ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, പിഎച്ച്.ഡി
റാഞ്ചി: കേന്ദ്ര സർക്കാറിന് കീഴിൽ റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി 2025 വർഷം നടത്തുന്ന വിവിധ പോസ്റ്റ് ഗ്രാജ്വേറ്റ്/ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനം നേടാം. റാഞ്ചി സർവകലാശാലയാണ് ബിരുദം/ഡിപ്ലോമ സമ്മാനിക്കുന്നത്. കോഴ്സുകൾ: പിഎച്ച്.ഡി-ക്ലിനിക്കൽ സൈക്കോളജി, രണ്ടുവർഷം, സീറ്റ് നാല്.
യോഗ്യത: എം.ഫിൽ (മെഡിക്കൽ ആൻഡ് സോഷ്യൽ സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി).എം.ഫിൽ-ക്ലിനിക്കൽ സൈക്കോളജി, രണ്ടുവർഷം, സീറ്റുകൾ 21. യോഗ്യത: എം.എ/എം.എസ്സി (സൈക്കോളജി) 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. എം.ഫിൽ-സൈക്യാട്രിക് സോഷ്യൽ വർക്ക്, രണ്ടുവർഷം, സീറ്റ് 15. യോഗ്യത: എം.എസ്.ഡബ്ല്യൂ 55 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം.എം.ഫിൽ കോഴ്സുകളിൽ അപേക്ഷിക്കുന്നതിന് എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് യോഗ്യതാ പരീക്ഷക്ക് മൊത്തം 50 ശതമാനം മാർക്ക് മതി. എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ സ്കോളർഷിപ് ലഭിക്കും. ഡിപ്ലോമ ഇൻ സൈക്ര്യാട്രിക് നഴ്സിങ് ഒരുവർഷം, സീറ്റ് 23. യോഗ്യത: ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറിയിൽ ഡിപ്ലോമ അല്ലെങ്കിൽ ‘എ’ ഗ്രേഡ് സർട്ടിഫിക്കറ്റ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 2500 രൂപ സ്കോളർഷിപ് നൽകും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cipranchi.nic.inൽ.
ഏപ്രിൽ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ/പരീക്ഷാഫീസ്-ജനറൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപ. ഒ.ബി.സി/എസ്.സി/എസ്.ടി വിഭാഗത്തിന് 500 രൂപ. ട്രാൻസാക്ഷനൽ ചാർജ് കൂടി നൽകേണ്ടിവരും. പ്രോസ്പെക്ടസ് വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. തെരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത അഖിലേന്ത്യാ ഓൺലൈൻ ടെസ്റ്റ് ഏപ്രിൽ 27ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, റാഞ്ചി, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, അഹ്മദാബാദ് കേന്ദ്രങ്ങളിൽ നടത്തും. ‘ഇന്റർവ്യൂ/പ്രാക്ടിക്കൽ’ റാഞ്ചിയിൽ മേയ് 13നും 15നും മധ്യേ. കോഴ്സുകളിൽ ചേരുന്നതിനുള്ള അവസാന തീയതി ജൂൺ 30.
Highlights: M.Phil, Ph.D. in Clinical Psychology admission