HighlightsInternational

യുഎസിന്റെ തന്ത്രങ്ങൾ വിലപ്പോകില്ല; ട്രംപിന് മറുപടിയുമായി ചൈന

ന്യൂഡൽഹി(NEW DELHI): യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപന്നങ്ങൾക്ക് 145 ശതമാനം തീരുവ ചുമത്തിയ ഡോണൾഡ് ട്രംപിന്റെ നടപടിയെ ഭയക്കുന്നില്ലെന്ന് ചൈന. യുഎസിന്റേത് ഏകപക്ഷീയമായ ഭീഷണിയാണെന്നും ഇതിനെ ചെറുക്കാൻ യൂറോപ്യൻ യൂണിയൻ തങ്ങളുമായി കൈകോർക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസുമായി ബെയ്ജിങിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇക്കാര്യം പറഞ്ഞത്. വ്യാപാര യുദ്ധം മറികടക്കാൻ ചൈനയുമായി സഹകരിക്കണമെന്ന് യൂറോപ്യൻ യൂണിയന് ഷി മുന്നറിയിപ്പ് നൽകിയതായും ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ പറഞ്ഞു.

‘‘ഏകപക്ഷീയമായ ഭീഷണിപ്പെടുത്തലിനെ സംയുക്തമായി ചെറുക്കണം. ഇത് രാജ്യാന്തര നീതിയുടെ സംരക്ഷണത്തിന് അനിവാര്യമാണ്. ചൈന ഈ യുദ്ധങ്ങൾ നടത്താൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അത് ഭയപ്പെടുന്നുമില്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ യുഎസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ ഇത്തരം പെരുമാറ്റങ്ങൾ അവസാനിപ്പിക്കണം. യുഎസിന്റെ ഈ തന്ത്രങ്ങൾ ചൈനയുടെ അടുത്ത് വിലപ്പോകില്ല.’’ – ചൈനീസ് വക്താവ് പറഞ്ഞു.

ചൈനയിൽനിന്ന് പ്രതിവർഷം 50 ബില്യൻ ഡോളറിന്റെ സാധനങ്ങളാണ് സ്പെയിൻ ഇറക്കുമതി ചെയ്യുന്നത്. വ്യാപാരത്തെച്ചൊല്ലിയുള്ള രാജ്യാന്തര തർക്കങ്ങൾ ചൈനയും യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിന് തടസമാകരുതെന്നാണ് സ്പെയിനിന്റെ നിലപാട്. ‘‘യുഎസ് ഒരു വ്യാപാര യുദ്ധത്തിന് ചൈനയെ നിർബന്ധിച്ചാൽ, ചൈന അവസാനം വരെ പോരാടും’’ – ചൈനീസ് വക്താവ് വ്യാഴാഴ്ച പറഞ്ഞു.

Highlights: US tactics won’t work; China responds to Trump

error: