Editorial

നിഷ്ക്രിയമായ വനംവകുപ്പ് പിരിച്ചുവിടണം

അതിരപ്പിള്ളി മേഖലയിൽ രണ്ട് ദിവസങ്ങളിലായി കാട്ടാന ആക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാനായി കാട്ടിലേക്ക് പോയവരാണ് ഈ രണ്ട് ദിവസത്തിനിടയിൽ കാട്ടാനക്കലി രക്തസാക്ഷികളായി മാറിയത്. 2025 ൻ്റെ ആരംഭത്തിൽ തുടങ്ങിയ ഈ കുരുതിയിൽ ഇത് വരെ 18 പേരാണ് മരിച്ചത്. ഓരോ വ്യക്തികൾ മരിക്കുമ്പോഴും അവസാനത്തെതാകുമെന്ന് കരുതി ആഗ്രഹിച്ചു, പക്ഷേ യാതൊരു ഫലവുമില്ല. നിഷ്ക്രിയരായ വനം വകുപ്പും അനുബന്ധ സംവിധാനങ്ങളും ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുകയാണ്. സംസ്ഥാനത്തിൻ്റെ ക്രമസമാധാനത്തെ തന്നെ ബാധിക്കുന്ന അത്യന്തം ഗുരുതരമായ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കുറ്റകരമായ മൗനത്തിൽ നിറയുന്ന മനസുമായ കടുത്ത ജനരോഷം ആളിക്കത്തുകയാണ്. ഈ മനസുകളുടെ ഇപ്പോഴത്തെ രോഷം ശാന്തമെന്നേ പറയാനാവൂ, എപ്പോൾ പൊട്ടിത്തെറിക്കുമെന്ന് പ്രവചിക്കാനാവില്ല. അങ്ങനെയുണ്ടാവുന്നുവെങ്കിൽ അത് ഏറെ അപകടകരമായ സാഹചര്യമായിരിക്കും ക്ഷണിച്ചു വരുത്തുന്നത്. വന്യ മൃഗങ്ങളുടെ വരവിനെ തടയുന്നതിന് ഉചിതമായ കർമ്മ പദ്ധതി തയ്യാറാക്കാൻ സർക്കാർ മടിക്കുന്നത് സംശയത്തോടെ മാത്രമേ കാണാനാവൂ. നാടാകെ പടർന്നിരിക്കുന്ന ഭീതിയെ കേവലമായ ലാഘവ ബുദ്ധിയോടെയാണ് ഇനിയും കൈകാര്യം ചെയ്യപ്പെടുന്നതെങ്കിൽ തടുക്കാനാവാത്ത വിപത്തായിരിക്കും സംഭവിക്കുന്നത്. നൂതനമായ ശൈലിയിൽ വന നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. അപകടമോ, മരണം സംഭവിച്ചയുടൻ പ്രഖ്യാപിക്കുന്ന സാമ്പത്തിക സഹായം ജനത്തെ പരിഹസിക്കൽ ആണ്. മരണപ്പെട്ടവരും ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യക്തികൾക്കുമടക്കം നിരവധിയാളുകൾക്ക് ഇപ്പോഴും ധനസഹായം ലഭിക്കാതെ വഴിധാരമാണ്. ജീവൻ മാത്രമല്ല ജീവിതം നഷ്ടപ്പെട്ടവരാണ് കാടിന്റെ മക്കൾ. ബഹു ഭൂരിപക്ഷം ജനങ്ങളുടെയും കൃഷിയടക്കമുള്ള ഉപജീവന മാർഗങ്ങളും നശിച്ചു. വനംവന്യജീവി വകുപ്പും അതിനൊരു മന്ത്രിയുമുണ്ടായിട്ടും ഗൗരവകരമായ നടപടിയോ ഒരു പഠനമോ പോലും നടത്താനാവാത്ത ആ വകുപ്പ് പിരിച്ചു വിടുകയാണ് ഭേദം. എന്തൊരു നിഷ്ക്രിയത്വമാണിത്. വകുപ്പിലുള്ളവർ മനുഷ്യരല്ലേയെന്ന് ചോദിക്കാൻ നിർബന്ധിതരാവുകയാണ്. ഇത്ര ക്രൂരതയോടെ എങ്ങനെയാണ് പെരുമാറാനാവുന്നത്. ബാലിശമായി പ്രതികരിക്കുന്ന മന്ത്രിയും സർക്കാരും ജനങ്ങളുടെ ക്ഷമയെ ആണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന് ഓർമിപ്പിക്കുന്നു. ക്ഷമക്കും താഴാൻ പരിധികളുണ്ട്. അതിന് താഴേക്ക് പോവുന്നത് പിന്നെ പിടിച്ചാൽ കിട്ടിയെന്ന് വരില്ല. പോർവിളികൾക്കപ്പുറം പ്രതിവിധികൾ ആണ് വരേണ്ടത്. പുനരധിവാസം അടക്കമുള്ള ആക്ഷൻ പ്ലാൻ നടപ്പിലാക്കി ഇനിയും ഒരു ജീവനും പൊലിയുകകയില്ലെന്ന് ജനങ്ങൾക്ക് ഉറപ്പും വിശ്വാസവും കൊടുക്കാൻ കഴിയാത്തത് ഗതികേടാണ്.

error: