നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 3ന് നടത്താൻ സുപ്രീം കോടതിയിൽ അനുമതി തേടി എൻബിഇ
ന്യൂഡൽഹി(New Delhi): നീറ്റ് പിജി 2025 പരീക്ഷ ഓഗസ്റ്റ് 3ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്താൻ സുപ്രീം കോടതിയിൽ അനുമതി തേടി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS).
മുമ്പ് നിശ്ചയിച്ചിരുന്ന ജൂൺ 15ന് പരീക്ഷ നടത്താനുള്ള നീക്കം സുപ്രീം കോടതി തടഞ്ഞതിനെ തുടർന്ന് പുതിയ തീയതി നിർദേശിച്ചാണ് എൻബിഇ സുപ്രീം കോടതിയെ സമീപിച്ചത്. രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടത്താനായിരുന്നു ആദ്യം തീരുമാനം. എന്നാൽ
രണ്ടു സെഷനുകളിലായി പരീക്ഷ നടത്തുന്നത് ആശങ്കയുണ്ടാക്കുമെന്നും ഏകദേശ 2.42 ലക്ഷം ഉദ്യോഗാർഥികൾ പങ്കെടുക്കുന്ന സാഹചര്യത്തിൽ എല്ലാവർക്കും തുല്യ അവസരം നൽകണമെന്നും കോടതി നിർദേശിച്ചു.
പരീക്ഷ ഒരു സമയത്ത് നടത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ഡോക്ടർസ് ഫ്രണ്ട് സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഇടപെടൽ. എൻബിഇ വിശദീകരണം സമർപ്പിക്കണമെന്ന് കോടതി നിർദേശിക്കുകയും ചെയ്തിരിക്കുകയായിരുന്നു. പരീക്ഷാ ഷെഡ്യൂളിനെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും ഉദ്യോഗാർഥികൾ NBEMS ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
Highlights: NBE seeks Supreme Court’s permission to conduct NEET PG exam on August 3