവർത്തികളും അനധികൃത കൈയ്യേറ്റങ്ങളും കർശനമായി നിയന്ത്രിക്കണം. നിയമസംവിധാനങ്ങളുടെ പരിരക്ഷ പലപ്പോഴും ഇത്തരം മാഫിയകൾക്ക് ലഭിച്ചത് കൊണ്ട് കൂടിയാണ് നാടിനെ മൊത്തം വിഴുങ്ങുന്ന ദുരന്തങ്ങൾ നാം നേരിടേണ്ടി വന്നത്. ഇനി ആവർത്തിക്കാനാവില്ല. കരുതലിൻ്റെ മാത്രമല്ല. കരുത്തുറ്റ നിലപാടുകളും ഇടപെടലുകളും ഉണ്ടാവണം. പ്രകൃതിയുടെ ജൈവികതയുടെ അടയാളങ്ങളായിരുന്ന കണിവെള്ളരിയും കണിക്കൊന്നയും ഇൻസ്റ്റൻ്റായി വീടുകളിലേക്ക് എത്തുകയാണ്. വീട്ടിലെ പറമ്പിലും മറ്റു കൃഷിയിടങ്ങളിലും തളിർത്ത് നിന്നിരുന്ന നമ്മുടെ ജൈവ സമ്പത്ത് നാം തന്നെയാണ് കളഞ്ഞത്. കണിയൊരുക്കാന്‍ വരെ അയല്‍ സംസ്ഥാനക്കാരനെ കടം കൊള്ളാനാണ് കേരളത്തിന്റെ വിധി. കൊന്നപ്പൂക്കള്‍ മാത്രമല്ല, നെല്ലും കണിവെള്ളരിയുമെല്ലാം. കേരളം നമ്പർ വൺ എന്ന അഹങ്കാരത്തിന് മുകളിലാണ് ഇത്തരം യാഥാർഥ്യങ്ങളെന്ന് അറിയാതെ പോകുന്നതല്ല. പറയാതെ പോകുന്നതാണ്. അന്യ സംസ്ഥാനങ്ങളിൽ കൃഷിയിടങ്ങൾ ഒരു ദിവസം അവധിയെടുത്താൽ മലയാളി പട്ടിണി കിടന്നു മരിക്കേണ്ടി സ്ഥിതിയാണ്. പരിഷ്‌കാരത്തെ എത്തിപ്പിടിക്കാനുള്ള നെട്ടോട്ടത്തില്‍ കൃഷിയും കൃഷിക്കാരനും പരിചയപ്പെടുത്തലുകള്‍ ആവശ്യമായ പ്രതീകങ്ങളായി മാറി. വിഷുവിന്റെ ലാവണ്യം പുഞ്ചിരിച്ചു നില്‍ക്കുമ്പോഴും കൃഷിയിടങ്ങളിൽ വിയര്‍ക്കുന്നവന്ന് കയർത്തുമ്പോ?, കീടനാശിനിയോ മാത്രം ബാക്കിയാവുന്ന കാലമാണിത്. വിത്തും കൈക്കോട്ടും ഉപേക്ഷിച്ച് കാര്‍ഷിക സമൃദ്ധിയുടെ പൊന്‍ കിനാക്കളില്‍ ഉറങ്ങുന്ന നാം ഓരോ വര്‍ഷവും പ്രതീക്ഷയുടെ വിഷുക്കണിക്കുവേണ്ടി മാത്രമാണ് ഉണരുന്നതെന്നത് അറിഞ്ഞിട്ടും അറിഞ്ഞ ഭാവം നടിക്കാതെ പോവുകയാണ്. വീണ്ടെടുക്കണം നമ്മുടെ നന്മയുള്ള മലയാളത്തെ. ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിലും ചില തിരിച്ചറിവുകളും അതിനോടനുബന്ധമായ തിരുത്തലുകളും ഉണ്ടാവട്ടെ. എല്ലാ വായനക്കാർക്കും തനിനിറത്തിൻ്റെ ഊഷ്മളമായ വിഷുദിനാശംസകൾ നേരുന്നു.