Editorial

എന്തിനാണീ വനംവകുപ്പ് ?

വീണ്ടും ഒരു വന്യജീവി ഒരു ജീവനെടുത്തിരിക്കുന്നു, നിർദാക്ഷിണ്യം. ആനയും പുലിയും കടുവയും കാട്ടുപന്നിയും മനുഷ്യജീവനുകളെടുക്കുന്നതിന്റെ എണ്ണം കുതിച്ചുയരുകയാണ്. ഏറ്റവും ഒ‌ടുവിലത്തേതാണ് ഇന്നലെ മലപ്പുറം കാളികാവിൽ തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ച് കൊലപ്പെടുത്തുന്നത്.
ടാപ്പിംഗ് തൊഴിലാളിയായ ഗഫൂർ കൊല്ലപ്പെട്ടത് അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്. നിരവധിയായ മനുഷ്യ ജീവനുകൾ മറ്റ് ഭൗതിക വസ്തുക്കൾ, കൃഷി അടക്കം സമസ്ത പരിസരങ്ങളെയും നാശോമുഖമാക്കി. എന്നിട്ടും ഈ മഹാദുരന്തത്തിന് അറുതി വരുത്താൻ എന്തു കൊണ്ട് കഴിയുന്നില്ല. എന്തിനാണ് വനംവകുപ്പ് എന്നൊന്ന് എന്ന് ജനങ്ങൾ ചോദിക്കാൻ നിർബന്ധിതമാവുകയാണ്.
ഗഫൂറിനെ പുലി പിടിച്ചു കൊണ്ടു പോവുന്നത് കൂടെ തൊഴിൽ ചെയ്തിരുന്ന തൊഴിലാളി കണ്ടത് കൊണ്ട് മാത്രമാണ് പെട്ടെന്ന് കണ്ടെത്താൻ കഴിഞ്ഞത്. വ്യാഴാഴ്ച്ച പുലർച്ചെയാണ് നാടിനെ നടുക്കിയ അതി ദാരുണമായ സംഭവം ഉണ്ടായത്. എന്താണ് ഇതിന് പ്രതിവിധിയെന്ന് ഉടൻ തന്നെ അടിയന്തരമായി കേന്ദ്ര- സംസ്ഥാന സർക്കാരുകളും പൊതു സമൂഹവും തീരുമാനിക്കണം. ഇല്ലെങ്കിൽ നടക്കാനിരിക്കുന്നത് പ്രതീക്ഷിക്കുന്നതിനെക്കാൾ അപ്പുറമുള്ള മഹാവിപത്ത് ആയിരിക്കും.
ഗഫൂറിനെ പുലി പിടിച്ചത് കണ്ടെത്താനെത്തിയ പൊലീസ്, വാഹന സൗകര്യം ഇല്ലാത്തതുകൊണ്ട് കാൽ നടയായാണ് സ്ഥലത്തേക്ക് എത്തിയത്. വനാതിർത്തിയിലേക്ക് യാത്ര സൗകര്യം പോലും ലഭ്യമല്ലായെന്ന് കാണുമ്പോൾ വളരെ മേശമാണ് വനം വകുപ്പിൻ്റെ നിർവ്വഹണ സംവിധാനങ്ങളെന്നത് വ്യക്തമാണ്. അടിസ്ഥാന സൗകര്യങ്ങൾ അനുവദിക്കാതെയെങ്ങനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഈ പ്രതികൂല സാഹചര്യത്തെ നേരിട്ട് ജനങ്ങളെ സംരക്ഷിക്കുക.
വന്യമൃഗങ്ങളുടെ വിഹാരത്തിന് അനുയോജ്യമായ സ്വാഭാവിക വനങ്ങളുടെ നശീകരണങ്ങളാണ് മൃഗങ്ങൾ റോഡിലേക്ക് ഇറങ്ങുന്നതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വയനാട് മേഖലയിൽ കാടുകളിൽ മൂന്നിൽ ഒരു ശതമാനം മാത്രമേ ഉള്ളൂ. മറ്റ് പ്രദേശങ്ങളിൽ അധിനിവേശ സസ്യങ്ങൾ നിറഞ്ഞു നിൽക്കുന്നതിനാൽ വന്യജീവികൾക്ക് ഭക്ഷണം കിട്ടാതെ വരുകയാണ്. അതോടൊപ്പം തന്നെ വനത്തിനുള്ളിലും വനാതിർത്തികളിലുമായി പ്രകൃതിയുടെ ജൈവികത തകർക്കുന്ന ടൂറിസം പദ്ധതികൾക്ക് കർശനമായ നിയന്ത്രണം ആവശ്യമാണ്.
അർദ്ധരാത്രി കെ.എസ്.ആർ.ടി.സി. യുടെ കാനന സവാരി ഉൾവനങ്ങളിലൂടെയായതിനാൽ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ സമ്പൂർണമായി ഇത് ഇല്ലാതാക്കുന്ന വിധത്തിലാണ്. കേരളത്തിലെ വനമേഖലയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കമ്മ്യൂണിറ്റി ഗാർഡിംഗ് നടപ്പാക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ വലിയ രീതിയിൽ സഹായിക്കും.
ശമ്പളത്തോട് കൂടി വനാതിർത്തികളിൽ കാവലിന് ഉദ്യോഗസ്ഥരെ നിയമിച്ചാൽ വനം വകുപ്പ് വിവരങ്ങൾ കൃത്യമായി വിനിമയം ചെയ്യപ്പെടും. വനത്തിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന മൃഗങ്ങളെ വനാതിർത്തികളിൽ തന്നെ പ്രതിരോധകോട്ടകൾ ഉയർത്തി നേരിടാൻ തയ്യാറാകണം. അത്യാധുനിക ലേസർ ലൈറ്റ് സംവിധാനങ്ങളും ഒപ്പം സോളാർ ഫെൻസിങ് സംവിധാനങ്ങളും റെയിൽ ഫെൻസിങ്ങും തകർന്നാൽ ശരവേഗത്താൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം. ഓരോ മിനിറ്റിനും ഓരോ ജീവൻ്റെ വിലയുണ്ട്.
വനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വനത്തിനായി ചെലവഴിച്ചാൽ ഇത്തരം കാലാനുസൃതവും അനിവാര്യവുമായ മാറ്റങ്ങൾ നടപ്പാക്കാവുന്നതാണ്. ജനങ്ങളുടെ ജീവനും ജീവിതത്തിനും അക്കങ്ങൾ കൊണ്ട് വിലയിടുന്നത് ജനാധിപത്യത്തിന്റെ ആശയത്തിന് എതിരാണ്. രോഗത്തെയും രോഗ കാരണത്തെയും തിരിച്ചറിഞ്ഞിട്ടും വൈദ്യൻ മേൽപ്പോട്ട് നോക്കിയിരുന്നാൽ ആകാശം മാത്രമെ കാണൂ.. താഴെ മനുഷ്യർ ആരും ഉണ്ടാവില്ല…

error: