നമ്മുടെ കുരുന്നുകൾക്ക് എവിടമാണ് സുരക്ഷിതം
മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച പുത്തൻകുരിശ് നാലു വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പുതിയ വിവരങ്ങൾ കേട്ടവരെല്ലാം അമ്പരപ്പിലാണ്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുട്ടി അതിക്രൂരമായ, നിരന്തര പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. എത്ര ക്രൂരമാണത്. നാല് വയസുള്ള പനിനീർ, കളിചിരികൾ കൊഞ്ചലുകൾ… നിറയുന്ന മുഖത്തിനകത്ത് എത്ര നീറ്റലനുഭവിച്ചിട്ടുണ്ടാകുമെന്ന് ഊഹിക്കാനാവുന്നില്ല. അതിന് ഉത്തരവാദിയാവുന്നതോ, രക്ഷിതാവിനോളം പ്രാധാന്യമുള്ള അത്രമേൽ വാത്സല്യം പകരേണ്ട ബന്ധുവാണെന്നത് ആ ക്രൂരതയുടെ ആഴമേറ്റുന്നു.
തിങ്കളാഴ്ചയാണ് അംഗനവാടിയിൽ നിന്നും കുഞ്ഞിനെയെടുത്ത അമ്മ പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ പുഴയിലേക്ക് എറിഞ്ഞു കൊന്നത്. രാവേറി പൊലീസിന്റെ ചോദ്യങ്ങളിൽ കുരുങ്ങിയ ഒരു മറുപടിയാണ് പിന്നീട് പുഴയാഴങ്ങളിലേക്ക് ആ കുരുന്നിനെ വലിച്ചെറിഞ്ഞെന്ന നിർണായക തുമ്പ് കിട്ടിയത്. പാതിരാവിലും ഒട്ടും പാഴാക്കാതെ പറഞ്ഞ മറുപടിയിൽ അവ്യക്തതകൾ ഏറെയുണ്ടായിട്ടും കുത്തിയൊഴുകുന്ന പുഴയിൽ തെരച്ചിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
പുലർച്ചെ 2.15 ഓടെയാണ് പൊലിഞ്ഞു പോയ ആ പനിനീർപൂവിന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ആ അമ്മയോട് മനസാക്ഷിയുള്ളവർക്കെല്ലാം തോന്നിയ വികാരം ഒന്ന് മാത്രമായിരിക്കും. അപ്പോഴും ഒരു സംശയം ബാക്കിവെച്ചു. എന്തിനും ഒരു കാരണമുണ്ടാവണമല്ലോ? അത് അന്വേഷിക്കുകയായിരുന്നു പൊലീസ്. ഡോക്ടർമാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകൾ, വീട്ടുപരിസരത്ത് നിന്നും ലഭിച്ച നിർണായക വിവരങ്ങൾ, പൊലീസിന് വൈകിയില്ല, ആ ക്രൂരനിലേക്ക് എത്താൻ.
ചോദ്യം ചെയ്യലിൽ മണിക്കൂറിനുള്ളിൽ തന്റെ ക്രൂരതയെ കുറിച്ച് വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ആ കുരുന്ന് പൂവിന്റെ മൃതശരീരം വീട്ടുമുറ്റത്ത് വെച്ചപ്പോൾ നെഞ്ച് പൊട്ടിയ നിലവിളിയുണ്ടായത് ആത്മാർഥമായിട്ടായിരുന്നുവെന്നായിരുന്നു കരുതിയത്. അതല്ലെന്ന് വേണം മനസിലാക്കാൻ. വീടിനുള്ളിൽ വച്ച് തന്നെയാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഈ നാടിന് ഇത് എന്താണ് സംഭവിച്ചത്? എങ്ങനെ ഇത്ര ക്രൂരവും നിഷ്ഠൂരവും ആയി ഒരു പിഞ്ചു ബാല്യത്തോട് പെരുമാറാൻ കഴിയുന്നത്. ലാളിച്ചും ഓമനിച്ചും കുസൃതി കുറുമ്പുകൾക്ക് കൂട്ടുനിന്നും താരാട്ടു പാടി സ്നേഹിക്കേണ്ടവർ തന്നെ ദുഷ്ട മനസ്സോടെ ദേഹത്തു തൊടുമ്പോൾ ആ പിഞ്ചു കുഞ്ഞ് എത്ര മാത്രം പ്രയാസപ്പെട്ടു കാണുമെന്ന് ഓർക്കാൻ കൂടി വയ്യ… മാനവ സമൂഹം അത്രമേൽ അധഃപതിച്ചിരിക്കുന്നുവെന്നാണ്
പറയേണ്ടിയിരിക്കുന്നത്.
കളി ചിരികൾ നിറയേണ്ട വീട്ടകങ്ങളിൽ കുഞ്ഞുങ്ങൾ സുരക്ഷിതരല്ല. ഉറ്റവരും ഉടയവരും മക്കളാണെന്ന് പലപ്പോഴും മറക്കുന്നു. സ്വന്തം ചോരയോടും പോലും ലൈംഗികാതിക്രമം നടത്തുന്ന പൈശാചിക മനസ്സുകൾക്ക് തക്കതായ ശിക്ഷ വേണം. ഇനിയും പ്രായഭേദമെന്യെ ലിംഗ ഭേദമന്യേ കുട്ടികൾ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും മുന്നിൽ കേരളം കണ്ണടയ്ക്കരുത്. ജീവിത തിരക്കുകൾക്കിടയിൽ അവരെ കൂടി ചേർത്ത് പിടിച്ചു വേണം മൂന്നോട്ട് പോകാൻ. മക്കൾക്ക് വേണ്ടിയാണ് ഈ ഓടുന്നതെന്ന് പറയുന്നവരെ കാണാറുണ്ട്. പക്ഷേ, ഓട്ടം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ മക്കൾ ഉണ്ടാവണം. അവർക്ക് സുരക്ഷിതത്വം വേണം.