കേരളത്തിൽ ഇന്ന് വൈകുന്നേരം മഴ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ കൂടുതൽ ജില്ലകളിൽ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് (2025 മാർച്ച് 16) കൂടുതൽ പ്രദേശങ്ങളിൽ ഇടി, മിന്നൽ, മഴ സാധ്യതയുണ്ടെന്നും അറിയിച്ചു. തുടക്കത്തിൽ മധ്യ, തെക്കൻ ജില്ലകളിലും വൈകുന്നേരം അല്ലെങ്കിൽ രാത്രിയോടെ വടക്കൻ ജില്ലകളിലും മഴ പെയ്തേക്കും. തുടർന്നുള്ള ദിവസങ്ങളിലും പലയിടങ്ങളിലായി ഉച്ചക്ക് ശേഷമോ രാത്രിയോ മഴ പെയ്തേക്കും. മാർച്ച് 20 വരെ മിക്ക ജില്ലകളിലും വേനൽമഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. പാലക്കാട് ജില്ലയിൽ 38°C വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും; കൊല്ലം, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.