HighlightsKerala

കണക്ട് വിത് കളക്ടർ; ആദ്യ ദിനം 300 പരാതികൾ

ഇടുക്കി(IDUKKI): ‘കണക്ട് വിത് കളക്ടർ’ എന്ന പരിപാടിയിൽ ആദ്യ ആഴ്ചയിൽ 300 പരാതികൾ ലഭിച്ചെന്ന് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി. എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതൽ 7 വരെ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കമന്‍റുകളായി പരാതികൾ ഉന്നയിക്കാം. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് കളക്ടറെ നേരിട്ട് കാണാതെ തന്നെ പ്രശ്നങ്ങളും വികസന കാര്യങ്ങളും പങ്കുവെക്കാനുള്ള ലളിതമായ അവസരമാണിതെന്ന് കളക്ടർ പറഞ്ഞു.


ഓരോ ബുധനാഴ്ചയും വൈകിട്ട് 6 മണിക്ക് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കും. അതിന്റെ കമന്‍റായി പരാതികൾ, പ്രശ്നങ്ങൾ, നിർദേശങ്ങൾ എന്നിവ രേഖപ്പെടുത്താം. ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പരിഹാരം കാണുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു.
ആദ്യ ദിവസം ലഭിച്ച 300 സന്ദേശങ്ങൾ വ്യത്യസ്ത വിഷയങ്ങൾ ആയതിനാൽ ഓരോന്നും ആലോചിച്ചു പ്രതികരിക്കാൻ കുറച്ചു സമയം ആവശ്യമാണെന്ന് കളക്ടർ പറഞ്ഞു. അതിനാൽ അടുത്ത രണ്ട് ദിവസത്തിനകം സന്ദേശത്തിന് വ്യക്തിഗതമായി മറുപടി നൽകുമെന്നും കളക്ടർ ഉറപ്പ് നൽകി.


ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകലം കുറയ്ക്കാനും ഒരു പരാതി പോലും ശ്രദ്ധയിൽപെടാതെ പോകാതെ നോക്കാനും ജനസൗഹൃദ ഭരണത്തിന്റെ ഭാഗമാകാനുമാണ് ഈ പുതിയ തുടക്കമെന്ന് കളക്ടർ പറഞ്ഞു. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനുള്ള ഒരു മാധ്യമമായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പൊതുജന പരാതി പരിഹാര സംവിധാനത്തിൽ വാട്ട്‌സ്ആപ്പിനെ സംയോജിപ്പിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലാണെന്നും കളക്ടർ പറഞ്ഞു.

Highlights: Connect with Collector: First Day Receives 300 Complaints

error: