Entertainment

സിത്താരെ സമീൻ പര്‍; 125 കോടി ഓഫര്‍ വേണ്ടെന്ന് വെച്ച് ആമിര്‍ ഖാൻ

ബോളിവുഡ് നടൻ ആമിര്‍ ഖാൻ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് സിത്താരെ സമീൻ പര്‍. ചിത്രത്തിന്റെ ഡയറക്ട് ഒടിടി റിലീസിനായി താരത്തെ നെറ്റ്ഫ്ലിക്സ് സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 125 കോടിയാണ് നെറ്റ്ഫ്ലിക്സ് റൈറ്റ്‍സിനായി താരത്തിന് ഓഫര്‍ ചെയ്തത്. എന്നാൽ ഈ ഓഫര്‍ ആമിര്‍ ഖാൻ നിരസിച്ചുവെന്നും സിത്താരെ സമീൻ പര്‍ ജൂണ്‍ 20ന് തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തില്‍ നടൻ ഉറച്ചുനില്‍ക്കുകയാണെന്നുമാണ് റിപ്പോർട്ട്. ഇത് നടന്റെ ആത്മവിശ്വാസത്തെയാണ് ധ്വനിപ്പിക്കുന്നതെന്നാണ് ആരാധകരുടെ കമന്റുകള്‍. താരെ സമീൻ പറില്‍ നായകനായ താരം ദര്‍ശീല്‍ സഫാരി ആമിര്‍ ഖാൻ ചിത്രത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

സിത്താരെ സമീൻ പര്‍ മനോഹരമായ സിനിമയായിരിക്കും എന്ന് ദര്‍ശീല്‍ സഫാരി വ്യക്തമാക്കി. താരേ സമീൻ പറിന്റെ കഥയും സംവിധാനവും ആമിര്‍ ഖാനായിരുന്നു. നിര്‍മാണവും ആമിര്‍ ഖാനായിരുന്നു. എന്നാല്‍ സിത്താരെ സമീൻ പർ സംവിധാനം ചെയ്യുന്നത് ആര്‍ എസ് പ്രസന്നയാണ്. സിത്താരെ സമീൻ പര്‍ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ഹിന്ദി റീമേക്കായി ഒരുക്കുന്നതാണെങ്കിലും താരെ സമീൻ പറിന്റെ തുടര്‍ച്ചയെന്നോണമാണ് തിയറ്ററുകളില്‍ എത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആമിര്‍ നായകനായി അടുത്തിടെ പ്രദര്‍ശനത്തിന് വന്ന ചിത്രം ലാല്‍ സിംഗ് ഛദ്ധ പരാജയപ്പെട്ടിരുന്നു. ലാല്‍ സിംഗ് ഛദ്ധ സിനിമയിലെ തന്റെ പ്രകടനം മോശമായിരുന്നുവെന്ന് നടൻ ആമിര്‍ ഖാനും സമ്മതിച്ചിരുന്നു.

അതുകൊണ്ടാണ് ജനങ്ങള്‍ക്ക് ഇഷ്‍ടമാകാതിരുന്നത്. സിത്താരെ സമീൻ പറില്‍ താൻ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട് എന്നും ഒരു മികച്ച ചിത്രമായിരിക്കും എന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. ടോം ഹാങ്ക്‍സിന്റെ ‘ഫോറസ്റ്റ് ഗംപ്’ സിനിമയുടെ ഹിന്ദി റീമേക്കാണ് ‘ലാല്‍ സിംഗ് ഛദ്ധ’. 1994ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹോളിവുഡ് ചിത്രം വൻ ഹിറ്റായിരുന്നു. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് അദ്വൈത് ചന്ദ്രനായിരുന്നു. ലാല്‍ സിംഗ് ഛദ്ദയുടെ സംഗീത സംവിധാനം പ്രിതമായിരുന്നു. ആമിര്‍ ഖാൻ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സത്യജിത്ത് പാണ്ഡെയാണ്. ചിത്രത്തില്‍ പല പ്രായങ്ങളിലുള്ള കഥാപാത്രമായി ആമിറെത്തിയിരുന്നു.

Highlights: Aamir Khan rejects Rs 125 crore offer for Sitare Zameen Par

error: