Editorial

അശാന്തി പടരുന്ന കാലത്ത് പ്രത്യാശയാണ് ഈസ്റ്റർ

ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുകയാണ്. ലോകത്തിന്റെ വിധി ദൈവം തിരുത്തിയതിന്റെ ഓര്‍മ്മ. മാനവികമായ തെറ്റുകളില്‍ നിന്നു മാനസാന്തരപ്പെട്ട് പുതിയ ജീവിതശൈലിയിലേക്കുള്ള ദിശമാറ്റമാണ് ഈസ്റ്റർ മുന്നോട്ട് വെക്കുന്ന സന്ദേശം. മനുഷ്യമനസിലെ നന്മയുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്ന് നമ്മെ ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും കാലൊച്ചകൾ മുഴങ്ങുന്ന കാലമാണിത്. മനുഷ്യൻ ജീവിക്കാൻ വേണ്ടി അനുനിമിഷം  പോരാടേണ്ട അവസ്ഥയിലാണ് ഇപ്പോൾ. സ്വന്തം പീഡാനുഭവങ്ങളിലൂടെ വലിയൊരു സന്ദേശമാണ് യേശുനാഥന്‍ മാനവരാശിക്കു നല്‍കുന്നത്. ജനനം മുതൽ മരണംവരെ സ്വജീവിതം വിശുദ്ധമാക്കിയ വിശുദ്ധ ജീവിതത്തിൻ്റെ ഉയിർപ്പ് ഓരോ പ്രതിസന്ധികൾക്കുമൊടുവിൽ നമുക്കു മുന്നിൽ അതിജീവനത്തിൻ്റെ പാതയുണ്ടെന്ന ഓർമ്മപ്പെടുത്തലാണ്. ത്യാഗത്തിൻ്റെയും പങ്കുവെയ്ക്കലിൻ്റെയും സമഭാവനയുടെയും ദിനങ്ങളാണ് പിന്നിടുന്ന നോമ്പ് കാലം. വലിയ ആഴ്ചയുടെ പ്രാർത്ഥനാ നിർഭരതയിൽ നിന്ന് ആർജിച്ചെടുത്ത ആത്മീയവും ഭൗതികവുമായ കരുത്തിൽ നാടിൻ്റെയും സാമുഹത്തിൻ്റെയും നന്മയിലേക്കും ഉയർച്ചയിലേക്കും ഒന്നിച്ച് പ്രവർത്തിക്കേണ്ട കാലം. വാക്കിലോ ചിന്തയിലോ യാതൊരുവിധ വേലിക്കെട്ടുകളുമില്ലാതെ സമഭാവനയോടെയുള്ള കൂട്ടായ പരിശ്രമവും പ്രവർത്തനവുമാണ് ഇനി വേണ്ടത്. ലോകം മുഴുവൻ മഹായുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും അശാന്തിയിലാണ് ഈ ഉയിർപ്പു തിരുന്നാളിൻ്റെ നിമിഷത്തിലും വിറങ്ങലിച്ചു നിൽക്കുന്നത്. ലോകമെങ്ങും അശാന്തിയും യുദ്ധവും നടക്കുമ്പോള്‍, നെടുവീര്‍പ്പിലും ഞെരുക്കത്തിലും ലോക ജനത കഴിയുമ്പോള്‍ ശാശ്വത സമാധാനത്തിനായി ക്രിസ്തു തന്‍റെ ജീവിതത്തിലൂടെ കാണിച്ചു തന്ന സന്ദേശം മഹനീയമാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷവും ആ മാതൃക മാറ്റോടെ തിളങ്ങുന്നു.  വ്യക്തികേന്ദ്രീകൃതമായ താല്പര്യങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമാക്കപ്പെട്ട ഒരുപറ്റം ജനതയുടെ വിലാപങ്ങൾക്ക് ചുറ്റുമാണ് മാനവ സമൂഹത്തിന്  മതമൈത്രിയുടെ മഹാഗാഥകൾ പാടേണ്ടി വരുന്നത്. ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന മഹത് വചനം അരുൾ ചെയ്ത കാരുണ്യവാനായ വലിയ മനുഷ്യൻ പുനർജന്മം കൊള്ളുന്ന  രാത്രിയിൽ കരഞ്ഞു തളർന്നുറങ്ങുന്ന പിഞ്ചോമനകളും ജീവിത സായാഹ്നത്തിൽ പ്രതിസന്ധികളുടെ വൻകരകളിൽ ഒറ്റപ്പെട്ട് പോയ മനുഷ്യരെയും ഓർത്തുകൊണ്ട് വേണം പ്രാർത്ഥനയുടെയും സഹനത്തിന്റെയും ത്യാഗത്തിന്റെയും  വിശുദ്ധ നിമിഷത്തിൽ പങ്കു ചേരാൻ.  രാജ്യത്തും സ്ഥിതി വ്യത്യസ്തമല്ല. മണിപ്പൂരിലും ഹരിയാനയിലും ബംഗാളിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയതകൾ ജനജീവിതത്തിന്റെ സ്വസ്ഥതയെയും സമാധാനത്തെയും തകർത്തുകൊണ്ട് ആർത്തലയ്ക്കുന്ന ഭയാനകമായ കാഴ്ചകളാണ് ഈസ്റ്റർ ദിനത്തിൻ്റെ ഹൃദയം പിടയുകയും തേങ്ങുകയും ചെയ്യുന്ന വേദന. ഇന്ത്യൻ ഭരണഘടന ഈ രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകിയിട്ടുള്ള മതസ്വാതന്ത്ര്യത്തെയും വിശ്വാസസ്വാതന്ത്ര്യങ്ങളെയും അതിന്റെ പ്രമാണങ്ങളെയും സ്വാർത്ഥ താല്പര്യത്തിന് അനുസൃതമായി വളച്ചൊടിച്ച് ഏകാധിപത്യ ശൈലിയിൽ ഭരണഘടനവിരുദ്ധമായ നിയമങ്ങൾ കൊണ്ടുവന്ന ജനങ്ങളെ ഭിന്നിപ്പിക്കുകയും പരസ്പരമുള്ള മാനസികാ ഐക്യത്തെ ഇല്ലാതാക്കി സ്പർധ വളർത്താനും ഭരണകൂടം തന്നെ നേതൃത്വം കൊടുക്കുമ്പോൾ തന്നെപ്പോലെ തൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞ് യേശുദേവൻ സന്ദേശം ഉൾക്കൊണ്ട്. ഗാഗുൽത്തായിൽ ദൈവത്തെ വിളിച്ചു കരഞ്ഞ യേശുനാഥന്റെ സഹനത്തിന്റെ പാത ഓരോ ആശങ്കമനസുകളെയും ആശ്വസിപ്പിക്കുകയാണ്. എല്ലായ്പ്പോഴും ദുഖിക്കേണ്ടതില്ലെന്നും പ്രത്യാശയുടെ ദിനം വന്നു ചേരുമെന്നും ഈസ്റ്റർ നമ്മെ ഓർമ്മിപ്പിക്കുന്നു. അപരൻ്റെ സങ്കടങ്ങളെ നെഞ്ചോട് ചേർത്ത് സാന്ത്വനം പകരുന്ന, സന്തോഷങ്ങളിൽ ഒപ്പം ചേർന്ന് സ്നേഹം പങ്കുവെക്കുന്ന സാമുഹികാടിത്തറയ്ക്ക് ശക്തി പകരുക. എങ്കിലേ ഈസ്റ്റർ അർത്ഥപൂർണ്ണമാകൂ…

error: