അബ്ദുള്‍ റഹീമിന്റെ മോചനം ഇനിയും വൈകും; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി
റിയാദ്: സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം വൈകും. കേസ് വീണ്ടും കോടതി മാറ്റിവെച്ചു. ഒന്‍പതാം തവണയാണ് അബ്ദുല്‍ റഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍ കോടതി മാറ്റി വെക്കുന്നത്. ഏത് ദിവസത്തേക്കാണ് മാറ്റിയിരിക്കുന്നത് എന്ന വിവരം പിന്നാലെ അറിയിക്കുമെന്നാണ് വിവരം.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. അതേസമയം, കഴിഞ്ഞ ജൂലായ് മാസത്തില്‍ അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്ന വധശിക്ഷ കോടതി ഒഴിവാക്കിയിരുന്നു. ഇതി ജയില്‍ മോചനം സംബന്ധിച്ച വിധിയാണ് പുറപ്പെടുവിക്കാനുള്ളത്.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുന്നത്. വിചാരണക്കൊടുവില്‍ റിയാദിലെ കോടതി വധശിക്ഷയായിരുന്നു വിധിച്ചു. ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) മോചനദ്രവ്യം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കി നല്‍കിയത്. പൊതു അവകാശ പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാലാണ് മോചന ഉത്തരവ് നീളുന്നത്.