മുഖ്യമന്ത്രീ, അങ്ങയുടെ കീഴിലാണിത്
ദലിത് യുവതിയെ മോഷണക്കുറ്റം ആരോപിച്ച് 20 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ മൃഗീയമായി തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണ്. കവടിയാറിൽ ബിന്ദു വീട്ടുവേല ചെയ്യുന്ന വീട്ടിലെ സ്വർണ മാല നഷ്ടപ്പെട്ടതിൻ്റെ സംശയത്തിലാണ് പൊലീസ് ബിന്ദുവിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്നത്. ചോദ്യം ചെയ്യലിൽ മാലയെടുത്തിട്ടില്ലെന്ന് ഞാൻ കാലുപിടിച്ച് പറഞ്ഞിട്ടും കേട്ടില്ല ഒടുവിൽ വീട്ടിലുള്ള പെൺമക്കളെ കേസിൽ പ്രതിയാക്കുമെന്ന് പൊലീസ് അകാരണമായി ഭീഷണിപ്പെടുത്തിയപ്പോളാണ് താൻ കുറ്റം ഏറ്റെടുത്തത് എന്ന് ഒരു സ്ത്രീയ്ക്ക് പറയേണ്ടി വരുമ്പോൾ എത്രത്തോളം ഭീകരവും മൃഗീയവുമായ അപമാനത്തെയും ആത്മസംഘർഷത്തെയുമാണ് അവർ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവുക.
പൊലീസിന് തമിഴിൽ കാവൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇവിടെ നേരെ തിരിച്ചാണ്. മാല മോഷ്ടിച്ചുവെന്ന പരാതി ലഭിച്ചതോടെ ജാതിയും മതവും കുലവും നിറവും നോക്കി പ്രതികളെ കണ്ടെത്താൻ ഈ എമാന്മാർക്ക് ട്രെയിനിംഗ് നൽകിയിരിക്കുന്നത് ഏത് പൊലീസ് ക്യാമ്പിലാണ്. ഒരു പ്രതിയെ അറസ്റ്റ് ചെയ്താൽ അതും വനിതയെയാണ് കസ്റ്റഡിയിൽ എടുത്തെങ്കിൽ നിയമപരമായും സാമാന്യയുക്തിയ്ക്ക് അനുസരിച്ചും ചെയ്യേണ്ട കാര്യങ്ങളുണ്ട്. അത് ഒന്നും ഇവിടെ പേരൂർക്കട പൊലീസ് ചെയ്തിട്ടില്ല.
അറസ്റ്റ് വിവരം ബന്ധുക്കളെ അറിയിക്കാതെ മറച്ചു വെയ്ക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണ് പോലീസ് നടത്തിയത്. വരേണ്ട നേരം കഴിഞ്ഞിട്ടും അമ്മയെ കാണാതെ ആ മക്കൾ അനുഭവിച്ച സങ്കടത്തിന് കേരളത്തിലെ പൊലീസ് സേന ഒന്നടങ്കം മാപ്പ് പറയണം. 20 മണിക്കൂർ സ്റ്റേഷനിൽ ചെലവഴിച്ച ബിന്ദു, ദാഹിച്ചപ്പോൾ വെള്ളം ചോദിച്ചതിന് ശുചിമുറിയിലെ ബക്കറ്റിൽ നിന്നും വേണമെങ്കിൽ കുടിച്ചോളാൻ പറയാൻ കാക്കിയിട്ട ഗുണ്ടകൾക്ക് ആരാണ് അവകാശവും അധികാരവും നൽകിയത്. രാപ്പകൽ ഭേദമില്ലാതെ അധ്വാനിക്കുന്നവൻ്റെ നികുതിപ്പണം കൊണ്ട് ജീവിച്ച് അവരുടെ നെഞ്ചത്ത് തന്നെ പാസിംഗ് ഔട്ട് പാരേഡ് നടത്താൻ ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ മാനവ സമൂഹം അനുവദിക്കില്ല.
ജനമൈത്രി പൊലീസ്, ജനകീയ പൊലീസ് എന്നൊക്കെയുള്ള വാക്കുകൾ പൊലീസിനെ അപമാനിക്കുന്നതാണ്. നീതി തേടി വരുന്നവനെ ചേർത്ത് പിടിക്കേണ്ടവർ അവരുടെ കഴുത്ത് അറക്കുകയാണ് ഇവിടെ. ഇതാണോ സാറുമാരെ നിങ്ങൾ പറഞ്ഞ ജനമൈത്രി, ജനകീയ പൊലീസ്. പ്രബുദ്ധ കേരളത്തിൻ്റെ ഹൃദയത്തിലാണ് നിറത്തിൻ്റെ പേരിൽ സ്ത്രീ വേട്ടയാടപ്പെട്ടത്. ദലിത് മുന്നേറ്റങ്ങളുടെ രണസ്മരണകൾ കത്തി ജ്വലിക്കുന്ന മണ്ണിൽ വീണ ബിന്ദുവിൻ്റെയും കുടുംബത്തിൻ്റെയും കണ്ണീരിന് കാലം കണക്ക് ചോദിക്കുമെന്നുറുപ്പ്. അരികുവത്കരിക്കപ്പെട്ടവരുടെ സങ്കടങ്ങൾക്ക് ഒപ്പം നിന്ന പാർട്ടിയുടെ ഭരണത്തിൽ ഇത്രയും ക്രൂരമായ ബ്യുറോക്രസി അഴിഞ്ഞാട്ടം നടത്തിയത് സർക്കാർ നോക്കി നിൽക്കുന്നത് ശരിയല്ല. കേവലമായ വകുപ്പ് തല നടപടികൾക്കപ്പുറം മാതൃകപരവും ചരിത്രപരവുമായ നടപടിയും ഇടപെടലുമാണ് അഞ്ചാം വാർഷികത്തിൽ സർക്കാർ കൈ കൊള്ളേണ്ടത്.
സാമൂഹികവും സാംസ്കാരിവുമായ കേരളം കൈവരിച്ചുവെന്ന് അവകാശപ്പെടുന്ന മൂല്യങ്ങളെയും നേട്ടങ്ങളെയും പരസ്യമായി ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സംസ്ഥാനത്തിൻ്റെ അഡ്മിനിസ്ട്രേറ്റീവ് ചീഫ് ആയ ശാരദാ മുരളീധരന് നിറത്തിൻ്റെ പേരിൽ നേരിടേണ്ടി വന്ന വിവേചനത്തിൻ്റെ ആഘാതം ഉണങ്ങുന്നതിന് മുമ്പാണ് ഈ സംഭവം. അതും വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് എസ്.സി എസ്.ടി ഓ.ബി.സി സംഗമത്തിലടക്കം പങ്കെടുത്ത് പിന്നോക്ക ജനവിഭാഗത്തിന് പിന്തുന്ന പ്രഖ്യാപിക്കുമ്പോൾ പുറത്ത് വരുന്നത്.
ഏപ്രിൽ 23ന് നാടിനെ നടുക്കിയ ഒന്നടങ്കം തലകുനിക്കുന്ന സംഭവം ഉണ്ടായത്. എന്നാൽ ഏതാനും ദിവസങ്ങളായി പൊതുമേഖലയിൽ നിന്ന് ഉയർന്ന സമ്മർദമാണ് ഉദ്യോഗസ്ഥരിലേക്കുള്ള സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നയിച്ചിരിക്കുന്നത്. അതിസമ്പന്നരായ സമൂഹത്തിനുമുന്നിൽ ഞൊടിയിടയിൽ നിയമം വാതിൽ തുറക്കുമ്പോൾ സാധാരണക്കാരന് മുന്നിൽ കാണിക്കുന്ന ഇഴഞ്ഞ സമീപനം ഇരട്ട നീതിയാണ്.
ലോകമെമ്പാടുമുള്ള മലയാളികൾ വിട്ടുമാറാത്ത ഞെട്ടലോടെയാണ് ബിന്ദുവിനുണ്ടായ ദുരവസ്ഥയോട് പ്രതികരിക്കുന്നതും പ്രതിഷേധം രേഖപ്പെടുത്തുന്നതും. ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. കേരളത്തിലെ മുഴുവൻ ജില്ലകളിലും ഇന്ത്യ ഒട്ടാകെയും വേദനിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്ന ശബ്ദമില്ലാത്തവരുടെ ശബ്ദം പുറത്തു വരണം. അവർക്കും നീതി ലഭിക്കണം. നവോഥാന പോരാട്ടങ്ങളുടെ വീര്യവുമായി പുതിയ കാലത്തിന്റെ ഭൂമികയിൽ അനിവാര്യമാകുന്നു, കാലമാവശ്യപ്പെടുന്നു രണ്ടാം സാമൂഹ്യ മുന്നേറ്റം.