വെള്ളിത്തിരയിലെ കറുപ്പ് കളയണം
സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് തന്നോട് മോശമായ പെരുമാറിയ നടൻ ഷൈൻ ടോ ചാക്കോയാണെന്ന് നടി വിൻഷി അലോഷ്യസിൻ്റെ പുതിയ വെളിപ്പെടുത്തൽ, തൊട്ടുപിന്നാലെ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ നടൻ ഷൈൻടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയെന്ന സംഭവവുമുണ്ടാവുന്നത്. നടി ആരോപിച്ചയാളും പൊലീസ് പിടികൂടാനെത്തിയയാളും ഒരു വില്ലനായെന്നത് യാദൃശ്ചികമാകാം. വെള്ളിത്തിരയിലെ തിളക്കം അകത്തളങ്ങളില്ലെന്നത് വ്യക്തം. നാടാകെ ലഹരിക്കെതിരായ യുദ്ധമുനയിൽ നിൽക്കുമ്പോൾ ആയിരക്കണക്കിനാളുകൾ ആരാധനയോടെ കാണുന്ന താരങ്ങൾ ലഹരിക്കടിമകളായി എല്ലാ വിധ്വംസക പ്രവൃത്തികളും നടത്തുന്നുവെന്നത് അംഗീകരിക്കാനാവുന്നതല്ല. ഹേമകമ്മിറ്റി റിപ്പോർട്ട് സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗീകാതിക്രമം അടക്കമുള്ള പ്രശ്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ, അതിനേക്കാൾ ഗൗരവകരമായ സാഹചര്യം സിനിമക്കുള്ളിലുണ്ടെന്നാണ് ഈ ലഹരിയുപയോഗ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. യുവനിരയിലെ പ്രമുഖരും തിരക്കേറിയവരും യുവാക്കൾ ഏറെ ആരാധനയോടെ കാണുന്നവരുമാണ് ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും അടക്കമുള്ളവർ. 2015ൽ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്നും പിടിയിലായ ഷൈൻ ടോം ചാക്കോ, ആ കേസിൽ കഴിഞ്ഞ ദിവസമാണ് കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്. സിനിമയെ കലാസൃഷ്ടിയായി കാണണമെന്നത് ശരി തന്നെ. പക്ഷേ, ആ കഥാപാത്രമാകാൻ അത് ഉപയോഗിക്കണമെന്നും സ്ത്രീകളോട് അതിക്രമം കാണിക്കണമെന്നുമുള്ള ഭാഗം അനുവദിക്കാവുന്നതാണോ? കോടികളിറക്കുന്ന വമ്പൻ വ്യവസായമാണ് സിനിമാ മേഖല. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് ആശ്രയിച്ചു കഴിയുന്നത്. അന്തർദേശീയ തലത്തിൽ തന്നെ നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള കലാ രൂപമാണ് സിനിമ. ലോക സിനിമയിൽ മലയാളത്തിന് അത്രമേൽ സവിശേഷമായ ഇടവുമുണ്ട്. ഈ ലോകത്ത് കവിത വായിക്കാത്തവരും കഥ വായിക്കാത്തവരും പടം വരയ്ക്കാത്തവരും നോവൽ എഴുതാത്തവരും ഉണ്ടാകും എന്നാൽ സിനിമ കാണാത്തവരായി അതായത് ജീവിതത്തിൽ ഒരു സിനിമയെങ്കിലും കാണാത്തവരായി ആരും തന്നെ ഈ അഖില ലോകത്തും മഷിയിട്ട് നോക്കിയാലും കാണില്ല. സിനിമ മനുഷ്യ ജീവിതത്തിൻ്റെ ഭാഗമാണ്. കഥയും കഥപാത്രങ്ങളും സ്വന്തം ജീവിതത്തിൽ പകർത്തി അതിലെ അഭിനേതാക്കളെ മാതൃകയാക്കി ജീവിക്കുന്ന നിരവധിയായ പ്രേക്ഷകർ സമുഹത്തിന്റെ ചുറ്റുമുണ്ട്. അവരുടെ ജീവിതം തന്നെ സമർപ്പിച്ച് താരങ്ങൾക്കും സിനിമയ്ക്കും വേണ്ടി പ്രവർത്തിക്കും. അത്തരമൊരു കലാ ലോകത്ത് നിന്ന് ഇത്രയെറെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു വരുമ്പോൾ ജനങ്ങൾക്കിടയിൽ സൃഷ്ടിക്കുന്ന അങ്കലാപ്പ് ചെറുതല്ല. പുതിയ കാലത്ത് ഇറങ്ങുന്ന ഭൂരിഭാഗം സിനിമകളിലും വയലൻസ് അതിക്രമിച്ചിരിക്കുന്നു കൂടാതെ തെറ്റായ രീതിയിൽ ലൈംഗിക ചുവയുള്ള സംഭാഷണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. യുവജനങ്ങളിൽ വർധിച്ചു വന്ന അക്രവാസനയിലും ലഹരി ഉപയോഗത്തിലും അടുത്ത് ഇറങ്ങിയ സിനിമകൾക്ക് വലിയ പങ്കുണ്ട്. ന്യൂജനറേഷൻ സിനിമകൾ സമൂഹ മനോഭാവത്തെ ദോഷകരമായി ബാധിക്കുന്നു.ഭാഷയുടെ അതിർത്തികളില്ലാതെ ജനങ്ങളെ സ്വാധീനിക്കാൻ കഴിഞ്ഞ മഹത്തായ കല ഇന്ന് തലമുറകളുടെ അന്തകരായി മാറി. സർഗത്മകമായ സൃഷ്ടിയെന്നതിനെക്കാൾ കച്ചവട താൽപ്പര്യങ്ങൾ വർധിച്ചതോടെയാണ് സിനിമയുടെ നന്മയും മേന്മയും നഷ്ടമായത്. പതിനായിരക്കണക്കിനാളുകൾ പണിയെടുക്കുന്ന അതിലേറെ അല്ലെങ്കിൽ അതിൻ്റെ ഇരട്ടിയോ കുടുംബങ്ങൾ ജീവിക്കുന്ന വ്യവസായ രംഗം കൂടിയായ സിനിമയുടെ ഭാവി പ്രയാണത്തെയാണ് ഇത് തളർത്തുന്നത്. മെഗാ സ്റ്റാറുകൾ മുതൽ ലൈറ്റ് ബോയ് വരെയുള്ള എല്ലാവർക്കും തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം. 2015-കൊച്ചിയിൽ അർധരാത്രി നടി ആക്രമിക്കപ്പെട്ടപ്പോൾ മുതൽ തെളിഞ്ഞു തുടങ്ങിയ സിനിമയിലെ കറുപ്പ് ഇന്ന് സർവയിടങ്ങളിലേക്കും ആകെ പടരുകയാണ്. ആത്മാർത്ഥമായി തൊഴിൽ എടുക്കാൻ വന്നയിടങ്ങളിൽ നേരിടേണ്ടി വന്ന തിക്താനുഭവങ്ങൾ സഹോദരങ്ങൾ എണ്ണിയെണ്ണി ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞതിൽ എന്ത് നടപടിയാണ് ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സ്ത്രീകളെ ഷൂട്ടിംഗിന് വിളിച്ചു വരുത്തി മാന്യമായ പ്രതിഫലം പോലും നൽകാതെ ദ്രോഹിക്കുന്നതിനെ ചോദ്യം ചെയ്യാൻ ഇവിടെ സിനിമയുടെ ബാനറും താങ്ങി നടക്കുന്ന സംഘടനകളുടെ നേതാക്കൾക്ക് നട്ടെല്ലിന് ബലം ഇല്ലെ.? സിനിമയിലെ വില്ലാളി വീരന്മാർ എന്താ ഒന്നും മൊഴിയാതെ രാജിവെച്ച് ഒളിച്ചോടിയത്.? ലോകത്തിനു മുന്നിൽ തലയൂർത്തി നിൽകുന്ന മലയാള സിനിമയിലെ പുഴുക്കുത്തുകളെ യഥാസമയം നിഗ്രഹിച്ചില്ലെങ്കിൽ കാലത്തിനു പോലും മുറിച്ചു മാറ്റാനാവാത്ത അർബുദമായി അത് മൊത്തമായി കവരും. സർക്കാർ തലത്തിൽ മോണറ്റിംഗ് കമ്മിറ്റിയ്ക്ക് രൂപം നൽകി സിനിമ ലൊക്കേഷനുകളിൽ തൊഴിൽപരമായ വിവേചനം വ്യക്തിപരമായ ചൂഷണങ്ങളോ നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ചലച്ചിത്ര വികസന കോർപ്പറേഷൻ പോലെയുള്ള പ്രസ്ഥാനങ്ങൾ കുറിച്ചു കൂടി ക്രിയാത്മകമായി ഇടപെടേണ്ടിയിരിക്കുന്നു. മോഹന വാഗ്ദാനങ്ങളിൽ നൽകി താരങ്ങൾ വഴി സമുഹത്തെ സ്വാധീനിക്കാൻ ലഹരി മാഫിയാ സംഘങ്ങൾ നാട്ടിൽ സജീവമായിരിക്കെ അതിൻ്റെ അവസാനത്തെ കണ്ണിയും പൊട്ടിച്ചെറിഞ്ഞ് സമുഹത്തിന് കവചമൊരുക്കാൻ സിനിമ ജനത ഒറ്റക്കെട്ടായി ഇറങ്ങണം. സിനിമകളിലെ കഥകളും കഥപത്രങ്ങളും യഥാർത്ഥമാണെന്ന് വളരെ വ്യക്തമായ സാഹചര്യത്തിൽ കാലതാമസമില്ലാതെ അടിമുടി തിരുത്തലാണ് ആവശ്യം. സിനിമ മേഖലയിലെ സംഘടനകൾ വ്യക്തിപരമായ ഈഗോ മാറ്റി വെച്ച് ശുദ്ധീകരണത്തിന് മുന്നിട്ടിറങ്ങണം. ഇല്ലെങ്കിൽ നാറിയാവനെ ചുമന്നാൽ ചുമന്നവനും നാറും.